പുഷ്കർ സിങ് ധാമി തോറ്റു; ഉത്തരാഖണ്ഡിൽ ആരാകും പുതിയ മുഖ്യമന്ത്രി ?
text_fieldsചരിത്രത്തിലാദ്യമായി സർക്കാർ ഭരണത്തുടർച്ച നേടിയ ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി തോറ്റതോടെ ഉയരുന്ന ചോദ്യം ആരാവും അടുത്ത മുഖ്യമന്ത്രിയെന്നതാണ്. എക്സിറ്റ് പോളുകളെ വെല്ലുന്ന വിജയം ബി.ജെ.പിയുടെ ആത്മവിശ്വാസം വാനോളമുയർത്തിയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥി കൂടിയായ ധാമിയുടെ തോൽവി അപ്രതീക്ഷിതമായി.
സിറ്റിങ് സീറ്റായ ഖാതിമയിൽ ആറായിരത്തിലേറെ വോട്ടിനാണ് ധാമി തോറ്റത്. കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്ന മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനാകട്ടെ കനത്ത തോൽവിയാണ് നേരിട്ടത്. ലാൽകുവ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയോട് 16,690 വോട്ടിനാണ് റാവത്തിന്‍റെ പരാജയം. ആകെയുള്ള 70 സീറ്റിൽ 48 സീറ്റിലും ബി.ജെ.പിയാണ് മുന്നിൽ. 18 സീറ്റിൽ കോൺഗ്രസും രണ്ടിടത്ത് ബി.എസ്.പിയും രണ്ടിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
തിരാഥ് സിങ് റാവത്ത് രാജിവെച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോൾ ഉത്തരാഖണ്ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു 45കാരനായ ധാമി. ധാമിയുടെ ചെറുപ്പവും ചുറുചുറുക്കും പാർട്ടിക്കും സർക്കാറിനും ഗുണം ചെയ്യുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. തോറ്റെങ്കിലും വിശ്വസ്തനെ കൈവിടേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. അതുകൊണ്ടുതന്നെ ധാമി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബി.ജെ.പിയുടെ സംസ്ഥാന ചുമതലയുള്ള നേതാവായ ദുഷ്യന്ത് കുമാർ ഗൗതം. ഇത് പാർട്ടിയിൽ പുതിയ ചർച്ചകൾക്കും വഴിമരുന്നിട്ടിട്ടുണ്ട്. വീണ്ടും മുഖ്യമന്ത്രിയാവുകയാണെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിക്ക് ജനസമ്മതി തെളിയിക്കേണ്ടിവരും.


