ആപ് ഇനി ദേശീയ പാർട്ടി; കെജ്രിവാൾ രാജ്യം ഭരിക്കും -രാഘവ് ഛദ്ദ
text_fieldsന്യൂഡൽഹി: പഞ്ചാബിലെ മിന്നുംവിജയത്തിലൂടെ തങ്ങൾ 'ദേശീയ പാർട്ടി' ആയിരിക്കുകയാണെന്നും വൈകാതെ കോൺഗ്രസിനെ മറികടന്ന് രാജ്യത്തെ പ്രധാന പ്രതിപക്ഷമാകുമെന്നും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ. ഛദ്ദയാണ് പഞ്ചാബിൽ ആപിന്റെ സ്ഥാനാർഥി നിർണയത്തിന് ചുക്കാൻ പിടിച്ചത്.
'ഞങ്ങളിനി പ്രാദേശിക കക്ഷിയല്ല. ദേശീയ ശക്തിയായി ആപ് വളരുകയാണ്. ഒരു പാർട്ടിയെന്ന നിലയിൽ ഞങ്ങൾക്കിന്ന് അതിഗംഭീര ദിനമാണിന്ന്. ഞങ്ങളെയും അരവിന്ദ് കെജ്രിവാളിനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഒരുനാൾ അദ്ദേഹം ഈ രാജ്യത്തെ നയിക്കും'- ഛദ്ദ പ്രത്യാശിച്ചു.
'2012 ൽ മാത്രം സ്ഥാപിതമായ ആപിനെ വെച്ച് നോക്കുമ്പോൾ രണ്ടു സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ ബി.ജെ.പിക്ക് പോലും കൂടുതൽ സമയമെടുത്തിട്ടുണ്ട്. കെജ്‍രിവാളിന്റെ ഭരണമാതൃകയിൽ ആകൃഷ്ടരായ പഞ്ചാബിലെ ജനത തങ്ങൾക്കും അത് വേണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അഞ്ച് ദശകങ്ങൾ സംസ്ഥാനം ഭരിച്ച വർക്ക് അടിസ്ഥാന സൗകര്യം പോലും ഒരുക്കാനായില്ല. എന്നുമെന്നും ഭരണത്തിലിരിക്കുമെന്ന് കരുതിയവരെ ജനം തൂത്തെറിഞ്ഞു. അവരെ ജനം പാഠം പഠിപ്പിച്ചു' - ഛദ്ദ കൂട്ടിച്ചേർത്തു.