ചെങ്ങന്നൂർ ജാമ്യമെടുത്ത് ബി.ജെ.പി; പ്രതീക്ഷയിൽ എൽ.ഡി.എഫ്
text_fieldsചെങ്ങന്നൂർ: ബി.ജെ.പി-സി.പി.എം വോട്ടുകച്ചവട ആരോപണത്തെ തുടർന്ന് വിവാദമണ്ഡലമായ ചെങ്ങന്നൂരിൽ കോൺഗ്രസ് വോട്ടുകൾ അവരുടെ സ്ഥാനാർഥിക്ക് കിട്ടിയില്ലെന്ന ആരോപണവുമായി ബി.ജെ.പി രംഗത്ത്.
ബി.ജെ.പിക്ക് അടക്കം വളക്കൂറുള്ള ചെങ്ങന്നൂരിെൻറ മണ്ണിൽ ഇതോടെ ബി.ജെ.പി വോട്ടുകൾ ഇടത്തോട്ട് ചോർന്നെന്ന സംശയം ബലപ്പെട്ടു.
ഓർത്തഡോക്സ് സഭ, എൻ.എസ്.എസ് വോട്ടുകൾ യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞെന്ന റിപ്പോർട്ടുകൾക്കിടെയാണ് കോൺഗ്രസ് വോട്ടുകൾ അവരുടെ സ്ഥാനാർഥി എം. മുരളിക്ക് ലഭിച്ചിട്ടില്ലെന്ന ആരോപണം ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ ഉന്നയിച്ചത്.
സി.പി.എം സ്ഥാനാർഥി സജി ചെറിയാന് ബി.ജെ.പി വോട്ട് മറിക്കുമെന്ന് പ്രഖ്യാപിച്ചത് ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറാണ്. എൻ.എസ്.എസ് വോട്ടുകളും നിർണായകമായ ചെങ്ങന്നൂരിൽ ഇത് മുരളിക്ക് അനുകൂലമാകുമെന്ന സൂചന നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടുകച്ചവട ആരോപണം ബാലശങ്കർ ഉയർത്തിയത്.
എന്നാൽ, കോൺഗ്രസിനെതിരെ ബി.ജെ.പി രംഗത്തുവന്നത് ബി.ജെ.പി വോട്ട് സി.പി.എമ്മിന് പോയതിന് മറപിടിക്കാനാണെന്ന് സംശയിക്കുന്നു. ചെങ്ങന്നൂരിലും ആറന്മുളയിലും സി.പി.എമ്മിന് വിജയം ഉറപ്പാക്കാൻ ബി.ജെ.പിയുമായി ഒത്തുകളിയെന്നായിരുന്നു ബാലശങ്കറിെൻറ വെളിപ്പെടുത്തൽ.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിൽ പ്രത്യുപകാരം എന്ന നിലയിൽ ഡീൽ ഉണ്ടെന്നാണ് ആരോപണം.
ചെങ്ങന്നൂരിലെ സ്ഥാനാർഥി ബി.ജെ.പി ജില്ല പ്രസിഡൻറ് ഗോപകുമാർ സി.പി.എമ്മിന് വേണ്ടപ്പെട്ടയാളാണെന്നും വികല കാഴ്ചപ്പാടുള്ള സംസ്ഥാന നേതൃത്വവുമായാണ് മുന്നോട്ടുപോകുന്നതെങ്കിൽ 30 കൊല്ലത്തേക്ക് ബി.ജെ.പിക്ക് വിജയസാധ്യതയില്ലെന്നുമാണ് ബാലശങ്കർ ആഞ്ഞടിച്ചത്.
ബി.െജ.പി സംശയനിഴലിൽ നിൽക്കെയാണ് പോളിങ് കഴിഞ്ഞതോടെ വോട്ടുചോർച്ച കോൺഗ്രസിൽ ചാരി ബി.ജെ.പി രംഗത്തെത്തിയത്. ഫലം വന്നശേഷം വോട്ടുമറിച്ച കോൺഗ്രസ് നേതാക്കളുടെ പേരുവിവരം വെളിപ്പെടുത്തുമെന്നാണ് ബി.ജെ.പി മുന്നറിയിപ്പ്.