എം.ജി.പിയെ ഒപ്പം കൂട്ടി സർക്കാറുണ്ടാക്കുമെന്ന് പ്രമോദ് സാവന്ത്
text_fieldsപനാജി: ഗോവയിൽ ഗവർണറെ കണ്ട് സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് പ്രമോദ് സാവന്ത്. എം.ജി.പിയേയും സ്വതന്ത്രരേയും ഒപ്പം കൂട്ടി സർക്കാറുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോവ തെരഞ്ഞെടുപ്പിന്റെ അന്തിമഫലം പുറത്തുവന്നിട്ടില്ലെങ്കിലും സർക്കാറുണ്ടാക്കാനുള്ള ചടുല നീക്കവുമായി ബി.ജെ.പി മുന്നോട്ട് പോവുന്നത്. 19 മണ്ഡലങ്ങളിൽ മുമ്പിലാണെങ്കിലും മൂന്നിടങ്ങളിൽ നേരിയ വ്യത്യാസത്തിനാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സഖ്യം 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ബിജെപിക്ക് ഭരണം ഉറപ്പിക്കാൻ മറ്റുള്ളവരുടെ സഹായം അനിവാര്യമാണ്. മൂന്നിടങ്ങളിൽ സ്വതന്ത്രരും മൂന്നിടങ്ങളിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും ലീഡ് ചെയ്യുന്നുണ്ട്. ഇവരുടെ നിലപാട് നിർണായകമാണ്. രണ്ടിടത്ത് ആം ആദ്മി പാർട്ടിയും ഒരിടത്ത് റവലൂഷണറി ഗോവൻ പാർട്ടിയും മുന്നിലാണ്. ബിജെപി ഒഴികെയുള്ളവർ മുഴുവൻ പിന്തുണച്ചാലെ കോൺഗ്രസിന് ഭരണ സാധ്യത ഉള്ളൂ.
ബിജെപിക്ക് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ പിന്തുണ അനിവാര്യമാണെന്നിരിക്കെ പ്രമോദ് സാവന്തിന്റെ മുഖ്യമന്ത്രി പദവി സംശയത്തിലാണ്. പ്രമോദ് സാവന്തിനെ പിന്തുണക്കില്ലെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുദിൻ ധാവലിക്കർ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കുമെന്നാണ് വിശ്വജിത്ത് റാണയുടെ പ്രതികരണം. ബിജെപി അംഗത്വവും മന്ത്രി പദവും വിട്ട് കോൺഗ്രസിലെത്തിയ മൈക്കിൾ ലോബോ കലാൻഗുട്ടയിൽ വിജയിച്ചിട്ടുണ്ട്.


