വോട്ട് വീട്ടിലെത്തി; െഎഷാകുഞ്ഞ് ഹാപ്പി
text_fieldsഐഷ കുഞ്ഞ് പോളിങ് ഉദ്യോഗസ്ഥർക്കൊപ്പം
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും നിയമസഭയിലേക്ക് വോട്ട് ചെയ്തതിെൻറ സന്തോഷത്തിലാണ് ഐഷ കുഞ്ഞ്. കുട്ടനാട് നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടർമാരിൽ ഒരാളായ വീയപുരം വാണിയപ്പുരയ്ക്കൽ ഐഷാ കുഞ്ഞാണ് (105) പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് ചെയ്തത്. കണ്ണിന് കാഴ്ച കുറവായതിനാൽ കഴിഞ്ഞ തവണ പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യാൻ പറ്റിയിരുന്നില്ല.
അതുവരെ മുടക്കാതിരുന്ന സമ്മതിധാനാവകാശം അന്ന് ആദ്യമായി മുടങ്ങിയതിൽ സങ്കടവുമായി ഇരിക്കുമ്പോഴാണ് വോട്ട് തേടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയത്. വോട്ട് ചെയ്തതിലുള്ള സന്തോഷം ഐഷ കുഞ്ഞ് മറച്ചു വെച്ചില്ല. പോളിങ് ഉദ്യോഗസ്ഥരെ പരിചയപ്പെടുകയും അവരോട് കുശലം പറയുകയും ചെയ്തു.
പോളിങ് ഓഫിസർമാരായ റീറ്റ കുര്യൻ, ജാസ്ന അലി, ബി.എൽ.ഒ ജി. ജയൻ, മൈക്രോ ഒബ്സർവർ എസ്. രതീഷ്, സിവിൽ പൊലീസ് ഓഫിസർ എ.എസ്. സുഭാഷ്, വിഡിയോ ഗ്രാഫർ ഡി.എസ്. നിഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടിലെത്തി വോട്ട് ചെയ്യിപ്പിച്ചത്.