സൗഹൃദം വോട്ടാകും; ഒപ്പമുണ്ടാകുമെന്ന് വാഗ്ദാനം
text_fieldsഅരൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി ദലീമ ജോജോ കുടുംബാംഗങ്ങൾക്കൊപ്പം
അരൂർ: പാട്ടുകാരിയായ മമ്മി എങ്ങനെ ഇത്ര പെട്ടെന്ന് പൊതു പ്രവർത്തകയായി എന്നതിെൻറ വിസ്മയം വിട്ടുമാറിയിട്ടില്ല മക്കളായ ആർദ്രക്കും കെന്നിനും. ഇരുപതുവർഷത്തിലേറെയായി അരൂർ പൂജപ്പുര ക്ഷേത്രത്തിനുസമീപം ജോഡെൻ എന്ന വീട്ടിലാണ് നെട്ടൂരിലെ ഗ്രിഗോറിയസ് പബ്ലിക് സ്കൂളിൽ അധ്യാപകനായ ജോജോയും ദലീമയും മക്കളും താമസിക്കുന്നത്.
സൗമ്യമായി പെരുമാറുന്ന ദലീമയുടെ സൗഹൃദങ്ങൾ വോട്ടാകുമെന്ന് ഭർത്താവ് ജോജോക്ക് ഉറപ്പ്. അതുകൊണ്ടാണ് അവർ രണ്ടുതവണയും ജില്ല പഞ്ചായത്ത് അരൂർ ഡിവിഷനിൽ വിജയിച്ചത്. നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ കരുത്ത് ജനങ്ങളിലുള്ള വിശ്വാസമാണ്. അടുപ്പമുള്ളവരോട് അവൾക്കായി വോട്ട് ചോദിക്കുന്നുണ്ട്. അരൂരിെൻറ സൗഹൃദങ്ങളിലേക്ക് ജോജോയും മക്കളും ഫോണിൽ വോട്ട് അഭ്യർഥിക്കും.
വിശേഷദിവസങ്ങളിൽ ജന്മനാടായ എഴുപുന്നയിൽ ദലീമ കുടുംബത്തോടൊപ്പം എത്താറുണ്ട്. അച്ഛനും അമ്മയും മരിച്ചശേഷം ദലീമയുടെ മൂത്തസഹോദരി ജിതയുടെ വീട്ടിലാണ് പോകാറുള്ളത്. തെരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും കഴിഞ്ഞ ദിവസം ജ്യേഷ്ഠത്തിയുടെ വീട്ടിലെ വിരുന്നിൽ ദലീമയും കുടുംബവും പങ്കുചേർന്നു. അവിടെ ബന്ധുവീടുകളിലും പഴയ അയൽക്കാരോടും നാട്ടുകാരോടും സഹോദരിയോടൊപ്പം നടന്ന് വോട്ടുതേടി.