ഉത്തരാഖണ്ഡിൽ ബി.ജെ.പിക്ക് വോട്ടുകുറഞ്ഞു; ഭരണം നിലനിർത്തി
text_fieldsഉത്തരാഖണ്ഡിൽ ബി.ജെ.പി വിജയം ആഘോഷിക്കുന്ന നേതാക്കൾ (ഫയൽ)
ഡറാഡൂൺ: ഉത്തരാഖണ്ഡിൽ വോട്ട് അൽപം കുറഞ്ഞെങ്കിലും ആധിപത്യവും ഭരണവും നിലനിർത്തി ബി.ജെ.പിയുടെ കുതിപ്പ്. 70ൽ 48 സീറ്റുനേടിയാണ് ബി.ജെ.പി വിജയം നേടിയത്. ഭരണം തിരിച്ചുപിടിക്കാമെന്ന് ആശിച്ചിരുന്ന കോൺഗ്രസ് 18 സീറ്റിലൊതുങ്ങി.
ബി.ജെപിക്ക് 44.3 ശതമാനവും കോൺഗ്രസിന് 38.1 ശതമാനവുമാണ് വോട്ട് ലഭിച്ചത്. കോൺഗ്രസിൽനിന്ന് സംസ്ഥാനം പിടിച്ചെടുത്ത 2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേട്ടം 57 സീറ്റും 46.5 ശതമാനം വോട്ടുമായിരുന്നു. കോൺഗ്രസിന് അന്ന് 11 സീറ്റും 33.5 ശതമാനം വോട്ടുമാണ് ലഭിച്ചത്.
ബി.ജെ.പിയുടെ സീറ്റും വോട്ട് ശതമാനവും നേരിയ തോതിൽ കുറക്കാനായതിനൊപ്പം തങ്ങളുടേത് അൽപം കൂട്ടാനുമായി എന്നതുമാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാനുള്ളത്. കുതിപ്പിനിടയിലും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി തോറ്റത് ബി.ജെ.പിക്ക് തിരിച്ചടിയായി.
ഖാത്തിമ മണ്ഡലത്തിൽ കോൺഗ്രസിന്റെ ഭുവൻ കാപ്രിയോട് 6,932 വോട്ടിനാണ് ധാമി തോറ്റത്. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തും തോറ്റു. ലാൽകുവാനിൽ ബി.ജെ.പിയുടെ മോഹൻ ബിഷ്തിനോട് 14,000 വോട്ടിനാണ് റാവത്ത് തോറ്റത്.


