മരിച്ച 80കാരിയുടെ പേരിൽ വോട്ട് ചെയ്തതായി പരാതി
text_fieldsഅങ്കമാലി: ഒരുവർഷം മുമ്പ് മരിച്ച വ്യക്തിയുടെ പേരിൽ 80 വയസ്സ് കഴിഞ്ഞവർക്കുള്ള സൗകര്യം ഉപയോഗിച്ച് വോട്ട് ചെയ്തതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
ഒരുവർഷം മുമ്പ് മരിച്ച ചെറുമഠത്തിൽ റപ്പായിയുടെ ഭാര്യ അന്നക്കുട്ടിയുടെ പേരിലാണ് വോട്ടുചെയ്തത്. അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം വി.ഐ.പി റോഡിൽ 90ാം ബൂത്തിലാണ് സംഭവം.
80 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ ഇരുന്നുതന്നെ വോട്ട് ചെയ്യാം. ഇതനുസരിച്ച് മൂന്നുദിവസം മുമ്പാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് പ്രിസൈഡിങ് ഓഫിസർ നൽകിയ മാർക്ഡ് കോപ്പിയിൽനിന്നാണ് ഇവർ വോട്ട് ചെയ്തത് അറിയാൻ കഴിഞ്ഞത്.
ഇതിന് കൂട്ടുനിന്ന ബി.എൽ.ഒക്കെതിരെയും പ്രിസൈഡിങ് ഓഫിസർക്കെതിരെയും ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ ബേബി വി. മുണ്ടാടൻ, കെ.വി. മുരളി എന്നിവർ ആവശ്യപ്പെട്ടു.