
ഫുട്ബാളിൽനിന്ന് മുഖ്യമന്ത്രി കസേരയിലേക്ക്; മണിപ്പൂരിൽ വിജയിച്ചത് ബിരേൻ സിങ്ങിന്റെ ചാണക്യതന്ത്രം
text_fieldsഎതിരാളികളെ വകഞ്ഞുമാറ്റി പന്തുമായി കുതിക്കുമ്പോൾ ബിരേൻ സിങ് എന്ന ഫുട്ബാളറുടെ മനസ്സിൽ ഒന്നുമാത്രം, തന്റെ ടീമിനായി കപ്പുയർത്തുക. അതേ തന്ത്രം രാഷ്ട്രീയക്കളരിയിലും പഴറ്റിയപ്പോൾ വെച്ചടി കയറ്റമായിരുന്നു ഇപ്പോഴത്തെ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ കാത്തിരുന്നത്. പക്ഷേ, കളിക്കളത്തിലെ ആ പോരാട്ടവീര്യം കോൺഗ്രസ് തിരിച്ചറിയാതെ പോയി. നഷ്ടമായതോ, ഒരിക്കൽ കൂടി മണിപ്പൂർ പിടിച്ച് കോൺഗ്രസിനെ പടിക്ക് പുറത്തുനിർത്തി ബിരേൻ സിങ്. 2017ൽ 28 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിരേൻ സിങ്ങിന്റെ ചാണക്യതന്ത്രവും ബി.ജെ.പിയുടെ കോടിക്കിലുക്കവും ചേർന്നപ്പോൾ മണിപ്പൂർ ആദ്യമായി താമരയെ പുൽകി.
ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽനിന്ന് ഒരിക്കൽകൂടി ജയിച്ചുകയറുമ്പോൾ ബിരേൻ സിങ് എന്ന പഴയ ഫുട്ബാളറുടെ ആഹ്ലാദം ഗാലറിക്കുമപ്പുറം മണിപ്പൂരിന്റെ മലനിരകൾ താണ്ടുമെന്നുറപ്പ്. ആദ്യമായാണ് ബി.ജെ.പി സംസ്ഥാനം ഭരിക്കുന്നതെങ്കിലും മണിപ്പൂരിൽ കൂടെയുണ്ടായിരുന്ന മറ്റു കക്ഷികളെ പുറത്തുനിർത്തി ഒറ്റക്ക് മത്സരിക്കാനായിരുന്നു ബിരേൻ സിങ്ങിന്റെ തീരുമാനം. ഈ നീക്കത്തിനെതിരെ ബിരേൻ സിങ് വിരുദ്ധ പക്ഷം പാർട്ടിയിൽ പടനയിച്ചെങ്കിലും ആ തീരുമാനം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
ഫുട്ബാളിൽ തുടങ്ങി പത്രപ്രവർത്തനം വഴി രാഷ്ട്രീയത്തിലേക്ക്
നല്ലൊരു ഫുട്ബാൾ കളിക്കാരനായിരുന്ന ബിരേൻ സിങ് 18-ാം വയസ്സിലാണ് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബി.എസ്.എഫ്) ചേരുന്നത്. ആഭ്യന്തര മത്സരങ്ങളിൽ ബി.എസ്.എഫ് ടീമിനായി അദ്ദേഹം മികവ്തെളിയിച്ചു. പിന്നീട് ബിഎസ്എഫിൽ നിന്ന് രാജിവച്ച് പത്രപ്രവർത്തനത്തിലേക്ക് തിരിഞ്ഞു.
1992ൽ 'നഹറോൾഗി തൗഡങ്' എന്ന പ്രാദേശിക ദിനപത്രം ആരംഭിച്ച അദ്ദേഹം 2001 വരെ അതിന്റെ പത്രാധിപരായി. 2002ൽ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ സിങ് ഡെമോക്രാറ്റിക് റെവല്യൂഷണറി പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. ഹിൻഗാങ് നിയമസഭ മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും ചെയ്തു. പിന്നീട് 2003ൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം വിജിലൻസ് സഹമന്ത്രിയായി.
2007ലും ഹിൻഗാങ് സീറ്റ് നിലനിർത്തി. 2012 ഫെബ്രുവരി വരെ കാബിനറ്റ് മന്ത്രിയായി. 2012ൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ മന്ത്രിപദം ചോദിച്ചെങ്കിലും പാർട്ടി മുഖം തിരിച്ചു.
മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങുമായി അകന്ന അദ്ദേഹം പക്ഷേ പാർട്ടി വിട്ടില്ല. മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായി പാർട്ടിയെ നയിച്ചു. എന്നാൽ, ഒക്രം ഇബോബി സിങ് നിരന്തരം അവഗണിച്ചതോടെ 2016ൽ അദ്ദേഹം ബി.ജെ.പിക്കൊപ്പം ചേർന്നു. 2017-ൽ വീണ്ടും ഹിൻഗാങ് നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ച് മണിപ്പൂരിന്റെ 12-ാമത് മുഖ്യമന്ത്രിയായി. ഇത്തവണയും ഹിൻഗാങ്ങിൽനിന്നാണ് ബിരേൻ സിങ് നിയമസഭയിലെത്തുന്നത്.
2012ൽ മന്ത്രിസഭയിൽനിന്ന് തന്നെ ഒഴിവാക്കിയ അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്ങിനോടുള്ള മധുരപ്രതികാരം ഒരിക്കൽ കൂടി തീർക്കാൻ ബി.ജെ.പി അവസരം നൽകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ ബിരേൻ സിങ്ങിനെ കാണാം, കുമ്മായവരക്കുള്ളിലെ പഴയ കളിമികവുമായി...

