അമ്പലപ്പുഴയിൽ തമ്പടിച്ച് സുധാകരൻ; പുറംപരിപാടികൾ വെട്ടിക്കുറച്ചു
text_fieldsആലപ്പുഴ: അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നതിനാല്‍ മന്ത്രി ജി. സുധാകരന് സംസ്ഥാനതല പര്യടന പരിപാടികള്‍ വെട്ടിക്കുറച്ചു. ഒരാഴ്ചത്തെ പരിപാടികളാണ് എ.കെ.ജി സെൻറർ തയാറാക്കിയത്. എന്നാൽ, അമ്പലപ്പുഴയിൽ കൂടുതൽ സമയം ചെലവഴിക്കണമെന്ന മന്ത്രിയുടെ നിർദേശം അംഗീകരിക്കുകയായിരുന്നു പാർട്ടി.
ഇതോടെ നാലുദിവസം മാത്രം ജില്ലക്ക് പുറത്ത് പ്രചാരണത്തിൽ പങ്കെടുത്താൽ മതിയെന്ന് തീരുമാനമായി. ജില്ലയിൽ പാർട്ടി തീരുമാനമനുസരിച്ച് ആലപ്പുഴ, കായംകുളം, മാവേലിക്കര, കുട്ടനാട്, ചെങ്ങന്നൂർ മണ്ഡലങ്ങളിലായി 17 യോഗത്തിൽ മന്ത്രി പങ്കെടുക്കും. അമ്പലപ്പുഴയിലെ 19 മേഖല കണ്‍വെന്‍ഷനുകളില്‍ ഇതിനകം മന്ത്രി പങ്കെടുത്തു. അമ്പലപ്പുഴയിൽ മാത്രമായി 27 യോഗത്തിലാണ് ഇനി പങ്കെടുക്കുക.
തെരെഞ്ഞടുപ്പ് കമ്മിറ്റികളിലും മേഖലയോഗങ്ങളിലും നിരന്തരം പങ്കെടുക്കേണ്ടതിനാലാണ് മറ്റ് ജില്ലകളിലെ പൊതുപരിപാടികൾ ഒഴിവാക്കിയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. തുടരെ മൂന്നുതവണ മത്സരിച്ചതിനാൽ പാർട്ടി മാനദണ്ഡം ബാധകമായ സാഹചര്യത്തിൽ മന്ത്രിക്ക് പകരം അമ്പലപ്പുഴയിൽ എച്ച്. സലാമാണ് മത്സരരംഗത്ത്.