ബാല്യകൗതുകങ്ങളിലെ വിഷു
text_fieldsചീരയും വെള്ളരിയും മത്തനുമൊക്കെ സമൃദ്ധമായി വിളഞ്ഞുകിടക്കുന്ന ചൊരിമണൽ പാടം. പാടത്തേക്ക് നീളുന്ന പറമ്പിൽ പൂത്ത കൊന്നക്ക് കീഴെ വീണ പൂക്കൾക്കിടെ എന്റെ വിഷു പരന്നു കിടക്കുന്നു. വിഷുവിനൊപ്പം ഓർമകളും ഓളംവെട്ടിയെത്തും. വിരിഞ്ഞ മാവിൽ എറിഞ്ഞ് പഴമാങ്ങ വീഴ്ത്തിയും ആഞ്ഞലിക്കായ പറിച്ചും ബാല്യത്തിന്റെ മണം മുറ്റിയ വിഷുക്കാലം. വിഷുവിനാണ് പടക്കം പൊട്ടിക്കുന്നത്. വീടിനടുത്ത് അപ്പോൾ മാത്രം ഉണരുന്ന ഒരു പടക്കക്കടയുണ്ട്. ദിവസങ്ങള്‍ക്കു മുമ്പേ ആഞ്ഞലിത്തിരി കത്തിച്ച് ഓലപ്പടക്കം എറിയുന്നത് ബഹുരസമാണ്. കുട്ടിക്കാലത്തെ വിഷുവിന്റെ ഓർമകള്‍ ഇന്നുണ്ട്. നിറം മങ്ങിനരയ്ക്കുന്നില്ല. വളരുമ്പോള്‍ ഈ മധുരം കിട്ടുകയില്ലെന്ന് അന്ന് അറിഞ്ഞിരുന്നില്ല. വിഷുത്തലേന്ന് കൂടുതലും കാത്തിരുന്നിട്ടുള്ളത് അച്ഛന്റെ വരവിനായിട്ടാണ്. മാസത്തിലൊരിക്കലാണ് അച്ഛന്‍ ആലുവയിലെ ജോലിസ്ഥലത്തുനിന്നും വീട്ടില്‍ വരുന്നത്. ജങ്ഷനില്‍നിന്നും വാടകക്കെടുത്ത കാറിന്റെ മുകളില്‍ ഏത്തക്കുലയുമൊക്കെയായിട്ടാകും അച്ഛന്റെ വരവ്. അച്ഛന്റെ കുടുംബവീട് അടുത്താണ്. ബന്ധുക്കളൊക്കെ എത്തും. അച്ഛന്റെ കൈനീട്ടം.
അതൊരു നിധിയായിരുന്നു. കുട്ടികളായ ഞങ്ങൾ പലതവണ എണ്ണിത്തിട്ടപ്പെടുത്തുന്ന നിധി. എന്നിട്ടത് തലയണക്കീഴിൽ വെച്ചുകിടന്നുറങ്ങും. രാത്രി ഉറക്കത്തിൽ സ്വപ്നംപോലും കണ്ടിട്ടുണ്ട്; കൈനീട്ടം കള്ളൻ കൊണ്ടുപോകുന്നതായി. ഒരുപാട് അനന്തരവൻമാരും സുഹൃത്തുക്കളും അച്ഛന്‍ വരുമ്പോള്‍ വീടിന്റെ തെക്കേപ്പറമ്പില്‍ ഒത്തുകൂടും. പിന്നെ ചീട്ടുകളിയും ബഹളവുമൊക്കെയായിട്ട് ദിവസങ്ങൾ പോകും. ഞങ്ങള്‍ കൂട്ടുകാര്‍ കുട്ടിയും കോലും കളിച്ചും ഊഞ്ഞാലാടി തിമിർത്തും കുളത്തിൽ ചാടിയും ആർപ്പുവിളിച്ചും ബഹുരസമാകും.
വിഷുവിന്റെ തലേന്നു രാത്രി കിടന്നാല്‍ ഉറക്കം വരില്ല. രാവിലെ കണി കാണേണ്ട കാത്തിരിപ്പാണ്. അതിരാവിലെതന്നെ അമ്മ വിളിച്ചുണര്‍ത്തി കണ്ണുപൊത്തി ആദ്യം ചേട്ടനെ പിന്നെ ചേച്ചിയെ അവസാനം എന്നെയും കൊണ്ടുപോയി കണികാണിക്കും. ആരു വന്നാലും ഞാൻ കൈയിലാണ് നോക്കുക. കൈനീട്ടം കൈയിലുണ്ടോ! അമ്മൂമ്മയുടെ കൈപിടിച്ചു രാവിലെ അമ്പലത്തില്‍ പോകുന്നത് വിഷുവിന്റെ തണുത്ത ഓർമയാണ്. തേച്ചു മിനുക്കിയ ഓട്ടുരുളിയും ഉണക്കലരിയും നെല്ലും കണിവെള്ളരിയും ചെറിയചക്കയും മാങ്ങയും പഴവും വാല്‍ക്കണ്ണാടിയും കണിക്കൊന്നയും അലക്കിയ വസ്ത്രവും പുസ്തകവും കൺമഷിയും കുങ്കമച്ചെപ്പും വെറ്റിലയും അടക്കയും വെള്ളിനാണയവും സ്വർണവും നിറകിണ്ടിയും തേച്ചുമിനുക്കിയ നിലവിളക്കും കൃഷ്ണന്റെ പടവുമൊക്കെ അമ്മയുടെ വകയായി ഒരുക്കിയിട്ടുണ്ടാകും.
ഉച്ച മുതലേ പടക്കം പൊട്ടിക്കലാണ്. അയലത്തെ കൂട്ടുകാരികള്‍ക്ക് കല്ലിലിടിച്ച് പൊട്ടിക്കുന്ന പൊട്ടാസിനോടാണ് പ്രിയം. ചേട്ടന്മാര്‍ ഓലപ്പടക്കം കത്തിക്കും. കുടം കമഴ്ത്തിവെച്ചാണതു ചെയ്യുന്നത്. കമ്പിത്തിരിയും മത്താപ്പുമൊക്കെ രാത്രി വൈകിയും കത്തിക്കുമ്പോള്‍ കയറിവരാന്‍ അമ്മ വടിയെടുക്കും. കൂട്ടുകാർ ചിതറി ഓടും.
വിഷുവിന്റെയന്നുച്ചക്ക് പഴമാങ്ങ പുളിശ്ശേരി കൂട്ടിയുള്ള സദ്യയുടെ രസം നാവിലിപ്പോഴും ഊറിവരുന്നുണ്ട്. കൊയ്ത്തു കഴിഞ്ഞ് തെക്കെപ്പാടത്ത് നേരത്തേ ആദിത്യ പൂജ നടത്തുന്ന ദിവസമുണ്ട്. തലേന്നു മുതൽ നാടിന് ഉത്സവമാണ്. പാടത്തുതന്നെ കുളംകുഴിച്ച് അതിലെ വെള്ളമാണ് പൂജപ്പാടത്ത് ഉപയോഗിക്കുന്നത്. രാത്രി ഭജനയുണ്ടാകും. നാട്ടിലെ ആസ്ഥാനഗായകരുടെ കൂടെ അതിനിടയിലിരിക്കുമ്പോള്‍ പിടിയ്ക്കുന്ന താളം ഇപ്പോഴും കാതിലുണ്ട്. ചേട്ടന്റെ കൂടെ ചേര്‍ത്തല പാരഡൈസ് കൊട്ടകയിൽ സിനിമക്ക് പോകുമ്പോൾ കൊണ്ടുപോകുന്നത് കൈനീട്ടം കിട്ടിയ കാശ്. അകതാരിൽ ഇന്ന് കമ്പിത്തിരി കത്തുന്നു- ഓർമയിലെ മാലപ്പടക്കങ്ങള്‍.