സരിഗമ തീർത്ത സൗഹൃദങ്ങൾ; ഇന്ന് ലോക സൗഹൃദ ദിനം
text_fieldsഇ.വി. വത്സൻ മാഷും പ്രേംകുമാർ വടകരയും ഫോട്ടോ: ശ്രീനി വടകര
മനുഷ്യജീവിതത്തിൽ ഏറ്റവും വലിയ ബന്ധമേതെന്ന ചോദ്യത്തിന് പല ഉത്തരം കാണും. കാരണം, ഓരോരുത്തരും ജീവിക്കുന്നത് അവരവരുടെ ജീവിതമാണ്. അനുഭവങ്ങൾ നൽകുന്ന പാഠങ്ങൾ വ്യത്യസ്തമാണ്. അതിനാൽ ഒരു ഉത്തരത്തിൽ ചെന്നുമുട്ടുക എളുപ്പമല്ല. എങ്കിലും, സൗഹൃദങ്ങൾ സമ്മാനിച്ച സ്നേഹനിമിഷങ്ങൾ ഓർമയിൽ സൂക്ഷിക്കാത്തവരുണ്ടാകില്ല. അതിരുകളും വിലക്കുകളുമില്ലാത്ത സൗഹൃദം കൊതിക്കാത്തവരുമുണ്ടാകില്ല. ഇവിടെയാണ് സംഗീതവഴിയിൽ കൂട്ടായ രണ്ട് ചങ്ങാതിമാർ ഏറെ തിളക്കത്തോടെ നിൽക്കുന്നത്. ഇന്ന് ലോക സൗഹൃദ ദിനമാണ്. ഈ ദിനത്തിൽ ലോകത്തിലെ വേറിട്ട സൗഹൃദങ്ങൾക്കിടയിൽ ഇ.വി. വത്സൻ മാഷും പ്രേംകുമാർ വടകരയും ചേർന്ന് പാട്ടിന്റെപാലാഴിയിൽ തീർത്ത സ്നേഹച്ചങ്ങല കൂടുതൽ ദൃഢമായി നിൽക്കും. ഇരുവരും ഇന്നലെകളെ ഓർക്കുന്നത് ഇന്ന് എന്നപോലെയാണ്... അത്രമേൽ ചേർന്നുനിന്ന നിമിഷങ്ങളാണ്... ഓർമയിൽ പച്ചപിടിച്ച് നിൽക്കുന്നത്...
വത്സൻ മാഷിനോട് പ്രേംകുമാറിനെ കണ്ടതെപ്പോഴാണെന്ന് ചോദിച്ചാൽ ഉടൻ ഉത്തരം വരും. പ്രേമന്റെ കൗമാരം മൊട്ടിടുന്നതിന് മുമ്പെന്ന്... പ്രേംകുമാറിന് ഒറ്റവാക്കിൽ തീരില്ല. സമയവും കാലവും കൃത്യമായി രേഖപ്പെടുത്തിവെച്ചിരിക്കും. അത്, ഇന്നും ഇന്നലെയും തുടങ്ങിയതല്ല. താനറിഞ്ഞ ഓരോ മനുഷ്യനെക്കുറിച്ചും ഡയറിയിൽ കുറിച്ചുവെച്ചിരിക്കും... അതിനാൽ, വത്സൻ മാഷെ കുറിച്ച് പറയുന്നതിങ്ങനെയാണ്, ‘‘വടകര ബി.ഇ.എമ്മിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം. അവിടെയൊരു ലളിതഗാന മത്സരം നടക്കുകയാണ്. ആ മത്സരത്തിൽ വത്സൻ മാഷ് പാടുകയാണ്. ‘നീയെവിടെ നിൻ നിഴലെവിടെ...’, ‘ഒരിടത്ത് ജനനം ഒരിടത്ത് മരണം...’ ഈ രണ്ടു പാട്ടുകൾ പാടിയ വത്സൻ മാഷാണ് മനസ്സിൽ കയറിക്കൂടിയത്. അത് പിന്നീട് ചങ്ങാത്തമായി തുടരുന്നു... ഇതാ ഇവിടെ വരെ.’’
പ്രേം കുമാറിന്റെ പ്രേമവഴികൾ
ശരിക്കും പറഞ്ഞാൽ, സൗഹൃദത്തിന്റെ തനിമ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയകാലത്തിന് ഒരപവാദമാണ് സംഗീത സംവിധായകനും ഗായകനുമായ പ്രേം കുമാര്‍ വടകര. തന്റെ സ്നേഹവലയത്തില്‍പെട്ടവരെ മറവിക്ക് വിട്ടുകൊടുക്കാന്‍ ഇദ്ദേഹം ഒരിക്കലും ഒരുക്കമല്ല. സുഹൃത്തുക്കള്‍ മറന്നുതുടങ്ങുന്ന വേളയില്‍ പ്രേംകുമാറിന്റെ വിളിയെത്തുക സ്വാഭാവികം. അത് ഒരുപക്ഷേ ജന്മദിനം, വിവാഹ വാര്‍ഷികം, പ്രിയപ്പെട്ടവരുടെ വിടവാങ്ങല്‍ എന്നിങ്ങനെ എന്തെങ്കിലും ഓര്‍മപ്പെടുത്തിയാവും. പ്രേം കുമാറിന്‍റെ നൂറുകണക്കിന് സുഹൃത്തുക്കളിതിന്‍റെ അനുഭവസ്ഥരാണ്. ഇതെങ്ങനെ കൃത്യമായി നിര്‍വഹിക്കുന്നുവെന്ന ചോദ്യത്തിന് മറുപടിയിങ്ങനെ, ‘‘ദിനക്കുറിപ്പുകള്‍, മറ്റുള്ളവരുടെ ദിനങ്ങള്‍, മനസ്സില്‍ ജനിക്കുന്ന ആശയങ്ങള്‍, സ്വപ്നം, വിചിത്രമായ അനുഭവങ്ങളും കാഴ്ചകളും എന്നീ പേരിട്ട അഞ്ച് ഡയറികളുണ്ട് എന്‍റെ കൈയില്‍. കല്യാണക്കത്തില്‍നിന്ന് ആ ദിനം കുറിച്ചിടും. അറിഞ്ഞ ജന്മദിനവും കുറിച്ചിടും. അങ്ങനെ, ഓരോതാളും ഇന്നലെകളെ ഓര്‍മിപ്പിക്കും. സമയമാവുമ്പോള്‍ ഞാന്‍ വിളിക്കും. ഓര്‍മകള്‍ കൈമാറും. ചിലരെയിത് പ്രകോപിപ്പിക്കും. വിവാഹവാര്‍ഷികമല്ല ദുരന്തവാര്‍ഷികമാണെന്നൊക്കെ രോഷംകൊണ്ടവരുണ്ട്. ചിലപ്പോഴൊക്കെ സമ്മാനങ്ങളുമായി വിശേഷദിവസങ്ങളില്‍ സുഹൃത്തുക്കളുടെ മാതാപിതാക്കന്മാരെയൊക്കെ ഞാന്‍ സന്ദര്‍ശിക്കും. പരിഗണന കിട്ടാത്ത മാതാപിതാക്കള്‍ നമുക്കിടയിലുമുണ്ട്.’’ തന്‍റെ ഈ പ്രവൃത്തി ആരെങ്കിലും അനുകരിക്കുമെങ്കില്‍ സംതൃപ്തനായെന്നാണ് പ്രേംകുമാറിന് പറയാനുള്ളത്. സ്കൂളിലും മറ്റും പ്രസംഗിക്കാന്‍ പോകുമ്പോള്‍ കൈയില്‍ കുറച്ച് പുസ്തകവും പേനയും കാണും. സമ്മാനമായി നല്‍കും. താന്‍ വാങ്ങി സൂക്ഷിക്കുന്ന പുസ്തകത്തില്‍പോലും സ്നേഹപൂര്‍വം പ്രേംകുമാര്‍ വടകരയെന്ന് എഴുതി ഒപ്പിടും. ആരെങ്കിലും എടുത്തുകൊണ്ടുപോയാലും അത്, തന്റെ സ്നേഹസമ്മാനമായി മാറണമെന്ന ചിന്തയാണിതിനു പിന്നില്‍. നാരായണന്‍ ഭാഗവതരും കെ.കെ. കൃഷ്ണദാസുമാണ് സംഗീതവഴിയിലെ ഗുരുനാഥന്മാര്‍. പാലക്കാട് ചെമ്പൈ സംഗീത കോളജില്‍നിന്ന് സംഗീതപഠനം പൂര്‍ത്തിയാക്കി. സംഗീത അധ്യാപകനായി വടകര സംസ്കൃതം സ്കൂളില്‍നിന്നാണ് വിരമിച്ചത്.
കെ.ടി. മുഹമ്മദിന്‍റെ ‘കാഫര്‍’ എന്ന നാടകത്തിലാണ് ആദ്യമായി പാടിയത്. മൂന്നൂ രൂപയായിരുന്നു പ്രതിഫലം. പഠനകാലത്ത് സ്കൂള്‍ യുവജനോത്സവത്തില്‍ പാട്ടില്‍ ഒന്നാമനായി. അധ്യാപകനായശേഷം യുവജനോത്സവഗാനത്തിന്‍റെ സംഗീതകാരനും പാട്ടുകാരനുമായി. 200ലേറെ പ്രഫഷനല്‍ നാടകങ്ങള്‍ക്ക് സംഗീതംചെയ്തു. അമച്വര്‍ നാടകങ്ങള്‍ക്ക് കണക്കില്ല. മോഹനന്‍ കടത്തനാടിന്‍റെ ‘ഉണരൂ ഉദയമായ്’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീതസംവിധായകനായത്. ഇത്, പുറത്തിറങ്ങിയില്ല. തുടര്‍ന്ന്, ‘തിരുവിതാംകൂര്‍ തിരുമനസ്സ്’, ‘ജ്വലനം’, ‘ഗോവ’, ‘മുഖംമൂടികള്‍’, ‘ഒരുപാട്ടുദൂരം’ എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ സംഗീതം ചെയ്തു. ഇപ്പോള്‍ പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ ‘യെസ്ദാസ്’ എന്ന സംഗീത സ്കൂളിന്‍റെ പ്രവര്‍ത്തനത്തില്‍ സജീവമാണ്.
പാട്ടിന്‍റെ വഴി തേടി ഇവിടെ എത്തുന്നവർ നിരവധിയാണ്. ജീവിതത്തിന്‍റെ പലകോണിൽ നിന്നുള്ളവർ. പല പ്രായത്തിലുള്ളവർ, അവരെ നോക്കി പ്രേംകുമാർ പറയുന്നതിങ്ങനെയാണ്: ‘‘അതാണ് സംഗീതത്തിന്‍റെ ശക്തി. ഉള്ളിൽ ഈണമിട്ടു തുടങ്ങിയാൽ പിന്നാലെ പോകാതിരിക്കാൻ കഴിയില്ല...’’
അമ്മ പഠിപ്പിച്ച നാമജപങ്ങൾ...
ചലച്ചിത്ര മേഖലയിൽനിന്നുള്ളവരാണ് പാട്ടിന്‍റെ വഴിയെ നടത്തിച്ചതെന്ന് ഇ.വി. വത്സൻ മാഷ്. വയലാർ രാമവർമ, ദേവരാജൻ മാസ്റ്റർ, ശ്രീകുമാരൻ തമ്പി, അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി, രാഘവൻ മാസ്റ്റർ ഇവർ ദൈവതുല്യരായ സംഗീത പ്രതിഭകളാണ്. അവർ ചിന്തിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുകയെന്നത് മനസ്സിന്‍റെ അടിത്തട്ടിലെ ആഗ്രഹമാണ്. അതിന് പിന്നാലെയുള്ള യാത്രയാണീ ജീവിതം. ഇതിലൊക്കെ ഉപരി എന്‍റെ അമ്മയാണെനിക്ക് റോൾമോഡൽ. അമ്മ സ്കൂൾ അധ്യാപികയായിരുന്നു. അമ്മ ചൊല്ലിത്തന്ന പദ്യങ്ങൾ, നാമജപങ്ങൾ എല്ലാം വലിയ സ്വാധീനം ചെലുത്തി. സന്ധ്യാസമയത്ത് എന്‍റെ സഹോദരിക്കൊപ്പം പ്രാർഥിക്കുക പതിവായിരുന്നു. വാഗ്ഭടാനന്ദന്റെ വരികളാണ് പ്രാർഥനകളായി ചൊല്ലാറ്. അമ്മ ചൊല്ലിത്തരും. അവിടെനിന്നാണ് സംഗീതം ഒപ്പം ചേർന്നുനിന്നത്. കുമ്മിപ്പാട്ടും തിരുവാതിരപ്പാട്ടും താരാട്ടുപാട്ടുകളുമൊക്കെ വീട്ടില്‍ ചൊല്ലിനടക്കുക അമ്മയുടെ പതിവായിരുന്നു.
എന്ത് എഴുതുേമ്പാഴും ഈണം വേണമെന്ന് ചിന്തിച്ചു. അതാണ് പിന്നീട് പാട്ടെഴുത്തുകാരനും സംഗീതജ്ഞനുമാക്കി മാറ്റിയത്. ‘‘അമ്മക്കുയിലേ ഒന്നു പാടൂ’’, ‘‘ഈ മനോഹര ഭൂമിയില്‍’’, ‘‘കഴിഞ്ഞുപോയ കാലം’’, ‘‘മൊഴി ചൊല്ലിപ്പിരിയുമ്പോള്‍’’, ‘‘കണ്ണാ വരം തരുമോ’’ തുടങ്ങിയ പാട്ടുകള്‍ മലയാളി ഏറ്റെടുത്തു.
‘‘കഴിഞ്ഞുപോയ കാലം’’ തുടക്കകാലത്ത് ആലപിച്ചത് വിനോദ് വടകരയും ശ്രീലതയുമായിരുന്നു. അക്കാലത്ത്, നാടകങ്ങള്‍ക്ക് സ്റ്റേജിന്‍റെ ഒരുഭാഗത്തുനിന്ന് ലൈവായി പാടുകയാണ് പതിവ്. ഇങ്ങനെ നൂറു കണക്കിന് വേദികളില്‍ പാടിയ വിനോദാണ് ഈ പാട്ട് ജനകീയമാക്കുന്നത്. സാഹിത്യകാരൻ വി.ആർ. സുധീഷിന്‍റെ സഹോദരനായ വിനോദ് തന്നെയാണ് അക്കാലത്തെ ഭൂരിഭാഗം പാട്ടുകളുടെയും ശബ്ദമായത്. പിന്നീട് കാസറ്റിറക്കിയപ്പോള്‍ കോഴിക്കോട് സതീഷ് ബാബുവിന്‍റെയും ദലീമയുടെയും ശബ്ദത്തിലാണ് ഈ പാട്ടെത്തിയത്. ‘‘കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ...’’ ഇന്നു കേള്‍ക്കുന്ന എല്ലാ ട്രാക്കുകളും ഇവരുടെ ശബ്ദത്തില്‍ തന്നെയാണ്. ‘‘കഴിഞ്ഞുപോയ കാലം...’’ എന്ന പാട്ടിന് വയസ്സ് 53 ആയി. അറക്കിലാട്ടെ ദർശന കലാസമിതിക്കുവേണ്ടി സംവിധാനം ചെയ്ത ‘പ്രതീക്ഷ’ എന്ന നാടകത്തിനുവേണ്ടിയാണീ പാട്ട് രചിച്ചത്.
ഗിരീഷ് പുത്തഞ്ചേരിയുടെ സ്‍മരണാർഥം ഇറക്കിയ പുസ്‍തകത്തിൽ ‘ലാളനം’ എന്ന സിനിമക്കുവേണ്ടി ഗിരീഷ് എഴുതി എസ്.പി. വെങ്കിടേഷ് ഈണമിട്ടെന്ന പേരില്‍ ‘‘കഴിഞ്ഞു പോയകാലം’‘ അച്ചടിച്ചു വന്നു. എന്നാല്‍, അത് പ്രസാധകര്‍ക്ക് പറ്റിയ അബദ്ധമാണെന്ന് മാഷ് തിരിച്ചറിഞ്ഞു. മഹാപ്രതിഭയായ ഗിരീഷിന് എന്‍റെ പാട്ടിന്‍റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് വിവാദങ്ങളിൽനിന്ന് മാറിനടന്നു. തെറ്റുപറ്റിയതില്‍ പ്രസാധകന്‍ ക്ഷമ ചോദിച്ചു.
ആൽബം എന്ന വാക്ക് മലയാളിക്ക് ചിരപരിചിതമാകുന്നതിനുമുമ്പ് ‘മധുമഴ’ എന്ന പേരില്‍ 10 പാട്ടുകളുമായി കാസറ്റിറങ്ങി. ഇതോടെ, കടത്തനാടൻ മണ്ണിൽ (വടകര) ആഴ്ന്നിറങ്ങിയ വത്സൻ മാഷിന്‍റെ പാട്ട് മലയാളി ഉള്ളിടത്തെല്ലാം എത്തി. പലരും ഏറ്റുപാടി. ചിലർ എഴുത്തുകാരനെ മറന്ന്, പാട്ടുംപാടി നടന്നു.
ലളിതഗാനങ്ങളെക്കാള്‍ ലളിതമായ ഭാഷയില്‍ വത്സന്‍ മാഷ് എഴുതി. സംഗീതം ശാസ്‍ത്രീയമായി ഒട്ടും അഭ്യസിച്ചിട്ടില്ലാത്ത ഒരാളിന്‍റെ ഈണങ്ങളാണിതൊക്കെയെന്ന് അത്ഭുതം കൂറിയവർക്ക് മുന്നിൽ അമ്മയെ ഓർത്ത് നിന്നു. ആകാശവാണിക്കു വേണ്ടിയും പാട്ടുകൾ എഴുതി, സംഗീതം നൽകി.
ഒരുമിച്ച് നാടിന്‍റെ ആദരം
ഇ.വി. വത്സൻ മാഷിനെയും പ്രേംകുമാർ വടകരയെയും ഒന്നിച്ച് ക്ഷണിക്കുന്ന വേദികൾ ഏറെയാണ്. അതിലേറ്റവും പ്രധാനം. 2021ൽ ഇരുവർക്കും കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചതാണ്. പാട്ടാസ്വാദകർക്ക് പിന്നെ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. അവർ പറഞ്ഞു തുടങ്ങി: ‘‘ഇത്തവണ അവാർഡിന് വഴിതെറ്റിയില്ല. അർഹതപ്പെട്ട കൈകളിൽതന്നെ എത്തി.’’ അന്ന്, ലളിത സംഗീതത്തിനുള്ള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരമാണ് ഇ.വി. വത്സൻ മാഷിന് ലഭിച്ചത്. പ്രേംകുമാർ വടകരക്ക് സംഗീതസംവിധാനത്തിനാണ് പുരസ്കാരം. പ്രേംകുമാർ സംഗീത അധ്യാപകനെങ്കിൽ ഇ.വി. വത്സൻ മലയാളം അധ്യാപകൻ. വടകരയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ സാഗർ കോളജിലാണ് മൂന്നര പതിറ്റാണ്ടോളം വത്സൻ മാഷ് പഠിപ്പിച്ചിരുന്നത്. കോളജിന്‍റെ പ്രിൻസിപ്പൽ ആയിരുന്ന സി.കെ. ശശിയുടെ ആത്മസുഹൃത്ത്. പല ഗാനങ്ങളുടെയും പിറവിക്ക് പിന്നിൽ ശശി മാഷുണ്ടായിരുന്നു. ഒടുവിൽ ശശിമാഷ് തന്നെ ഓർമയിൽ വരുന്ന പാട്ടുകളും എഴുതി. ഭാര്യ: വിമല. മക്കൾ: സന്ധ്യ, ലിസ, വിമൽ. പ്രേംകുമാർ വടകര നൂറുകണക്കിന് ഗാനങ്ങൾ പാടി.
അത്രതന്നെ ഗാനങ്ങൾക്ക് സംഗീതം നൽകി. 1995 മുതൽ വർഷങ്ങളോളം സ്കൂൾ കലോത്സവങ്ങളിൽ സമ്മാനാർഹമായ ഗാനങ്ങളിൽ ഏറെയും പ്രേംകുമാറിന്റേതാണ്. ആകാശവാണിക്കുവേണ്ടി ഒട്ടേറെ ഗാനങ്ങൾ ഒരുക്കി. ലളിതസംഗീത പാഠം കൈകാര്യം ചെയ്തു. നാടകങ്ങൾ, സംഗീതശിൽപങ്ങൾ, ഭക്തിഗാനങ്ങൾ, കലോത്സവങ്ങൾ, സമ്മേളനങ്ങൾ എന്നിവയുടെ സ്വാഗതഗാനങ്ങൾ ഒരുക്കി. തുറയൂർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഗീത അധ്യാപകനായി വിരമിച്ചു. ഭാര്യ: റീന. മക്കൾ: പ്രാർഥന, പ്രേംചിന്ദ്.
ഫോട്ടോ: ശ്രീനി വടകര