Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightVishuchevron_rightവെറുമൊരു...

വെറുമൊരു നാണയമായിരുന്നില്ല വിഷുക്കൈനീട്ടം

text_fields
bookmark_border
kanivellari
cancel
Listen to this Article

ഈ ജീവിത സായാഹ്നത്തിലും വിഷുവിനെക്കുറിച്ചോർക്കുമ്പോൾ സുന്ദരവും സുരഭിലവുമായ ഇന്നലെകളിലേക്ക് മനസ്സുപായുന്ന, ഓരോ വിഷുക്കാലവും അങ്ങേയറ്റം ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്ന ഒരു ബാലനായി മാറുന്നയാളാണ് ഞാൻ.

കുട്ടിക്കാലത്തെ വിഷുക്കാലം അമ്മയുടെ നാടായ ചേർത്തലയിലായിരുന്നു. നടൻ ജഗന്നാഥവർമയുൾപ്പെടെ ഒരുപാടുപേർ അന്നത്തെ ചങ്ങാത്തക്കൂട്ടത്തിലുണ്ടായിരുന്നു. 1936ലാണ് എന്റെ ജനനം. വിഷുവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമേറിയ കാര്യം വിഷുക്കൈനീട്ടമെന്ന പേരിൽ കിട്ടിക്കൊണ്ടിരുന്ന നാണയമാണ്. ബാർട്ടർ സമ്പ്രദായം ശക്തമായി തുടർന്നിരുന്ന കാലത്ത് ഞങ്ങൾക്ക് കുട്ടികൾക്ക് സ്വന്തമായി ചെലവഴിക്കാനും സൂക്ഷിക്കാനുമായി പണം കൈയിൽ കിട്ടുകയെന്നത് വലിയ സാമൂഹികപ്രസക്തിയുള്ള കാര്യംതന്നെയായിരുന്നു.

രാവിലെ വിഷുക്കണി കണ്ടുകഴിഞ്ഞാൽ പിന്നെ അടുത്തുള്ള രണ്ടു മൂന്ന് ബന്ധുവീടുകളിലെ കുട്ടികളെല്ലാം ചേർന്ന് കാത്തിരിപ്പാണ്, ആ കൈനീട്ടത്തിനായി. കുടുംബത്തിലെ മുതിർന്ന ഒരമ്മാവനും സഹായിയുമാണ് കൈനീട്ടം തരാനെത്തുന്നത്. അന്നത്തെ ഏറ്റവും വിലകുറഞ്ഞ തുകയാണ് ഞങ്ങൾക്കുതരുക, വെള്ളിനാണയമായിരുന്നു അത്. അന്ന് ബ്രിട്ടീഷ് നാണയവും തിരുവിതാംകൂർ സർക്കാറിന്റെ നാണയവും വെവ്വേറെയുണ്ടായിരുന്നു. അങ്ങനെ കിട്ടുന്ന തുകകൊണ്ട് ഇഷ്ടമുള്ളതു ചെയ്യാമെന്നിരിക്കിലും ജാതീയമായി ഉന്നതരായതിനാൽ പണവിനിമയത്തിൽ ഞങ്ങൾക്ക് ചില പരിമിതികളുണ്ടായിരുന്നു. അങ്ങനെ തോന്നിയിടത്തുചെന്ന് തോന്നിയതെല്ലാം വാങ്ങി കഴിക്കാനോ മറ്റോ പറ്റില്ലെന്നു ചുരുക്കം. കപ്പലണ്ടിയൊക്കെയായിരുന്നു ഞങ്ങൾ കാര്യമായി വാങ്ങിക്കഴിച്ചിരുന്നത്.

പടക്കം വാങ്ങാനുള്ള അനുമതിയുണ്ടെങ്കിലും മുത്തശ്ശി അത്യാവശ്യം പടക്കം വാങ്ങിവെച്ചിട്ടുള്ളതിനാൽ അതിനു മുതിരില്ല. ഞാനാണെങ്കിൽ അന്ന് എങ്ങനെയെങ്കിലും പണം മുഴുവൻ ചെലവഴിക്കാനുള്ള വഴികൾ തേടുകയായിരിക്കും. എന്റെ അനിയനാണെങ്കിലോ കിട്ടുന്നതെല്ലാം അമ്മക്കു കൊടുക്കും. എന്നിട്ട് തിരിച്ചുവാങ്ങുമ്പോ‍ൾ ഒരു ചക്രം കൂടുതൽ വാങ്ങും.

പിന്നീടുള്ള ജീവിതത്തിലുടനീളം സാമ്പത്തികമായി സ്വാധീനിച്ച ഒരു ഘടകമായിരുന്നു ആ വിഷുക്കൈനീട്ടം എന്ന് നിസ്സംശയം പറയാം. ഓരോ തലമുറയെയും പണത്തിന്റെ ക്രയവിക്രയങ്ങളുടെ ബാലപാഠം പഠിപ്പിക്കുന്ന ഈ ഒരാചാരം മറ്റെവിടെയെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. വിഷുക്കണി കാണുന്നതും രസകരമായ അനുഭവമായിരുന്നു. ഞങ്ങളുടെ മുത്തശ്ശി അംബാലിക തമ്പുരാട്ടിയാണ് കണിയൊരുക്കി വെക്കുക. മുത്തശ്ശിതന്നെ അതികാലത്ത് ഞങ്ങളെയെല്ലാം വിളിച്ചെണീപ്പിച്ച് കണ്ണുപൊത്തി കണികാണിക്കാൻ കൊണ്ടുപോവും. കണികാണും മുമ്പേ കൺതുറക്കാൻ പാടില്ലെന്ന ഉത്തരവൊന്നും കുട്ടികൾ പാലിച്ചിരുന്നില്ല, അല്ലെങ്കിൽ ഇടംകണ്ണിട്ടോ മുത്തശ്ശി കാണാതെ കൺതുറന്നോ ചുറ്റും നോക്കും. അന്നത്തെ കുസൃതി നിമിഷങ്ങളെ കുറിച്ചൊക്കെ ആലോചിക്കുമ്പോൾ ഇന്നും ഗൃഹാതുരത്വം ഉള്ളിൽ നിറഞ്ഞുതുളുമ്പുകയാണ്.

വിഷുസദ്യയിലെ പ്രധാനി പാൽപായസമായിരുന്നു, സദ്യയൊരുക്കുന്നതിലും മേൽനോട്ടം മുത്തശ്ശിയുടെ വകതന്നെ. അതുകഴിഞ്ഞാൽ പിന്നെ നാനാതരം വിഷുവിനോദങ്ങളിലേക്ക് മനസ്സും ശരീരവും പായും. അങ്ങനെയങ്ങനെ ഒരുപാടു ദിനങ്ങളിലെ കാത്തിരിപ്പിനൊടുവിൽ അങ്ങേയറ്റം സന്തോഷം നിറയുന്ന ഒരുദിവസം നമ്മുടെ കൺമുന്നിൽ മാഞ്ഞുപോകും. പിന്നെയുള്ള കാത്തിരിപ്പ് അടുത്ത വിഷുകാലത്തിനാണ്.

ഇന്നിപ്പോൾ കാലമെല്ലാം മാറി, വിഷുസദ്യയും കണിക്കൊന്നയുമെല്ലാം ഓൺലൈനായി ഓർഡർ ചെയ്ത് കാത്തിരിക്കുകയാണ് എല്ലാവരും. പുതുയുഗത്തിലാണെങ്കിലും രീതികൾ മാറിയെങ്കിലും ആഘോഷപ്പൊലിമ കുറഞ്ഞെങ്കിലും ആചാരങ്ങൾ തുടരാതിരിക്കാനാവില്ലല്ലോ...

Show Full Article
TAGS:vishu KL Mohanavarma 
News Summary - vishu memories- KL Mohanavarma
Next Story