സമൃദ്ധിയുടെ നിറവിൽ ഇന്ന് വിഷു
text_fieldsതിരുവനന്തപുരം: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നിറവിൽ ഇന്ന് വിഷു. കോവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷവും വിഷു അനാര്‍ഭാടമായാണ് കടന്നുപോയത്. അതിൽനിന്നെല്ലാം അകന്ന് ഇക്കുറി വിഷു കെങ്കേമമാക്കാനുള്ള അവസാന വട്ട തയാറെടുപ്പുകളിലായിരുന്നു വെള്ളിയാഴ്ച എല്ലാവരും.
വിപണിയിലും വലിയ തിരക്ക് അനുഭവപ്പെട്ടു. കണി സാധനങ്ങൾ വാങ്ങാനായിരുന്നു തിരക്കേറെയും. കൊന്നപ്പൂക്കളുടെ വിൽപനയും തകൃതിയായിരുന്നു. കൊന്നപ്പൂക്കൾ മാത്രമായും കണി സാധനങ്ങളെല്ലാം ഒന്നിച്ച് പാക്കറ്റായുമെല്ലാം നിരത്തുകളിൽ വിൽപനക്കുണ്ടായിരുന്നു. കണിവെള്ളരി, ഇടിച്ചക്ക, കണിക്കൊന്ന, കുലയോടുകൂടിയ മാങ്ങ എന്നിവ കൂട്ടത്തിലുണ്ടാകും. കണികണ്ടുണരാൻ കൃഷ്ണവിഗ്രങ്ങളും വിൽപനക്കെത്തിച്ചിരുന്നു.
ഇക്കുറി വിഷു വിപണിയിൽ പ്ലാസ്റ്റിക് കണിക്കൊന്നകളും ഉണ്ടായിരുന്നു. വിഷുവിന് ക്ഷേത്രങ്ങളില്‍ പതിവുള്ള പ്രകാരം വിഷുക്കണി വെക്കും. ശനിയാഴ്ച പുലർച്ച നടക്കുന്ന കണികാണലിന് എല്ലായിടത്തും ഭക്തരുടെ തിരക്കായിരിക്കും. മുതിര്‍ന്നവരും കുട്ടികളും പുലര്‍ച്ചക്ക് ഉണര്‍ന്ന് ദേഹശുദ്ധി വരുത്തി കണികാണും. പിന്നീട് മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് വിഷു കൈനീട്ടം നല്‍കും.
ക്ഷേത്രങ്ങളിലും കൈനീട്ടം നല്കുന്ന രീതി പതിവുണ്ട്. തെക്കന്‍ കേരളത്തില്‍ പടക്കം വിഷുവിന്റെ അത്യാവശ്യഘടകമല്ലെങ്കിലും പൂത്തിരിയും പടക്കവും കത്തിക്കുന്നത് ആഘോഷത്തിന്റെ ഭാഗമാണ്.
ഗവര്‍ണറും മുഖ്യമന്ത്രിയും വിഷു ആശംസിച്ചു
തിരുവനന്തപുരം: വിഷു പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങൾക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസ നേര്‍ന്നു. ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ സന്ദേശത്തിൽ അറിയിച്ചു.
വർഗീയതയും വിഭാഗീയതയും പരത്തി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേൽക്കാൻ ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ തുടങ്ങിയവരും ആശംസകൾ നേർന്നു