ബാലറ്റിൽ കൃത്രിമം കാണിക്കുന്ന വിഡിയോ; തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് തേടി
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളിൽ കൃത്രിമം കാണിക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ പിത്തോറഗഡ് ജില്ല മജിസ്ട്രേറ്റിനോട് റിപ്പോർട്ട് തേടി. ദിദിഹത്ത് നിയോജക മണ്ഡലത്തിലേതാണ് വിഡിയോ എന്നാണ് വിവരം.
ആർമി യൂനിഫോമിൽ ഒരാൾ നിരവധി പോസ്റ്റൽ ബാലറ്റുകളിൽ ടിക്ക് ചെയ്യുകയും ഒപ്പിടുകയും ചെയ്യുന്ന വിഡിയോ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്താണ് ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ചത്. ജില്ല മജിസ്ട്രേറ്റിനോട് എത്രയും വേഗം റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഇതുലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അഡീഷണൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സി. രവിശങ്കർ പറഞ്ഞു.
ദിദിഹത്തിലെ കോൺഗ്രസ് സ്ഥാനാർഥി പ്രദീപ് പാലിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും വിഡിയോയുടെ ആധികാരികത പരിശോധിച്ചുവരുകയാണെന്നും പിത്തോറഗഡ് എസ്.പി ലോകേശ്വർ സിങ് പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ വിഡിയോ വ്യാജമാണെന്ന് പ്രതികരിച്ചു.


