വീണ്ടും അധികാരമേറ്റാൽ ഏക സിവിൽ കോഡിന് സമിതി -ധാമി
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കരട് തയാറാക്കാൻ സമിതി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി.
സംസ്ഥാനത്ത് ഈ മാസം 14ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ ദിനത്തിൽ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ധാമിയുടെ വാഗ്ദാനം. നിയമ വിദഗ്ധർ, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ, ബുദ്ധിജീവികൾ എന്നിവർ സമിതിയിൽ ഉണ്ടാകും. വിവാഹം, വിവാഹമോചനം, ഭൂസ്വത്ത്, പിന്തുടർച്ചാവകാശം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കമ്മിറ്റിയുടെ പരിധിയിൽ വരും.
ഇന്ത്യയുടെ ഭരണഘടന ശിൽപികളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുപ്രധാന നടപടിയായിരിക്കും ഇതെന്നും ഭരണഘടന മുന്നോട്ടുവെക്കുന്ന ആദർശം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
മതം പരിഗണിക്കാതെ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ നീതി ഉറപ്പുവരുത്തുകയെന്ന ഭരണഘടനയിലെ 44ാം വകുപ്പ് നടപ്പാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായിരിക്കുമിത്- പുഷ്കർ ധാമി കൂട്ടിച്ചേർത്തു.


