കോൺഗ്രസിന് ചമ്മലായി ചന്നി; മുഖ്യന് മുഖ്യ തോൽവി
text_fieldsഛണ്ഡിഗഡ്: മത്സരിച്ച രണ്ട് സീറ്റിലും തോൽക്കുക. ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ച് ഇതിൽപരമൊരു രാഷ്ട്രീയ നാണക്കേട് മറ്റൊന്നുമില്ല. അതും പേറിയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി നിയമസഭയിൽ നിന്ന് ഇറങ്ങിപോകുന്നത്. മത്സരിച്ച ചംകോര്‍ സാഹിബ്, ഭദോര്‍ എന്നീ മണ്ഡലങ്ങളിലാണ് ചന്നി തോറ്റത്. രണ്ടിടത്തും ആംആദ്മിയാണ് ജേതാക്കൾ. ഭദോറിൽ ആം ആദ്മിയുടെ ലാഭ് സിങ് ഉഗോകെ വിജയിച്ചപ്പോൾ, ചംകോര്‍ സാഹിബിൽ ചന്നിയുടെ അതേ പേരുള്ള ആം ആദ്മി സ്ഥാനാർഥിയാണ് ജയിച്ചത്-ചരൺജിത് സിങ്.
പഞ്ചാബിലെ ചാംകൗർ സാഹിബ് ജില്ലയിലെ മകരോണ കലൻ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും പഞ്ചാബിലെ മുഖ്യമന്ത്രി പദം വരെയെത്തിയ ചരൺജിത് സിങ് ചന്നിയുടെ തേരോട്ടം ഒട്ടും ആശാവഹമല്ലായിരുന്നു. മൊഹാലിയിലെ എസ്.എ.എസ് നഗറിലെ ഖരാറിലേക്ക് പറിച്ചുനടുന്നതോടെയാണ് ചന്നിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഹർസ സിങ് ഗ്രാമത്തിന്റെ സർപഞ്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് ചന്നിയിലും രാഷ്ട്രീയ മോഹം ആളിക്കത്തിച്ചു. ദലിത് കുടുംബത്തിൽ നിന്നും അക്ഷരങ്ങളെ കൂട്ടുപിടിച്ചായിരുന്നു ചന്നിയുടെ വളർച്ച. മൂന്ന് ബിരുദാനന്തര ബിരുദമാണ് അദ്ദേഹം കരസ്ഥമാക്കിയത്. പൊളിറ്റിക്കൽ സയൻസിൽ എം.എ, ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ, എൽ.എൽബി എന്നിവ നേടി. ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹം ഇപ്പോൾ ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയിൽ പി.എച്ച്ഡി ചെയ്യുന്നുമുണ്ട്.
കാമ്പസ് രാഷ്ട്രീയത്തിലൂടെയാണ് മികവ് തെളിയിച്ചത്. 2002ൽ ഖരാർ മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് തിരിഞ്ഞുനോക്കിയില്ല. 2007ൽ ചംകോർ സാഹിബിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ചു. കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് നിയമസഭയിൽ എത്തിയത്. പിന്നീട് കോൺഗ്രസിൽ എത്തിയ അദ്ദേഹം രണ്ട് തവണ കോൺഗ്രസ് സ്ഥാനാർഥിയായും നിയമസഭയിലെത്തി. 2015 മുതൽ 2016 വരെ പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കോൺഗ്രസ് വിട്ട അമരീന്ദറിന്റെ മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ, വ്യാവസായിക മന്ത്രിയായിരുന്ന ചന്നിയെ തേടി മുഖ്യമന്ത്രിസ്ഥാനവുമെത്തി.
പഞ്ചാബിലെ ആദ്യത്തെ ദലിത് സിഖ് മുഖ്യമന്ത്രിയാണ് അദ്ദേഹം. പഞ്ചാബ് ജനസംഖ്യയിൽ ഏറെ വരുന്ന ദലിതരെ ലക്ഷ്യമിട്ടായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ ഈ നീക്കം. എന്നാൽ, ചന്നിയെ 2021 സെപ്റ്റംബറിൽ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിച്ചതുമുതൽ പാർട്ടിയിൽ പടലപ്പിണക്കവും തുടങ്ങിയിരുന്നു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിൽനിന്നും പാർട്ടിയിൽനിന്നും നേരിടേണ്ടി വന്ന അവഗണനയിലും ജനപ്രിയ തീരുമാനങ്ങൾ എടുക്കാൻ കുറഞ്ഞ കാലയളവിലും അദ്ദേഹത്തിനായി.