വിഷുരാത്രിയുടെ അടയാളങ്ങൾ
text_fieldsവിഷുവാണ് ഓണത്തെക്കാൾ കൂടുതലായി ഞങ്ങൾ കുട്ടികളെ ആകർഷിച്ചിരുന്നത്. അതിന്റെ പ്രധാന കാരണം വിഷു രാത്രിയുടെ ഉത്സവമായിരുന്നു എന്നതാണ്. വിഷുരാത്രിയുടെ ശബ്ദവും വെളിച്ചവും സംവിധാനം ചെയ്തിരുന്നത് ഞങ്ങൾ കുട്ടികളായിരുന്നു. തലങ്ങും വിലങ്ങും പൊട്ടിത്തെറിക്കുന്ന ഓലപ്പടക്കങ്ങൾ, ചിതറിത്തെറിക്കുന്ന തീത്തുള്ളികൾകൊണ്ട് രാത്രിക്ക് പുള്ളികുത്തുന്ന കമ്പിത്തിരികൾ, പാഞ്ഞുപോകുന്ന റോക്കറ്റുകൾ, തീയുടെ വസന്തകാലം എങ്ങനെയിരിക്കുമെന്ന് പൂത്തുമലർന്ന് കാണിച്ചുതരുന്ന മേശപ്പൂ, തീ കൊളുത്തിയാൽ ജീവിയായിത്തീരുന്ന തലച്ചക്രം, പാമ്പുഗുളിക, മത്താപ്പൂ... വിഷുവിന്റെ ജീവനും വഴിയും ഈ എരിഞ്ഞടങ്ങുന്ന ക്ഷണിക സൗന്ദര്യങ്ങളായിരുന്നു.
ഒരിക്കൽ ഞങ്ങൾ കുട്ടികൾ വിഷുവിനെ കനപ്പിക്കാൻ വിചാരിച്ചു. നൂറുകണക്കിന് ഓലപ്പടക്കങ്ങൾ ഒരു തെങ്ങിൻകുറ്റിയിലെ പോടിൽ നിറച്ചു. വെറുതെ നിറക്കുകയല്ല. ഇടിച്ചമർത്തി പരമാവധി സമ്മർദപ്പെടുത്തി. ഈ വിഷു ഞങ്ങളുടെ സംഘത്തിന്റേതാകും. മറ്റുള്ള കുട്ടിസംഘങ്ങളൊക്കെ നിഷ്പ്രഭരാകും. ഞങ്ങൾക്കുറപ്പായി. ഈ വിഷുരാത്രിയെ ഞങ്ങൾ പിളർക്കും.
തീ കൊളുത്തി. വിചാരിച്ചപോലെത്തന്നെ രാത്രി പിളർന്നു. അത്ര വലിയ പൊട്ടിത്തെറിയായിരുന്നു അത്. പക്ഷേ, ഞങ്ങളുടെ ശരീരത്തിന്റെ ശകലങ്ങളെയും അത് പിളർത്തി. ഇന്നും ആ രാത്രിയുടെ അടയാളങ്ങൾ ഞങ്ങളുടെ ശരീരം സൂക്ഷിക്കുന്നുണ്ട്. ഓരോ വിഷു രാത്രിയിലും പുതിയ ശബ്ദങ്ങളും വെളിച്ചങ്ങളും ഉണരുമ്പോൾ ഞങ്ങൾ ആ അടയാളങ്ങളിൽ കൈ തടവും. അറിയാതെ തന്നെ.