ബാലുശ്ശേരിയിൽ ധർമജെൻറ കനത്ത പരാജയം കോൺഗ്രസിൽ ചർച്ചയാകുന്നു
text_fieldsബാലുശ്ശേരി: ബാലുശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയുടെ കനത്ത തോൽവി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കകത്ത് ചർച്ചയാകുന്നു. െതരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം തന്നെ നടക്കാനിരിക്കുന്ന യു.ഡി.എഫ് യോഗത്തിൽ മണ്ഡലം കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധമുയരാനാണ് സാധ്യത.
ഇക്കുറി ബാലുശ്ശേരിയിൽ അട്ടിമറി വിജയം പ്രതീക്ഷിച്ചിറക്കിയ സെലിബ്രറ്റി കൂടിയായ കോൺഗ്രസിലെ ധർമജൻ ബോൾഗാട്ടിക്ക് 20327 വോട്ടിെൻറ ഭൂരിപക്ഷത്തിന് എൽ.ഡി.എഫിലെ യുവ വിദ്യാർഥി നേതാവ് സച്ചിൻ ദേവിനു മുന്നിൽ അടിയറവു പറയേണ്ടിവന്നതിെൻറ കാരണം കണ്ടെത്താൻ കൂടിയാണ് അടുത്ത ദിവസം യു.ഡി.എഫ് യോഗം തീരുമാനിച്ചിട്ടുള്ളത്.
യു.ഡി.എഫ് ഏറെ പ്രതീക്ഷയോടെയായിരുന്നു സിനിമ താരം കൂടിയായ കോൺഗ്രസുകാരൻ ധർമജനെ ബാലുശ്ശേരിയിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കിയത്. ബാലുശ്ശേരിയുടെ നാലു പതിറ്റാണ്ടായുളള വികസന പോരായ്മയും ഒരു മാറ്റവും ഉയർത്തിക്കാട്ടിയായിരുന്നു യു.ഡി.എഫ് പ്രചാരണം.
സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിക്കുന്നതിനു മാസങ്ങൾ മുമ്പേ മണ്ഡലത്തിലെ കോൺഗ്രസ് എ ഗ്രൂപ്പിലെ ഒരു വിഭാഗം, ധർമജൻ ബോൾഗാട്ടിയെ ബാലുശ്ശേരിയിൽ വിവിധ പരിപാടികളിൽ പങ്കെടുപ്പിച്ചിരുന്നു. എ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം ഇത് കണ്ടില്ലെന്ന് നടിച്ച് നിലകൊള്ളുകയായിരുന്നു. ഇതിനെതിരെ ദലിത് കോൺഗ്രസ് പ്രവർത്തകരും രംഗത്തുവന്നു. ബാലുശ്ശേരിയിലെ തന്നെ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമായ എ ഗ്രൂപ്പുകാരനായ യുവാവും ഇതിനിടെ സ്ഥാനാർഥി മോഹവുമായി രംഗത്തുവന്നിരുന്നു.
എ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം നേതാക്കളുടെ ഒത്താശയോടെയായിരുന്നു ഇദ്ദേഹവും സ്ഥാനാർഥിക്കുപ്പായമണിഞ്ഞത്. ഇതിനിടെ നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ പേരിൽ ധർമജെൻറ സ്ഥാനാർഥിത്വത്തിനെതിരെ കെ.പി.സി.സിക്ക് പരാതിയും പോയി. ഇതാകട്ടെ മണ്ഡലത്തിലെ യു.ഡി.എഫ് കമ്മിറ്റിയിൽ ഏറെ ഒച്ചപ്പാടിനും ഇടയാക്കി. എന്നാൽ, കെ.പി.സി.സിയുടെ അന്തിമ ലിസ്റ്റിൽ ബാലുശ്ശേരിയിലെ സ്ഥാനാർഥിയായി ധർമജന് തന്നെയായിരുന്നു നറുക്ക് വീണത്.
ഏറെ വൈകിയാണെങ്കിലും മണ്ഡലത്തിലെ െതരഞ്ഞെടുപ്പ് പ്രചാരണ രംഗത്തിറങ്ങിയ ധർമജന് തുടക്കത്തിൽ ലഭിച്ച ആവേശകരമായ സഹകരണങ്ങളൊന്നും പിന്നീടുള്ള ദിവസങ്ങളിൽ കിട്ടിയില്ല എന്നതാണ് വാസ്തവം. മണ്ഡലത്തിലെ ലീഗ് പ്രവർത്തകരും കോൺഗ്രസ് ഐ ഗ്രൂപ് വിഭാഗവും ധർമജനോടൊപ്പം സജീവമായി രംഗത്തിറങ്ങിയെങ്കിലും എ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം നേതാക്കൾ നിസ്സഹകരിച്ചു.
സെലിബ്രറ്റി എന്ന നിലയിൽ ധർമജന് മണ്ഡലത്തിൽ ലഭിച്ചിരുന്ന തിങ്ങിനിറഞ്ഞ സ്വീകരണങ്ങളും കൂട്ടായ്മയും വെറും സെൽഫി ഭ്രമത്തിൽ ഒതുങ്ങിയതല്ലാതെ വോട്ടായി മാറിയില്ല എന്നതു തന്നെയാണ് യാഥാർഥ്യം. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മണ്ഡലത്തിലെ രണ്ടാം ഘട്ട വാഹന പര്യടനം പോലും നടത്താനാകാതെ കുടുംബയോഗങ്ങൾ മാത്രം നടത്തി പ്രചാരണം അവസാനിപ്പിക്കേണ്ടിവന്നതും പ്രതികൂലമായിട്ടുണ്ട്.
ചില നേതാക്കളുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കാത്തതും ധർമജന് വിനയായി. അവസാന ഘട്ടത്തിൽ കോമഡി സിനിമ താരങ്ങളും ചാനൽ മിമിക്രി താരങ്ങളുമെത്തി വോട്ടു പിടിക്കലും കലാപരിപാടികളുമായി രംഗത്തിറങ്ങിയത് തെരഞ്ഞെടുപ്പിെൻറ തന്നെ ഗൗരവം കെടുത്തിയത് ഗുണത്തേക്കാളേറെ ദോഷമാണ് ഉളവാക്കിയത്. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിൽ കോൺഗ്രസ് ഭരിക്കുന്ന മൂന്നു പഞ്ചായത്തുകളിൽ ഒന്നിൽ മാത്രമാണ് ധർമജന് നേരിയ ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് െതരഞ്ഞെടുപ്പിലും യു.ഡി.എഫ് കെട്ടുറപ്പില്ലാതെ പ്രവർത്തിച്ചത് ഏറെ ചർച്ചയായിരുന്നു. വരും ദിവസങ്ങളിൽ മുന്നണിയിലെ ലീഗ് പോലും കുറ്റപ്പെടുത്തുന്ന അവസ്ഥയിലേക്ക് കോൺഗ്രസ് മാറിപ്പോകുമെന്നാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തന്നെയുള്ള ആശങ്ക.