ആ മുഷിഞ്ഞ നോട്ടിലെ 'മാതൃസ്നേഹം' ഉള്ളിൽ തട്ടി; വയോധികയെ കണ്ടെത്തി മുത്തം നൽകി പി. പ്രസാദ്
text_fieldsചേർത്തല: വോട്ട് ചോദിച്ചെത്തിയപ്പോൾ കുറച്ച് മുഷിഞ്ഞ നോട്ടുകൾ വാത്സല്യത്തോടെ സമ്മാനിച്ച് മടങ്ങിയ ആ അമ്മയെ അന്വേഷണത്തിനൊടുവിൽ പി.പ്രസാദ് കണ്ടെത്തി. എൽ.ഡി.എഫ് സ്ഥാനാർഥി പി.പ്രസാദിെൻറ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഴയുള്ള ഒരു ദിവസം മണിക്കൂറോളം കാത്തുനിന്ന വയോധിക സ്ഥാനാർഥിക്ക് നൽകിയ മാലക്കൊപ്പം ഒരു ചെറിയ കവറും ഉണ്ടായിരുന്നു.
കൊരിച്ചൊരിയുന്ന മഴയും രാത്രി വൈകിയതിെൻറ തിരക്കും കാരണം എന്താണെന്ന് നോക്കാൻ പ്രസാദിന് സമയം കിട്ടിയില്ല. ആ അമ്മ തന്ന കവറിൽ എന്താണ് എന്നുള്ളത് തിരക്ക് ഒഴിഞ്ഞ സമയം കാറിനുള്ളിൽ െവച്ച് നോക്കിയപ്പോഴാണ് മുഷിഞ്ഞ 10 രൂപയുടെ 20 നോട്ടുകൾ അടുക്കി െവച്ചിരിക്കുന്നത് കാണുന്നത്. വല്ലാതെ ഉള്ളിൽ തട്ടിയ ഈ അനുഭവം സ്ഥാനാർഥി മറ്റ് സ്വീകരണ കേന്ദ്രങ്ങളിലെ വേദികളിൽ പങ്കുവെച്ചിരുന്നു. ആ അമ്മ കഞ്ഞിക്കുഴി ചെറുവാരണം തട്ട് പുരയ്ക്കൽ പത്മിനിയാണെന്ന് പ്രവർത്തകർ കണ്ടുപിടിച്ചതോടെ അവരെ കാണണമെന്ന ആഗ്രഹം പ്രസാദിന് വളരെയധികമായി. തെരഞ്ഞെടുപ്പ് ദിവസം ചെറുവാരണത്ത് പാർട്ടി പ്രവർത്തകെൻറ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ആ അമ്മയെ വീണ്ടും കാണാനായത്.
കണ്ടപാടെ കെട്ടിപ്പിടിച്ച് നെറുകയിൽ മുത്തം നൽകി. വിവരം തിരക്കിയപ്പോഴേക്കും ആ അമ്മ വാചാലയായി. ചെറുപ്പം മുതൽ സി.പി.എം പ്രവർത്തകയും കയർ തൊഴിലാളിയുമാണ് പത്മിനി.
പാർട്ടിയോട് വലിയ ആത്മാർത്ഥതയാണ്. ചേർത്തല മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.പ്രസാദാണെന്ന് പറഞ്ഞ് കേട്ടപ്പോൾ അവർക്ക് വല്ലാത്ത ആവേശമായിരുന്നു. കാരണം ഇതിന് മുമ്പ് ചില പരിപാടികളിൽ പ്രസാദിെൻറ പ്രസംഗം കേൾക്കാൻ ഇടയായിട്ടുണ്ട്. അന്ന് തുടങ്ങിയ സ്നേഹമാണ് സമ്മാന പൊതിയായി നൽകിയെതെന്ന് പത്മിനി പറയുന്നു.