ഉത്തരാഖണ്ഡ്: 48 സീറ്റോടെ അധികാരത്തിലെത്തുമെന്ന് പറഞ്ഞ ഹരീഷ് റാവത്ത് പന്ത്രണ്ടായിരത്തിലേറെ വോട്ടിന് പിന്നിൽ
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 48 സീറ്റോടെ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽകുവ മണ്ഡലത്തിൽ പന്ത്രണ്ടായിരത്തിലേറെ വോട്ടിന് പിന്നിൽ. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിക്കെതിരെ ബി.ജെ.പിയുടെ മോഹൻ സിങ് ബിഷ്ട് ഇവിടെ വിജയം ഉറപ്പിച്ചുകഴിഞ്ഞു. 12,048 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കോൺഗ്രസ് സ്ഥാനാർഥിക്കുള്ളത്.
എക്സിറ്റ് പോളുകൾ പ്രവചിച്ചതിനെക്കാൾ മികച്ച മുന്നേറ്റമാണ് ഉത്തരാഖണ്ഡിൽ ബി.ജെ.പിക്കുണ്ടായത്. 44 സീറ്റുകളിൽ ബി.ജെ.പി മുന്നിട്ടു നിൽക്കുകയാണ്. 22 സീറ്റിലാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പിന്നിലാണ്. 2017ൽ 57 സീറ്റുകൾ നേടിയാണ് ബി.ജെ.പി അധികാരത്തിലേറിയത്.
പുഷ്കർ സിങ് ധാമിയുടെ ഖാട്ടിമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഭുവൻ ചന്ദ്ര കാപ്രിയാണ് മുന്നിൽ. പുതിയ ഫലസൂചനകൾ പ്രകാരം എതിരാളിയുടെ ഭൂരിപക്ഷം 1068 വോട്ടുകളായി കുറക്കാൻ ധാമിക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ട് സീറ്റിൽ ബി.എസ്.പി മുന്നിലാണ്. മറ്റുള്ളവരും രണ്ട് സീറ്റിൽ മുന്നിട്ടു നിൽക്കുന്നു.
ബി.ജെ.പിക്കുള്ളിലെ കലുഷിത സാഹചര്യം മുതലെടുക്കാമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് സംസ്ഥാനത്ത് ബി.ജെ.പി അവതരിപ്പിച്ചത്. ആദ്യം ത്രിവേന്ദ്ര സിങ് റാവത്തും രണ്ടാമത് തീരഥ് സിങ് റാവത്തുമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത്. മൂന്നാമതായി വന്ന പുഷ്കർ സിങ് ധാമി തുടർഭരണമുണ്ടാകുമെന്ന പ്രതീക്ഷയാണ് പുലർത്തിയത്.


