Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightUttarakhandchevron_rightപാർട്ടി ജയിച്ചു;...

പാർട്ടി ജയിച്ചു; മുഖ്യമന്ത്രി തോറ്റു

text_fields
bookmark_border
പാർട്ടി ജയിച്ചു; മുഖ്യമന്ത്രി തോറ്റു
cancel

മുഖ്യമന്ത്രിമാർ വാഴാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് ഉത്തരാഖണ്ഡിനുണ്ട്. അത് തെരഞ്ഞെടുപ്പിൽ മാത്രമല്ല സംഭവിക്കാറുള്ളതും. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണകാലത്ത് ബി.ജെ.പി മൂന്ന് മുഖ്യമന്ത്രിമാരെയാണ് പരീക്ഷിച്ചത്. പാർട്ടിയിലെ ചേരിപ്പോരിനൊടുവിൽ ത്രിവേന്ദ്ര സിങ്ങ് റാവത്തും പിന്നാലെ തിരാഥ് സിങ് റാവത്തും മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പാർട്ടി പുഷ്കർ സിങ് ധാമിയെ പിൻഗാമിയായി നിയോഗിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം പോലും തികച്ചില്ലാത്ത സാഹചര്യത്തിലായിരുന്നു ധാമിയുടെ സ്ഥാനാരോഹണം. തെരഞ്ഞെടുപ്പ് ചിത്രം പൂർത്തിയാകുമ്പോൾ മുഖ്യമന്ത്രി തോൽക്കുന്ന പതിവ് ഇക്കുറിയും ആവർത്തിച്ചു. അതേസമയം, ധാമിയുടെ പാർട്ടിയാകട്ടെ എക്സിറ്റ് പോളുകളെ കവച്ചുവെക്കുന്ന വിജയം നേടുകയും ചെയ്തു.

46കാരനായ ധാമി ഉദ്ധംസിങ് നഗർ ജില്ലയിലെ ഖാതിമ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടിയത്. മൂന്നാം തവണയാണ് ധാമി ഈ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നത്. 2017ൽ 2709 വോട്ടിന് വിജയിച്ച മണ്ഡലത്തിൽ അനായാസ വിജയം ധാമി പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിത തിരിച്ചടിയാണ് ഏറ്റത്. കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കാപ്രി, എ.ഐ.എം.ഐ.എമ്മിന്റെ ആസിഫ് മിയാൻ, ആം ആദ്മി പാർട്ടിയുടെ സാവിന്തർ സിങ് കലേർ എന്നിവരാണ് ധാമിയുടെ എതിർ സ്ഥാനാർഥികൾ. കോൺഗ്രസ് സ്ഥാനാർഥിക്ക് 6951 വോട്ടിന് പിറകിലാണ് മുഖ്യമന്ത്രി.

തിരാഥ് സിങ് റാവത്ത് രാജിവെച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോൾ ഉത്തരാഖണ്ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു 45കാരനായ ധാമി. മുഖ്യമന്ത്രിയായിരുന്ന ഭഗത് സിങ് കോശ്യാരിയുടെ രാഷ്ട്രീയ ഉപദേശകനായും ധാമി പ്രവർത്തിച്ചിട്ടുണ്ട്. പ്രതി​രോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അടുത്ത സുഹൃത്തായാണ് കണക്കാക്ക​പ്പെടുന്നത്.




പിത്തോറഗഢ് ജില്ലയിലെ തുണ്ടി ഗ്രാമത്തിൽ 1975ലായിരുന്നു ധാമിയുടെ ജനനം. പിതാവ് സൈനികനായിരുന്നു. പിന്നീട് ധാമിയുടെ കുടുംബം ഖാതിമയിലേക്ക് താമസം മാറി. എ.ബി.വി.പിയിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ധാമി 2008 വരെ സംസ്ഥാന യുവമോർച്ചയുടെ പ്രസിഡന്റായിരുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം യുവജന റാലിയും പരിപാടികളും നടന്നിരുന്നു. ഈ പോരാട്ടം കാരണമാണ് സംസ്ഥാനത്ത് വ്യവസായ മേഖലയിൽ പ്രാദേശിക യുവജനങ്ങൾക്ക് 70 ശതമാനം സംവരണം സർക്കാർ ഏർപ്പെടുത്തിയത്.

ഉത്തരാഖണ്ഡ് സംസ്ഥാനം നിലവിൽ വന്നിട്ട് 21 വർഷമേ ആയിട്ടുള്ളൂവെങ്കിലും ഈ കാലയളവിൽ 10 മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചത്. കോൺഗ്രസിന്റെ എൻ.ഡി. തിവാരി ഒഴികെ മറ്റാർക്കും ഇവിടെ അഞ്ചുവർഷം തികച്ച് ഭരിക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ മുഖ്യമന്ത്രിമാരെല്ലാം നിയമസഭ തെരഞ്ഞെടുപ്പിൽ തോൽക്കുന്നതും ഉത്തരാഖണ്ഡിന്റെ പ്രത്യേകതയാണ്.





ഇഞ്ചോടിച്ച് പോരാട്ടം നടന്ന ഉത്തരാഖണ്ഡിൽ മികച്ച വിജയം നേടാനായത് ധാമിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ആകെയുള്ള 70 സീറ്റിൽ 48 സീറ്റിലും ബി.ജെ.പിയാണ് മുന്നിൽ. 18 സീറ്റിൽ കോൺഗ്രസും രണ്ടിടത്ത് ബി.എസ്.പിയും രണ്ടിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.

തോറ്റെങ്കിലും വിശ്വസ്തനെ കൈവിടേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. അതുകൊണ്ടുതന്നെ ധാമി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പിയുടെ സംസ്ഥാന ചുമതലയുള്ള നേതാവായ ദുഷ്യന്ത് കുമാർ ഗൗതം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പാർട്ടിയിൽ പുതിയ ചർച്ചകൾക്കും വഴിമരുന്നിട്ടിട്ടുണ്ട്. വീണ്ടും മുഖ്യമന്ത്രിയാവുകയാണെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിക്ക് ജനസമ്മതി തെളിയിക്കേണ്ടിവരും.

Show Full Article
TAGS:Uttarakhand Election 2022 Assembly election 2022 
News Summary - Uttarakhand election updates
Next Story