ആലത്തൂരിനായി ആഞ്ഞുപിടിച്ച്
text_fieldsയു.ഡി.എഫ് സ്ഥാനാർഥി പാളയം പ്രദീപ് കുഴൽമന്ദം പഞ്ചായത്തിലെ ആലടിക്കാട് കോളനിയിൽ വോട്ടഭ്യർഥിക്കുന്നു. കൂടെ രമ്യ ഹരിദാസ് എം.പി
വികസനത്തുടർച്ചക്ക് വോട്ടഭ്യർഥിച്ച് പ്രസേനൻ
ആലത്തൂർ: മീനച്ചൂടിനൊപ്പം രാഷ്ട്രീയ പോരാട്ടത്തിനും ആലത്തൂരിൽ ചൂടേറുകയാണ്. ഇടത് കോട്ട നിലനിർത്താൻ കെ.ഡി. പ്രസേനനും പിടിച്ചെടുക്കാൻ യു.ഡി.എഫിലെ പാളയം പ്രദീപും മൂന്നാം ശക്തി ആവാൻ എൻ.ഡി.എയിലെ പ്രശാന്ത് ശിവനും സകല ശക്തിയും പ്രയോഗിക്കുന്ന കാഴ്ചയാണ് മണ്ഡലത്തിലെങ്ങും.
സമയം രാവിലെ ഏഴ്. കാട്ടുശ്ശേരിയിലെ വീട്ടിൽ നിന്ന് ഇറങ്ങാൻ ഒരുങ്ങുകയാണ് സിറ്റിങ് എം.എൽ.എയായ എൽ.ഡി.എഫ് സ്ഥാനാർഥി പ്രസേനൻ. ഒരു നേന്ത്രപ്പഴം മാത്രമാണ് പ്രഭാത ഭക്ഷണം. കുടിക്കാനാവശ്യമായ തിളപ്പിച്ചാറിയ വെള്ളം കാറിൽ കരുതുന്നുണ്ട്. ഉച്ചഭക്ഷണം ഏതെങ്കിലും പ്രവർത്തകരുടെ വീട്ടിൽ.
കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലാണിയിൽ നൽകിയ സ്വീകരണത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ഡി. പ്രസേനൻ വോട്ടഭ്യർഥിച്ച് സംസാരിക്കുന്നു
ഇതാണ് പ്രചാരണ കാലത്തെ രീതി. സമയം രാവിലെ 11 മണി. വി.ആർ.ടി ബാലേശ്വരം എന്ന സ്ഥലത്താണ് സ്വീകരണം. അതിന് മുമ്പ് 10 സ്വീകരണങ്ങൾ കഴിഞ്ഞിരുന്നു.
വികസന നായകൻ കെ.ഡി. പ്രസേനൻ ഈ വാഹനത്തിെൻറ തൊട്ടു പിറകിലായി ഇതാ വരുന്നു, അനുഗ്രഹിക്കുക ആശീർവദിക്കുക എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് പൈലറ്റ് വാഹനം മുന്നിൽ പോകുന്നു. വി.ആർ.ടിയിലെത്തിയപ്പോൾ ചെറിയ ആൾക്കൂട്ടം അവിടെയുണ്ട്. വികസന -ഭരണ തുടർച്ചക്കായി എനിക്ക് വോട്ട് ചെയ്യണം. കുറഞ്ഞ വാക്കുകളിൽ വോട്ടഭ്യർഥന നടത്തി അടുത്ത സ്ഥലത്തേക്ക്.
എം.പിയോടൊപ്പം പാളയം പ്രദീപിെൻറ പര്യടനം
യു.ഡി.എഫ് സ്ഥാനാർഥി പാളയം പ്രദീപ് രാവിലെ ഏഴിനുതന്നെ വടക്കഞ്ചേരിയിലെ വീട്ടിൽ നിന്നിറങ്ങി. രാവിലെ കഞ്ഞിയായിരുന്നു ഭക്ഷണം. വെള്ളമൊന്നും കരുതാറില്ല.
സ്വീകരണ കേന്ദ്രങ്ങളിൽ പ്രവർത്തകർ നൽകുന്ന ഇളനീർ മാത്രമാണ് കഴിക്കുന്നത്. കുഴൽമന്ദം പഞ്ചായത്തിലാണ് ഞായറാഴ്ച പര്യടനം. 9.30ന് കളത്തിൽ എന്ന സ്ഥലത്തുനിന്ന് ആരംഭിച്ച പ്രചാരണ പരിപാടി കളപ്പട്ടി ആലടിക്കാട് പട്ടികജാതി കോളനിയിലെത്തിയപ്പോൾ സമയം ഉച്ചക്ക് 12 മണി.
ഇരുനൂറോളം പ്രവർത്തകർ ഇരുചക്രവാഹനങ്ങളിലും കാറിലുമായി അകമ്പടിയുണ്ട്. തുറന്ന വാഹനത്തിലാണ് സഞ്ചരിക്കുന്നത്. രമ്യ ഹരിദാസ് എം.പിയും പ്രവർത്തകെൻറ ബൈക്കിൽ കൂടെ സഞ്ചരിക്കുന്നുണ്ട്. ഓരോ ദിവസം ഓരോ അസംബ്ലി മണ്ഡലത്തിലാണ് പ്രചാരണത്തിനിറങ്ങുന്നതെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
മാറ്റത്തിനും മണ്ഡലത്തിെൻറ സമഗ്ര വികസനത്തിനുമാണ് വോട്ടു ചോദിക്കുന്നത്. കൈ അടയാളത്തിൽ വോട്ടു നൽകി എന്നെ വിജയിപ്പിക്കണം -പാളയം പ്രദീപ് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ് അവസാനിപ്പിക്കുന്നു. ആറാമത്തെ സ്വീകരണ സ്ഥലമാണ് ആലടിക്കോട് കോളനി. 11 കേന്ദ്രങ്ങളിലെ സ്വീകരണശേഷം രാത്രി എട്ടിന് കുഴൽമന്ദം ചന്തപ്പുരയിലായിരുന്നു സമാപനം.
റോഡ് ഷോയുമായി പ്രശാന്ത് ശിവൻ
എൻ.ഡി.എ സ്ഥാനാർഥിയും പ്രചാരണ രംഗത്ത് ശക്തമായ പ്രകടനംതന്നെയാണ് കാഴ്ചവെക്കുന്നത്. രാവിലെ ഏഴിന് പാലക്കാട് മൂത്താൻതറ കണ്ണകി നഗറിലെ വീട്ടിൽനിന്നാണ് സ്ഥാനാർഥി പ്രശാന്ത് ശിവൻ പുറെപ്പടുന്നത്.
രാവിലെ വീട്ടിൽനിന്ന് ഒന്നും കഴിച്ചിരുന്നില്ല. വിശക്കുേമ്പാൾ ഏതെങ്കിലും പ്രവർത്തകരുടെ വീടുകളിൽനിന്ന് ഭക്ഷണം കഴിക്കുന്നതാണ് പ്രചാരണം തുടങ്ങിയ ശേഷമുള്ള ശീലം. ചൂടുവെള്ളം രണ്ട് ഫ്ലാസ്ക്കുകളിൽ വീട്ടിൽ നിന്ന് വാഹനത്തിൽ കരുതുമെങ്കിലും അതു കഴിഞ്ഞാൽ പ്രവർത്തകരുടെ വീട്ടിൽ നിന്ന് വീണ്ടും നിറക്കും. വണ്ടാഴി പഞ്ചായത്തിലായിരുന്നു പര്യടനം. കടപ്പാറയിൽ നിന്നാണ് തുടക്കം. 27 സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം മുടപ്പല്ലൂരിൽ റോഡ് ഷോയോടെ പരിപാടി സമാപിച്ചു.