ചരിത്രം കുറിച്ച് ഉത്തരാഖണ്ഡിൽ ബി.ജെ.പി തുടർഭരണം; മുഖ്യമന്ത്രി പിന്നിൽ, മുൻ മുഖ്യമന്ത്രിക്ക് കനത്ത തോൽവി
text_fieldsപുഷ്കർ സിങ് ധാമി, ഹരീഷ് റാവത്ത്
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എക്സിറ്റ് പോളുകളെ ശരിവെച്ചുകൊണ്ടുള്ള മുന്നേറ്റം നടത്തി ബി.ജെ.പി അധികാരത്തുടർച്ച ഉറപ്പിച്ചുകഴിഞ്ഞു. 21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് സർക്കാറിന് ഭരണത്തുടർച്ചയുണ്ടാകുന്നത്. നിലവിൽ ബി.ജെ.പി 48ഉം കോൺഗ്രസ് 18ഉം സീറ്റിലാണ് മുന്നിട്ടുനിൽക്കുന്നത്. ബി.എസ്.പി ഒന്നും മറ്റുള്ളവർ മൂന്നും സീറ്റ് നേടിയപ്പോൾ ആം ആദ്മി പാർട്ടിക്ക് സീറ്റൊന്നും ലഭിച്ചില്ല.
ആഭ്യന്തര കലഹങ്ങളാൽ കലുഷിതമായിരുന്നു ഉത്തരാഖണ്ഡിൽ ഭരണപക്ഷവും പ്രതിപക്ഷവും. അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബി.ജെ.പിക്ക് പരീക്ഷിക്കേണ്ടിവന്നത്. കോൺഗ്രസിലും കനത്ത ചേരിപ്പോരായിരുന്നു. ഒരു ഡസനോളം എം.എൽ.എമാർ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേരുകയും ചെയ്തു. ഈയൊരു പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ആർക്കെങ്കിലും മുൻതൂക്കം കൽപ്പിക്കുക പ്രയാസകരമായിരുന്നു.
2017ലെ തെരഞ്ഞെടുപ്പിൽ 57 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. ഇത്തവണ അത് കുറഞ്ഞുവെങ്കിലും എക്സിറ്റ് പോളുകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടാൻ ബി.ജെ.പിക്കായി. എന്നാൽ, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഖാട്ടിമ മണ്ഡലത്തിൽ പരാജയത്തെ നേരിടുകയാണെന്നത് ബി.ജെ.പിക്ക് തിരിച്ചടിയായി. അയ്യായിരത്തിലേറെ വോട്ടുകൾക്കാണ് മുഖ്യമന്ത്രി പിന്നിൽ നിൽക്കുന്നത്.
മറുവശത്തും സമാനമായ സാഹചര്യമുണ്ട്. കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽകുവയിൽ പരാജയം ഉറപ്പിച്ചിരിക്കുകയാണ്. പതിനാറായിരത്തിലേറെ വോട്ടിനാണ് ഹരീഷ് റാവത്ത് പിന്നിലുള്ളത്.
ആം ആദ്മി പാർട്ടിക്ക് അക്കൗണ്ട് തുറക്കാനായില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. പഞ്ചാബിലുണ്ടാക്കിയ പോലൊരു മുന്നേറ്റത്തിന് ഉത്തരാഖണ്ഡിൽ അവർക്ക് സാധിച്ചില്ല. ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ കേണൽ അജയ് കോതിയാൽ ഗംഗോത്രി മണ്ഡലത്തിൽ മൂന്നാംസ്ഥാനത്തെത്തുകയും ചെയ്തു.
കോൺഗ്രസിന് അൽപ്പമെങ്കിലും പ്രതീക്ഷയുണ്ടായിരുന്ന സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്. എക്സിറ്റ് പോളുകളിൽ നേരിയ വിജയമാണ് ബി.ജെ.പിക്ക് പ്രവചിക്കപ്പെട്ടതെന്നതും കോൺഗ്രസിന്‍റെ പ്രതീക്ഷകളെ ഉയർത്തിയിരുന്നു. 48 സീറ്റ് നേടി അധികാരത്തിലെത്തുമെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വോട്ടെണ്ണലിന് തൊട്ടുമുമ്പും പറഞ്ഞിരുന്നത്. ഹരീഷ് റാവത്ത് കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ സമാനമായൊരു തോൽവി ഉത്തരാഖണ്ഡിൽ കോൺഗ്രസിനും സംഭവിച്ചിരിക്കുന്നു. 2017ലെ 11 സീറ്റിനെക്കാൾ വിജയിച്ച സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനായെന്നത് മാത്രമാകും ആശ്വസിക്കാൻ വക നൽകുക.


