കായണ്ണയിലും കൂരാച്ചുണ്ടിലും യു.ഡി.എഫിന് വൻ വോട്ടുചോർച്ച
text_fieldsപേരാമ്പ്ര: നിയമസഭ തെരഞ്ഞെടുപ്പിൽ കായണ്ണ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിന് വലിയ വോട്ടുചോർച്ച. കായണ്ണ ഇടതുമുന്നണിക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണെങ്കിലും യു.ഡി.എഫ് പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനെക്കാൾ ദയനീയ പ്രകടനമാണ് നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഇവിടെ നടത്തിയത്. 250ഒാളം വോട്ടുകൾ ഉണ്ടായിരുന്ന ഏഴാം വാർഡിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് 38 ആയി കുറഞ്ഞു. യു.ഡി.എഫ് സ്ഥിരം 300ൽ കൂടുതൽ വോട്ടിന് ജയിക്കുന്ന ആറാം വാർഡിൽ 339 വോട്ടിന് ഇടതുപക്ഷം അട്ടിമറിവിജയം നേടി.
തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും മോശപ്പെട്ട പ്രകടനത്തിലും ഇടതുപക്ഷത്തിെൻറ ഭൂരിപക്ഷം 1427 വോട്ടായിരുന്നു. എന്നാൽ, ഈ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സചിൻ ദേവിന് കായണ്ണ നൽകിയ ഭൂരിപക്ഷം 1755 വോട്ടാണ്. തദ്ദേശ തെരഞ്ഞെടുപ്പിനെക്കാളും 328 വോട്ടാണ് യു.ഡി.എഫിന് കുറഞ്ഞത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ പഠിച്ച് പോരായ്മകൾ കണ്ടെത്താൻ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നാണ് വോട്ടുചോർച്ച വ്യക്തമാക്കുന്നത്. ഏഴാം വാർഡിൽ സ്ഥാനാർഥി അടക്കം ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന ആരോപണമുയർന്നിട്ടും മണ്ഡലം സെക്രട്ടറി കൂടിയായ അയാൾക്കെതിരെ ഒരു അച്ചടക്ക നടപടിയും കോൺഗ്രസ് സ്വീകരിച്ചില്ല. സിറ്റിങ് സീറ്റായ ആറാം വാർഡിൽ വൻ തോൽവിയുടെ കാരണത്തെ കുറിച്ചും പഠനം നടന്നില്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
പഞ്ചായത്തിലെ പല ഭാഗങ്ങളിലും യു.ഡി.എഫിെൻറ സ്ലിപ്പ് പോലും എത്തിച്ചില്ലെന്നും ആരോപണമുയർന്നിട്ടുണ്ട്. പല നേതാക്കളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നതായും പറയപ്പെടുന്നു. പുറമെയുള്ള ചികിത്സകൊണ്ട് പ്രയോജനമില്ലെന്നും അടിത്തട്ടിൽനിന്ന് ചികിത്സതുടങ്ങിയാൽ മാത്രമേ യു.ഡി.എഫിനെ തിരിച്ചുകൊണ്ടുവരാൻ സാധ്യമാകൂ എന്നുമാണ് അണികൾ ചൂണ്ടിക്കാട്ടുന്നത്.
യു.ഡി.എഫിന് വലിയ ആധിപത്യമുള്ള ഗ്രാമപഞ്ചായത്തായിട്ടും സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിക്ക് 742 വോട്ടിെൻറ ഭൂരിപക്ഷം മാത്രമാണ് കൂരാച്ചുണ്ടിൽ ലഭിച്ചത്. ഇവിടെ യു.ഡി.എഫ് പ്രതീക്ഷിച്ചത് 1500ൽ ഏറെ ഭൂരിപക്ഷമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ചില വാർഡുകളിൽ കോൺഗ്രസും ലീഗും കേരള കോൺഗ്രസ് ജോസഫും വെവ്വേറെ സ്ഥാനാർഥികളെ നിർത്തിയിട്ടും കോൺഗ്രസ് വിമതൻമാർ മത്സരിച്ചിട്ടും യു.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്താണ് കൂരാച്ചുണ്ട്.
പുറമെ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെയാണ് കൂരാച്ചുണ്ടിൽ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കളും കൂരാച്ചുണ്ടിൽ പ്രചാരണത്തിന് എത്തിയിരുന്നു.