കീഴ്മേൽ മറിയുമോ ആലപ്പുഴ ?
text_fieldsപ്രതിപക്ഷ നേതാവ് മത്സരിക്കുന്ന ഹരിപ്പാട് അടക്കം ഒമ്പതിൽ ഒമ്പത് സീറ്റും ജയിക്കുമെന്ന അൽപം അതിരുകടന്ന അവകാശവാദത്തിൽനിന്ന് തെല്ലും പിന്നോട്ട് പോകാൻ ആലപ്പുഴയിലെ ഇടതുകേന്ദ്രങ്ങൾ ഒരുക്കമല്ല. ഉണ്ടായിരുന്ന ആശങ്കകൾ പിണറായിയുടെ പ്രചാരണത്തിലെ ജനപങ്കാളിത്തത്തോടെ മാറ്റാനായെന്ന കണക്കുകൂട്ടലിലാണ് അവർ.
2016ലെ 8-1 എന്ന എൽ.ഡി.എഫ്-യു.ഡി.എഫ് അനുപാതം അരൂർ ഉപതെരഞ്ഞെടുപ്പോടെ 7-2 ആയി മാറിയ ആലപ്പുഴ ജില്ലയിൽ എന്ത് വിലകൊടുത്തും സ്റ്റാറ്റസ്കോ നിലനിർത്താനുള്ള തത്രപ്പാടിലാണ് എൽ.ഡി.എഫ്. മുഖ്യമന്ത്രി പിണറായി വിജയൻ േനരിട്ടെത്തി തെരഞ്ഞെടുപ്പ് ചുമതലകൾക്ക് ചുക്കാൻ പിടിച്ച ആലപ്പുഴയിൽ നിലവിലെ സ്ഥിതിയിൽ മാറ്റം വരുകയാണെങ്കിൽ കാര്യമായ അടിയൊഴുക്കു സംഭവിെച്ചന്ന് ഉറപ്പിക്കേണ്ടി വരും. അങ്ങനെയെങ്കിൽ എൽ.ഡി.എഫിന് കൈയിലുള്ള നാല് സീറ്റുവരെ നഷ്ടമായേക്കാനിടയുണ്ട്. യു.ഡി.എഫിെൻറ ഒരു സീറ്റ് തിരിച്ചുപിടിക്കാമെന്ന് എൽ.ഡി.എഫ് കണക്ക് കൂട്ടുന്നുമുണ്ട്.
കൂട്ടിക്കിഴിക്കലിൽ എൽ.ഡി.എഫിന് നാലും യു.ഡി.എഫിന് അഞ്ചും സീറ്റ് ലഭിക്കും. സംഗതി 'ഉൾട്ടാ-പുൾട്ട' സംഭവിച്ചാലും അത്ഭുതപ്പെടാനില്ല. സ്ഥാനാർഥി മാറ്റത്തിൽ ആലപ്പുഴയും അമ്പലപ്പുഴയും അക്ഷരങ്ങളിൽ ചെറുമാറ്റം വരുത്തിയാൽ ആലപ്പുഴയും അമ്പലപ്പുഴയും തമ്മിൽ വലിയ വ്യത്യാസമില്ല. മന്ത്രിമാരായ ജി.സുധാകരെൻറയും ഡോ.തോമസ് ഐസക്കിെൻറയും അഭാവത്തോട് വോട്ടർമാർ പൊരുത്തപ്പെടുമോയെന്ന ആശങ്കയെ മറികടന്ന് മുന്നേറാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. ഇരുവരുെടയും പിന്തുടർച്ചക്കാരായി അമ്പലപ്പുഴയിൽ എച്ച്.സലാമും ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനും കടന്നുവരാനാകുമെന്നുള്ളതിൽ സി.പി.എമ്മിന് സംശയമില്ല. ജി.സുധാകരെനയും തോമസ് ഐസക്കിെനയും പ്രചാരണത്തിൽ സജീവമാക്കി പഴുതുകളടച്ചുള്ള പ്രചാരണത്തിന് പാർട്ടി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതേ സമയം, എം.ലിജുവിെനയും ഡോ.കെ.എസ്. മനോജിെനയും അവതരിപ്പിക്കുക വഴി ശക്തമായ മത്സരം കാഴ്ചവെക്കാനായ യു.ഡി.എഫും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻറണി ജോസഫിന് അമ്പലപ്പുഴയിലും ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സന്ദീപ് വാചസ്പതിക്ക് ആലപ്പുഴയിലും വലിയ ചലനമൊന്നും സൃഷ്ടിക്കാനാവില്ലെന്ന് എൻ.ഡി.എക്ക് ബോധ്യമുണ്ട്.
ചേർത്തലയും കുട്ടനാട്ടും ബി.ഡി.ജെ.എസ് പണി കൊടുക്കുമോ?
തുടക്കത്തിൽ തീരെ കണക്കുകൂട്ടാതിരുന്ന കുട്ടനാട്, ചേർത്തല മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥിത്വം എൽ.ഡി.എഫിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. സി.പി.എമ്മിൽനിന്ന് ബി.ഡി.ജെ.എസിലെത്തിയ മുൻ സി.പി.എം പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ് ചേർത്തലയിലും സി.പി.ഐയിൽനിന്ന് ബി.ഡി.ജെ.എസിൽ എത്തിയ മുൻ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് തമ്പി മേട്ടുതറയും പിടിക്കാനിടയുള്ള ഈഴവ വോട്ടുകൾ ഉറപ്പായും എൽ.ഡി.എഫിനായിരിക്കും നഷ്ടം വരുത്തുക.
ഇടത് ശക്തികേന്ദ്രമായ ചേർത്തലയിൽ വീണ്ടും മത്സരിക്കുന്നതിന് മന്ത്രി പി.തിലോത്തമന് തടസ്സമായത് സി.പി.ഐയുടെ തെരഞ്ഞെടുപ്പ് നയമായിരുന്നു. രമേശ് ചെന്നിത്തലയോട് പരാജയപ്പെട്ട പി.പ്രസാദിനെ പകരക്കാരനായി അവതരിപ്പിക്കുേമ്പാൾ പാർട്ടിയുടെ മുന്നിലുള്ളത് ലോക്സഭ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളിലെ ശക്തമായ വോട്ട് വിഹിതം മാത്രമാണ്. കഴിഞ്ഞ തവണത്തെ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥി എസ്.ശരത്താണ് എതിരാളിയെന്നത് പ്രസാദിന് കാര്യങ്ങൾ ബുദ്ധിമുട്ടിലാക്കും.
കോവിഡുമൂലം ഉപതെരഞ്ഞെടുപ്പ് നടക്കാതെ പോയ കുട്ടനാട്ടിൽ അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസിന് അപ്പുറം മറ്റൊരാെള നിശ്ചയിക്കാൻ എൻ.സി.പിക്ക് കഴിയുമായിരുന്നില്ല. കുട്ടനാട്ടുകാരനായ മുൻ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ യു.ഡി.എഫ് സ്ഥാനാർഥി കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ജേക്കബ് എബ്രഹാമിനെ സംബന്ധിച്ചിടത്തോളം മണ്ഡലത്തിൽ ആഴത്തിൽ വേരുകളുള്ളത് തുണയാകും. കഴിഞ്ഞ തവണത്തെ യു.ഡി.എഫ് സ്ഥാനാർഥി എന്നതും അനുകൂല ഘടകമാണ്.
അരൂരിലൊരു ഒന്നൊന്നര പരീക്ഷണം
അരൂരിൽ സിറ്റിങ് എം.എൽ.എ ഷാനിമോൾ ഉസ്മാനെ നേരിടാൻ എൽ.ഡി.എഫ് അവതരിപ്പിക്കുന്നത് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറും പിന്നണിഗായികയുമായ ദലീമ ജോജോയെയാണ് എന്നുകേട്ടപ്പോൾ ഞെട്ടിയവരിൽ ദലീമ തന്നെയുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ആലപ്പുഴ, ചേർത്തല മണ്ഡലങ്ങളിലെ ലത്തീൻ കത്തോലിക്ക വോട്ടുകളിൽ കണ്ണുനട്ടാണ് ഈ സ്ഥാനാർഥിത്വമെന്ന പുറംപറച്ചിലിന് അപ്പുറം എൽ.ഡി.എഫിനെതിരെ ഉയർന്ന പേയ്മെൻറ് സീറ്റ് പട്ടികയിൽ അരൂരുമുണ്ടെന്ന അടക്കംപറച്ചിലിൽ പതിരില്ലാതില്ല. ഉപതെരഞ്ഞെടുപ്പിലെ ഷാനിമോളുടെ വിജയം 'ഒറ്റത്തവണ പ്രതിഭാസം' മാത്രമാണെന്ന സി.പി.എം അന്വേഷണ കമീഷന് മുന്നിെല ജില്ല നേതാക്കളുടെ ന്യായീകരണത്തിൽ വാസ്തവം വല്ലതും ഉണ്ടായിരുന്നുവോ എന്നറിയാൻ തെരഞ്ഞെടുപ്പുഫലം വരുകതന്നെ വേണം. മണ്ഡലത്തിൽ പരമാവധി നിറഞ്ഞുനിൽക്കാൻ ഷാനിമോൾ നടത്തിയ ശ്രമം വോട്ടർമാർ കാണാതെ പോകില്ലെന്നാണ് യു.ഡി.എഫ് വിശ്വാസം. ബി.ഡി.ജെ.എസിലെ ടി.അനിയപ്പൻ ഇരുപക്ഷെത്തയും വോട്ടുകൾ പിടിക്കാനിടയുണ്ട്.
ഉറപ്പാണ് ചെങ്ങന്നൂരും മാവേലിക്കരയും
ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ ഉയർന്ന ഭൂരിപക്ഷത്തിൽ നിലനിർത്തിയ സജി ചെറിയാനെ വീണ്ടും ജനം പിന്തുണക്കുമെന്ന വിശ്വാസമാണ് മുൻ എം.എൽ.എയായ പി.സി. വിഷ്ണുനാഥിന് മത്സരിക്കാൻ താൽപര്യം ഇല്ലാതെപോയെന്നത് യാഥാർഥ്യമാണ്. അതോടെ, മറ്റൊരു മുൻ എം.എൽ.എയായ എം.മുരളിക്ക് നറുക്കുവീഴുകയായിരുന്നു. ആർ.എസ്.എസ് സൈദ്ധാന്തികൻ ഡോ.ആർ.ബാലശങ്കർ ഉയർത്തിയ സി.പി.എം-ബി.ജെ.പി 'ഡീൽ' വിവാദമൊന്നും ചെങ്ങന്നൂരിൽ ഏശില്ല. ബി.ജെ.പി ജില്ല പ്രസിഡൻറുകൂടിയായ എം.വി. ഗോപകുമാറിനാകട്ടെ രണ്ടുതവണ പി.എസ്. ശ്രീധരൻ പിള്ള നേടിയ വോട്ടുകൾ പോലും കിട്ടാനിടയില്ല.
ആർ.രാജേഷിന് പകരം മാവേലിക്കരയിൽ സി.പി.എം അവതരിപ്പിച്ച എം.എസ്. അരുൺകുമാറിന് മുന്നിൽ വെല്ലുവിളി ഉയർത്താൻ മുൻ ജെ.എസ്.എസിൽനിന്ന് കോൺഗ്രസിൽ എത്തിയ മുൻ എം.എൽ.എ കെ.കെ. ഷാജുവിെൻറ സ്ഥാനാർഥിത്വത്തിന് കഴിയുമെന്ന് തോന്നുന്നില്ല. ഇവിടെ സി.പി.എമ്മിൽനിന്നെത്തിയ കെ.സഞ്ജുവിനെ സ്ഥാനാർഥിയാക്കിയതുവഴി ബി.ജെ.പിക്ക് കാര്യമായ നേട്ടമൊന്നുമില്ല.
കളഞ്ഞുകുളിക്കുമോ കായംകുളം
രണ്ടാംവട്ടം ജനവിധി തേടുന്ന യു.പ്രതിഭക്ക് കായംകുളം സുരക്ഷിതമാണോയെന്ന ആശങ്ക എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ ശക്തമായി അലയടിക്കുന്നുണ്ട്. പാർട്ടി ഘടകങ്ങളുമായി അത്ര രസത്തിലല്ല എം.എൽ.എ എന്നതും യു.ഡി.എഫ് നാടകീയമായി അവതരിപ്പിച്ച അരിത ബാബുവിന് ചുരുങ്ങിയ ദിവസങ്ങളിൽ മുന്നേറാൻ കഴിഞ്ഞതും നിസ്സാരമെന്ന് പറയാനാവില്ല. ചേർത്തലയിലും കുട്ടനാടും എന്നപോലെ കായംകുളത്ത് ബി.ഡി.ജെ.എസ് സ്ഥാനാർഥി പ്രദീപ് ലാൽ നേടുന്ന വോട്ടുകൾ പാരയാകുന്നത് എൽ.ഡി.എഫിനാണ്.
പ്രതിപക്ഷ നേതാവിെൻറ പ്രിയമണ്ഡലം
ഹരിപ്പാട് തനിക്ക് അമ്മയെപ്പോലെയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുവേദിയിൽ പൊട്ടിക്കരഞ്ഞത് അടുത്ത ദിവസമാണ്. നിലവിൽ എതിരാളിയായി വന്ന എ.ഐ.വൈ.എഫ് നേതാവ് ആർ.സജിലാലിന് ഇറക്കുമതി സ്ഥാനാർഥി പരിവേഷം ചാർത്തപ്പെട്ടത് എൽ.ഡി.എഫിന് തിരിച്ചടിയായി. മുൻ ബി.ജെ.പി ജില്ല പ്രസിഡൻറുകൂടിയായ കെ.സോമനാണ് എൻ.ഡി.എ സ്ഥാനാർഥി എന്നത് ചെന്നിത്തലയെ സംബന്ധിച്ചിടത്തോളം മറ്റൊരു അനുഗ്രഹമാണ്.