ധർമജൻ നാളെ നേപ്പാളിൽ നിന്നെത്തും; പേരിനൊപ്പം 'എം.എൽ.എ' ഉണ്ടാകുമോ എന്നറിയാൻ
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ മത്സരിക്കാനെത്തിയ 'സെലിബ്രിറ്റി'യായിരുന്നു നടൻ ധർമജൻ ബോൾഗാട്ടി. ജില്ലയിലെ ചില യുവകോൺഗ്രസ് നേതാക്കളുടെ മനസ്സിൽ മുളയിട്ട ആശയമായിരുന്നു പട്ടികജാതി സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ ധർമജനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കുകയെന്നത്.
സംഭവം ചൂടുപിടിച്ചപ്പോൾ കഴിഞ്ഞ ഫെബ്രുവരി മുതൽ ബാലുശ്ശേരിയിലെ ഒമ്പത് പഞ്ചായത്തുകളിലും നടൻ സാന്നിധ്യമറിയിച്ചു. സാന്നിധ്യം കുറച്ച് കൂടിയപ്പോൾ പാർട്ടി ഇടപെട്ടു. ഇനി ഔദ്യോഗിക തീരുമാനമായിട്ട് വന്നാൽ മതിയെന്ന് നിർദേശം നൽകി. ചില മുതിർന്ന നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും ഡൽഹിയിൽനിന്ന് സ്ഥാനാർഥിപ്പട്ടിക പുറത്തു വന്നപ്പോൾ ധർമജെൻറ പേരുമുണ്ടായിരുന്നു.
പുനർനിർണയത്തിനു ശേഷം ബാലുശ്ശേരി മണ്ഡലത്തിലെ ഏറ്റവും കടുത്ത മത്സരമായിരുന്നു ഇത്തവണ. തദ്ദേശ തെരഞ്ഞെടുപ്പിൽ 4800 ഓളം വോട്ടായിരുന്നു എൽ.ഡി.എഫിന് ലീഡ്. ഇതെല്ലാം മറികടക്കാമെന്നാണ് യു.ഡി.എഫ് വിശ്വസിക്കുന്നത്. പതിനായിരത്തോളം നിഷ്പക്ഷ വോട്ടർമാർ മണ്ഡലത്തിലുണ്ടെന്നാണ് വിലയിരുത്തൽ.
ഇവരിലാണ് ധർമജെൻറ പ്രതീക്ഷ. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഷൂട്ടിങ്ങിനായി നേപ്പാളിലേക്ക് പോയ ധർമജൻ ശനിയാഴ്ച തിരിച്ചെത്തും. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയിൽ ബിബിൻ ജോര്‍ജാണ് നായകൻ.
ഏയ്ബൽ മരിയ ക്രിയേഷന്സിെൻറ ബാനറില്‍ ലോറന്‍സ് നിർമിക്കുന്ന ചിത്രത്തിൽ സംവിധായകൻ കൂടിയായ ജോണി ആൻറണിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത മരട് 357 എന്ന ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന ധർമജെൻറ സിനിമ.
നേപ്പാളിൽനിന്ന് തിരിച്ചുവരുമ്പോൾ പേരിനൊപ്പം 'എം.എൽ.എ'യും ഉണ്ടാകുമെന്ന ധർമജെൻറ വാക്കുകൾ വെറും 'ഡയലോഗ്' ആണോയെന്ന് രണ്ടു ദിവസം കഴിഞ്ഞാലറിയാം.