ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്; എൽ.ഡി.എഫ് ലക്ഷ്യം ഭരണത്തുടർച്ച; തടയിടാൻ യു.ഡി.എഫ്
text_fieldsആലത്തൂർ: ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽവന്ന കാലം മുതൽ ഇടതിനോട് ചേർന്നുള്ള ചരിത്രമാണ് ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിനുള്ളത്. ഗ്രാമപഞ്ചായത്തുകളിലായി 15 ഡിവിഷനുകളാണ് ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലുണ്ടായിരുന്നത്. ഡിവിഷൻ പുനർനിർണയിൽ അത് 17 ആയി ഉയർന്നു. കിഴക്കഞ്ചരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, തരൂർ, കാവശ്ശേരി, ആലത്തൂർ, എരിമയൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ് ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിൽ വരുന്നത്.
അവിടെയെല്ലാം ഭരണം എൽ.ഡി.എഫിനാണ്. എന്നാൽ, ഈ പ്രാവശ്യം കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ സി.പി.എമ്മിൽ ചില പ്രശ്നങ്ങളുണ്ട്. മുൻ പഞ്ചായത്ത് പ്രസിഡൻറുമാരായ രണ്ടുപേർ സ്വതന്ത്രരായി ഓരോയിടത്ത് യു.ഡി.എഫ് പിന്തുണയോടെ മത്സര രംഗത്തുണ്ട്. ഈ സംഗതിയാണ് യു.ഡി.എഫ് പ്രതീക്ഷ വെക്കുന്നത്. വാർഡ് തലത്തിൽ യു.ഡി.എഫിന് ലഭിക്കുന്ന വോട്ട് മറ്റ് തലങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ് കഴിഞ്ഞ കാല അനുഭവം. നിലവിലെ കക്ഷിനില: എൽ.ഡി.എഫ് -15 (സി.പി.എം -13 സി.പി.ഐ -02).


