ആറന്മുളയിലെ ബി.ജെ.പി കേന്ദ്രങ്ങളിൽ മൗനം; ബൂത്തുകളിൽ നിന്ന് ഏജൻറുമാർ മുങ്ങി
text_fieldsപത്തനംതിട്ട: ഡീലിൽ കുരുങ്ങിയ ആറന്മുളയിലെ കൂടുതൽ ബൂത്തുകളിലും വോട്ടെടുപ്പ് ദിവസം ബി.ജെ.പിക്ക് ഏജൻറുമാരില്ലായിരുന്നു. ശക്തി കേന്ദ്രങ്ങളിലെ വിരലിലെണ്ണാവുന്ന ബൂത്തുകളിൽ മാത്രമാണ് ഏജൻറുമാർ ഉണ്ടായിരുന്നത്.
ചില ബൂത്തുകളിലെ ഏജൻറുമാർ ഉച്ചക്കുശേഷം മുങ്ങുകയും ചെയ്തു. ബി.ജെ.പി എ ക്ലാസ് മണ്ഡലമായി വിലയിരുത്തിയിരുന്നതാണ് ആറന്മുള. പുറത്തുനിന്ന് പ്രമുഖർ ആരെങ്കിലും ഇവിടേക്ക് വരുെമന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവിൽ ജില്ല പ്രസിഡൻറ് അശോകൻ കുളനടക്കായാണ് ആറന്മുള മാറ്റിവെച്ചത്.
എന്നാൽ, സ്ഥാനാർഥി പട്ടിക വന്നപ്പോൾ അശോകൻ കുളനടയെ തിരുവല്ലയിലേക്ക് മാറ്റി. അപ്രതീക്ഷിതമായി ഓർത്തഡോക്സ് സഭയുമായി ബന്ധമുള്ള ബിജു മാത്യു സ്ഥാനാർഥിയാകുകയും ചെയ്തു.
ഇതടക്കം മധ്യകേരളത്തിലെ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം ചൂണ്ടിക്കാട്ടിയാണ് ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കർ ഡീൽ ആേരാപണം ഉന്നയിക്കുകയും അത് കത്തിപ്പടരുകയും ചെയ്തത്.
സ്ഥാനാർഥിയായെങ്കിലും ബിജു മാത്യുവിെൻറ പ്രചാരണ പ്രവർത്തനങ്ങൾ നാമമാത്രമായിരുന്നു. വീടുകയറിയുള്ള നോട്ടീസ് വിതരണം, സ്ലിപ് വിതരണം എന്നിവ ചില സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങി. അതിനു പിന്നാലെയാണ് വോട്ടെടുപ്പ് ദിവസവും പ്രവർത്തകരുടെ പിൻമാറ്റം.
ആറന്മുളയിൽ ബി.ജെ.പിക്ക് ലഭിക്കാതെ പോകുന്ന വോട്ടുകളിലാണ് ഇരുമുന്നണിയുടെയും പ്രതീക്ഷ. ഡീലിന് സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രെൻറ കോന്നിയിലെ സ്ഥാനാർഥിത്വവുമായി ബന്ധമുണ്ടെന്ന് കരുതിയിരുന്നെങ്കിലും പ്രചാരണത്തിനൊടുവിൽ സുരേന്ദ്രൻ കോന്നി ഉപേക്ഷിച്ച് മഞ്ചേശ്വരത്ത് കേന്ദ്രീകരിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.
ഓർത്തഡോക്സ് സഭയുടെയും മറ്റും ഭാഗത്തുനിന്ന് പ്രതീക്ഷിച്ച സഹകരണം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇതെന്നാണ് വിലയിരുത്തുന്നത്.