ദേശീയപാതയിൽ ലോറി കുടുങ്ങി; രണ്ടര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു
text_fieldsദേശീയപാത എരിമയൂർ മേൽപാലത്തിൽ നിയന്ത്രണംവിട്ട് ഡിവൈഡറിൽ കയറിയ ഗ്യാസ് ടാങ്കർ ലോറി
ആലത്തൂർ: ദേശീയപാത എരിമയൂർ മേൽപാലത്തിൽ ഗ്യാസ് ടാങ്കർ ലോറി വശത്തെ ഡിവൈഡിൽ കയറി കുടുങ്ങി. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ പെട്രോൾ പമ്പിന് സമീപം മുകൾ ഭാഗത്താണ് സംഭവം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ക്രെയിൻ കൊണ്ടുവന്ന് ലോറിയുടെ മുൻഭാഗം അഴിച്ച് വേർപ്പെടുത്തിയ ശേഷമാണ് ടാങ്കറിനെ ഡിവൈഡറിൽനിന്ന് റോഡിലേക്ക് ഇറക്കിയത്. മൂന്നര മണിയോടെ ലോറി പോയ ശേഷമാണ് ഗതാഗതം സാധാരണ ഗതിയിലായത്. കൊച്ചിയിൽനിന്ന് ഗുജറാത്തിലേക്ക് പോകുന്നതാണ് ലോറി. കനത്ത മഴയിൽ മേൽപാലം റോഡിൽ വെള്ളം കെട്ടിനിന്ന് റോഡ് കാണാതെ നിയന്ത്രണംവിട്ട് കയറിയതാണെന്നാണ് അറിവായത്. പാലക്കാട് പോകുന്ന റോഡിന്റെ വലത് വശത്തെ ഡിവൈഡറിലാണ് ലോറിയുടെ ഒരുവശത്തെ ചക്രം കയറിയത്.