തെരഞ്ഞെടുപ്പിൽ അരൂരിെൻറ വികസന വിഷയം പാലങ്ങൾ തന്നെ
text_fieldsപൂർത്തിയായ തൈക്കാട്ടുശ്ശേരി-തുറവൂർ പാലം
കെ.ആർ. അശോകൻ
അരൂർ: തെരഞ്ഞെടുപ്പുകൾ വരുേമ്പാൾ പാലങ്ങളാണ് അരൂരിൽ വികസന വിഷയമാകാറ്. വേമ്പനാട്ടുകായലും കൈതപ്പുഴ കായലും കുറുമ്പി കായലും മറ്റ് കായൽ കൈവഴികളും അതിരിടുന്ന 10 പഞ്ചായത്തുകൾ അടങ്ങുന്ന അരൂർ നിയോജക മണ്ഡലത്തിൽ പൂർത്തിയായ അനേകം പാലങ്ങൾ ഉണ്ട്. ഇനിയും പൂർത്തിയാകാത്ത പാലങ്ങളും ഏറെ. കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത് അരൂർ നിയോജക മണ്ഡലത്തിലെ പെരുമ്പളമാണ്. ആലപ്പുഴ ജില്ലയുമായും എറണാകുളം ജില്ലയുമായും ദ്വീപ് നിവാസികൾക്ക് ബന്ധപ്പെടാൻ ബോട്ടുകൾ മാത്രമാണ് ആശ്രയം. വടുതലയുമായി ബന്ധപ്പെടുത്തി പാലം നിർമിക്കാൻ കേരള സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൈലിങ് ജോലികൾ നടന്നുവരുന്നു. തുറവൂർ -പമ്പ പാതയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് മാക്കേക്കടവ്-നേരേകടവ് പാലം. ആദ്യ പാലമായ തൈക്കാട്ടുശ്ശേരി-തുറവൂർ പാലം സമയബന്ധിതമായി പൂർത്തിയാക്കിയിരുന്നു. മാക്കേക്കടവ്-നേരേകടവ് പാലത്തിലേക്ക് വന്നപ്പോഴാണ് സ്ഥലവിലയെ സംബന്ധിച്ചും അല്ലാതെയുമുള്ള തർക്കങ്ങൾ കോടതി വരെ എത്തിയത്. ഇപ്പോൾ നിയമക്കുരുക്കുകൾ എല്ലാം അഴിഞ്ഞു. സ്ഥലമെടുപ്പ് ജോലികളും ആരംഭിച്ചുകഴിഞ്ഞതായി ഷാനിമോൾ ഉസ്മാെൻറ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ പറഞ്ഞത്. എഴുപുന്ന പഞ്ചായത്തിലെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രം കാക്കത്തുരുത്തിലേക്കുള്ള പാലമാണ് കുറേക്കാലമായി വികസന വിഷയമായി നിയോജക മണ്ഡലത്തിൽ നിൽക്കുന്നത്.
ഒരു കാർട്ടബിൾ പാലം തുകയും അനുവദിച്ച് തൂണുകൾ നിർമിച്ച് ദ്വീപ് വരെ എത്തിയതാണ്. പാലം എത്തുന്ന ദ്വീപിെൻറ സ്ഥലം ഉടമയുടെ സമ്മതം വാങ്ങാതിരുന്നതിനാൽ, നിയമക്കുരുക്കിൽ പെട്ട് നിലച്ചു. ഇപ്പോൾ നിലവിലുള്ള പാലത്തിെൻറ തൂണുകൾ പിഴുതു കളഞ്ഞ്, വലിയ പാലം നിർമിക്കുന്നതിന് വലിയ തുക അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നു.
ഇതിനിടെ അരൂരിലെ എം.എൽ.എ ആരിഫ് എം.പി ആയി വിജയിച്ചതോടെ, ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എയായി അധികാരമേറ്റു. കാക്കത്തുരുത്തിലേക്കുള്ള തെക്കേ കടവിൽ ഒരു നടപ്പാലം നിർമിക്കാൻ എം.എൽ.എ പദ്ധതിയിട്ട് നിർമാണവും ആരംഭിച്ചു. ഈ പഞ്ചായത്തിൽ തന്നെ അരൂക്കുറ്റിയുമായി ബന്ധപ്പെടുത്തി എരമല്ലൂർ കുട പുറത്തേക്ക് ഒരു പാലം നിർമിക്കാൻ ആവശ്യമുയർന്നിരുന്നു.ഇവിടെ മണ്ണ് പരിശോധനയും മറ്റു നടപടികളും പൂർത്തിയായെങ്കിലും നിർമാണപ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ കഴിഞ്ഞിട്ടില്ല. ഈ പാലം പൂർത്തീകരിച്ചാൽ അരൂർ ദേശീയപാതയിലേക്ക് എത്താനുള്ള വാഹനങ്ങൾക്ക് കിലോമീറ്ററുകൾ ചുറ്റി വളയാതെ എരമല്ലൂരിലെ ദേശീയ പാതയിൽ എത്താൻ സാധിക്കും.
ഇനിയും നിർമിക്കാനുള്ള മറ്റൊരു പാലം കോടംതുരുത്ത് പഞ്ചായത്തിലെ പി.എസ്.എസ് കടവ് പാലമാണ്. പഞ്ചായത്തിനെ തന്നെ രണ്ടായി വിഭജിക്കുന്ന കുറുമ്പി കായലിന് കുറുകെ നിർമിക്കേണ്ട പാലത്തിന് വേണ്ടിയുള്ള നാട്ടുകാരുടെ മുറവിളിക്ക് പതിറ്റാണ്ടുകൾ പഴക്കമുണ്ട്. കെ.ആർ. ഗൗരിയമ്മ അരൂർ എം.എൽ.എ ആയിരുന്ന സമയത്ത് പാലത്തിനുവേണ്ടി മണ്ണ് പരിശോധനയും മറ്റും നടത്തിയതല്ലാതെ പിന്നീട് ശ്രമങ്ങൾ നടത്തിയിട്ടില്ല. മിക്കപ്പോഴും പായൽ തിങ്ങിക്കിടക്കുന്ന കായലിലൂടെ ചെറുവള്ളങ്ങളിൽ സാഹസിക യാത്ര നടത്തിയാണ് വിദ്യാർഥികൾ കോടംതുരുത്ത് സ്കൂളിൽ പഠിക്കാൻ പോകുന്നത് .
മറ്റൊന്ന് കുമ്പളങ്ങിയുമായി ബന്ധപ്പെടുത്തുന്ന കുമ്പളങ്ങി-അരൂർ പാലമാണ്. ജില്ലയിൽ ആലപ്പുഴ ജില്ലയുമായി ബന്ധപ്പെടുന്ന ഈ പാലം പൂർത്തീകരിക്കുന്നതോടെ അരൂരിലെ ദേശീയപാതയിൽ എത്താൻ ഈ മാർഗം തീരവാസികൾക്ക് സഹായകമാകും.