ചാലക്കുടിയിൽ അട്ടിമറി സ്വപ്നത്തിൽ യു.ഡി.എഫ്; മണ്ഡലമാകെ ഇളക്കി മറിച്ച് എൽ.ഡി.എഫ്
text_fieldsനിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രമുള്ളപ്പോൾ തൃശൂർ ജില്ലയിലെ മണ്ഡലങ്ങളിലെ ഏറ്റവും ഒടുവിലത്തെ രാഷ്ട്രീയ കാലാവസ്ഥയിലൂടെ....
ചാലക്കുടി (തൃശൂർ): സ്വതന്ത്രർ ഉൾപ്പെടെ ഒമ്പത് സ്ഥാനാർഥികൾ മത്സരിക്കുന്ന ചാലക്കുടിയിൽ തുടക്കത്തിൽ ഉണ്ടായിരുന്ന എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ ത്രികോണ മത്സരത്തിെൻറ പ്രതീതി വോട്ടെടുപ്പ് ദിവസത്തോടടുക്കുേമ്പാൾ എൽ.ഡി.എഫ്-യു.ഡി.എഫ് പോരാട്ടത്തിലേക്ക് മാറിയിട്ടുണ്ട്. കേരള കോൺഗ്രസ്-ജോസ് ഗ്രൂപ്പിെൻറ ഡെന്നീസ് കെ. ജോസഫ് എൽ.ഡി.എഫിെൻറയും കോൺഗ്രസ് സ്ഥാനാർഥി ടി.ജെ. സനീഷ് കുമാർ ജോസഫ് യു.ഡി.എഫിെൻറയും ബി.ഡി.ജെ.എസിെൻറ കെ.എ. ഉണ്ണികൃഷ്ണൻ എൻ.ഡി.എയുടെയും സ്ഥാനാർഥികളായി അങ്കം കുറിക്കുകയാണ്.
യു.ഡി.എഫ് ദേശീയ, സംസ്ഥാന നേതാക്കളെ കൊണ്ടുവന്ന് പ്രചാരണം ശക്തിപ്പെടുത്തി. അതേസമയം, പ്രവർത്തകരെ രംഗത്തിറക്കി വൻ റാലികളും റോഡ് ഷോകളും നടത്തി മണ്ഡലമാകെ ഇളക്കി മറിക്കുകയാണ് എൽ.ഡി.എഫ്. പ്രചാരണ രംഗത്ത് ഡെന്നീസ് ഒരു ചുവടു മുന്നിലാണ്. ഡെന്നീസിെൻറ സാധ്യതകൾക്ക് നിരവധി ഘടകങ്ങളുണ്ട്. ബി.ഡി. ദേവസി കഴിഞ്ഞ 15 വർഷത്തെ വികസന പ്രവർത്തനവും പിണറായി സർക്കാറിെൻറ ജനക്ഷേമ പ്രവർത്തനങ്ങളും ഉയർത്തിയാണ് പ്രചാരണം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഡെന്നീസിെൻറ നേതൃപാടവവും വ്യക്തിത്വവും ചാലക്കുടിക്കാരനാണെന്ന ഘടകവും വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് മുന്നണി പ്രതീക്ഷ. കോൺഗ്രസ് വിട്ട് ജോസ് ഗ്രൂപ്പിലൂടെ വന്നിട്ടും ഡെന്നീസിെൻറ സ്ഥാനാർഥിത്വം ഒരു വിധത്തിലുള്ള വിയോജിപ്പും ഉണ്ടാക്കാത്തതിനാൽ തുടക്കം മുതൽ സംഘടിതമായി എൽ.ഡി.എഫിന് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടുണ്ട്. അതിെൻറ നേട്ടം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മുന്നണി. തദ്ദേശ തെരഞ്ഞെടുപ്പിൽ ചാലക്കുടി നഗരസഭ കൈവിട്ടെങ്കിലും എട്ടിൽ ആറ് പഞ്ചായത്തും നേടിയത് എൽ.ഡി.എഫിന് പ്രതീക്ഷ പകരുന്നുണ്ട്.
ചാലക്കുടിക്കാരനല്ലാത്ത സനീഷ് കുമാർ ജോസഫിെൻറ സ്ഥാനാർഥിത്വത്തിൽ തുടക്കത്തിൽ കോൺഗ്രസിൽ വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും ബെന്നി ബെഹനാൻ എം.പിയുടെ തന്ത്രപരമായ നീക്കത്തിലൂടെ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകുകയാണ്.
ജില്ല പഞ്ചായത്ത് അംഗമായിരുന്നു എന്ന പ്രവർത്തന പരിചയവും അനുകൂലമായി ഉയർത്തിക്കാട്ടുന്നു. പ്രിയങ്ക ഗാന്ധി, ശശി തരൂർ, മുൻ കേന്ദ്ര മന്ത്രിമാരടക്കമുള്ള ദേശീയ നേതാക്കൾ ചാലക്കുടിയിലെത്തിച്ച് കോൺഗ്രസ് വികാരം ഉയർത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും മകനും മകളും മണ്ഡലത്തിൽ പലവട്ടം പ്രചാരണത്തിന് എത്തിയത് ഗുണമാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിലെ പ്രതീക്ഷ. 15 വർഷം മുമ്പ് നഷ്ടപ്പെട്ട ചാലക്കുടി പിടിച്ചെടുക്കുകയെന്നത് യു.ഡി.എഫിെൻറ സ്വപ്നം കൂടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബെന്നി ബെഹനാെൻറ ജയത്തിെൻറ കണക്കിന്മേലാണ് പ്രതീക്ഷ കെട്ടിപ്പൊക്കുന്നത്. അടിച്ചേൽപിച്ച സ്ഥാനാർഥിയോടുള്ള കോൺഗ്രസ് പ്രവർത്തകരുടെ അതൃപ്തി ഇപ്പോഴും അവശേഷിക്കുന്നതിെൻറ ആശങ്കയുണ്ട്.
യു.ഡി.എഫ് ക്യാമ്പിൽ ചാലക്കുടിക്കാരനായ സ്ഥാനാർഥിക്ക് വേണ്ടി മുറവിളി കൂട്ടിയപ്പോൾ എൻ.ഡി.എ സ്ഥാനാർഥിയായി ചാലക്കുടിക്കാരനായ കെ.എ. ഉണ്ണികൃഷ്ണനെ രണ്ടാം തവണയും രംഗത്തിറക്കിയതിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. കഴിഞ്ഞ തവണ 25,000 വോട്ടിലധികം എൻ.ഡി.എ നേടി. എന്നാൽ, ഇത്തവണ എൻ.ഡി.എക്ക് ഉണർവ് കുറവാണ്. തുഷാർ വെള്ളാപ്പിള്ളി വന്നതൊഴിച്ചാൽ അവിെട ഒച്ചയും അനക്കവും കുറവാണ്. ഉണ്ണികൃഷ്ണൻ കൂടുതൽ വോട്ട് പിടിക്കുന്നത് യു.ഡി.എഫിെൻറ സാധ്യതയെ ബാധിക്കും, മറിച്ചായാൽ സഹായകമാവും.