തോൽവിയെച്ചൊല്ലി കോൺഗ്രസിൽ ഏറ്റുമുട്ടൽ; സ്വയം രാജിവെക്കില്ലെന്ന ഉറച്ച നിലപാടിൽ മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: കനത്ത തോൽവിയുടെ ഉത്തരവാദിത്തത്തെ ചൊല്ലി കോൺഗ്രസിൽ ഏറ്റുമുട്ടൽ. പാപഭാരം മുഴുവൻ കെ.പി.സി.സി നേതൃത്വത്തിനുമേൽ ചാരാൻ ഗ്രൂപ്പുകളും നേതാക്കളും ശ്രമിക്കുേമ്പാൾ കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നാണ് മറുവാദം.
ഇതോടെ പാർട്ടിയിലെ തലമുറമാറ്റവും സമൂല അഴിച്ചുപണിയും സംശയത്തിലായി. തോൽവിക്ക് മുഖ്യകാരണം കെ.പി.സി.സിയുടെയും പാര്‍ട്ടിയുടെയും ദൗര്‍ബല്യമാണെന്നാണ് പ്രമുഖ നേതാക്കള്‍ ഉൾപ്പെടെ പറയുന്നത്.
പാർട്ടി അടിമുടി അഴിച്ചുപണിത് ഉൗർജസ്വലമായ നേതൃത്വം വരണമെന്നും അവർ ആവശ്യപ്പെടുന്നു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് പുതിയമുഖം വരണമെന്നും താഴെത്തട്ട് മുതൽ സംഘടന സംവിധാനം പുനഃസംഘടിപ്പിക്കണമെന്നും ഇവരെല്ലാം ആഗ്രഹിക്കുന്നു.
ഉത്തരവാദിത്തം സാേങ്കതികമായി ഏറ്റെടുക്കാന്‍ തയാറാണെങ്കിലും സ്വയം രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈകമാൻഡ് എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തോൽവിയുടെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തോൽവി ചർച്ചചെയ്യാൻ വെള്ളിയാഴ്ച കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചേരുന്നുണ്ട്.
മുല്ലപ്പള്ളിയെ പ്രസിഡൻറ് സ്ഥാനത്ത് നിലനിർത്തി മുന്നോട്ട് പോകുന്നത് പാർട്ടിയെ കൂടുതൽ അപകടത്തിലേക്ക് എത്തിക്കുമെന്ന അഭിപ്രായമാണ് വിവിധ ഗ്രൂപ്പുകൾക്കുള്ളത്. ഉറങ്ങുന്ന പ്രസിഡൻറ് എന്തിനാണെന്ന ഹൈബി ഈഡെൻറ ഒറ്റവരി ഫേസ്ബുക്ക് ചോദ്യം അതിെൻറ ഭാഗമാണ്.
മുതിർന്ന നേതാവ് കെ.സി. ജോസഫും അഴിച്ചുപണി വേണമെന്ന് പരസ്യനിലപാട് എടുത്തുകഴിഞ്ഞു. കെ. മുരളീധരൻ ബുധനാഴ്ച മാധ്യമങ്ങളെ കാണുന്നുണ്ട്. നേതൃമാറ്റം പെെട്ടന്ന് നടപ്പാക്കണമെന്ന ആവശ്യങ്ങളോട് അദ്ദേഹം യോജിക്കുന്നിെല്ലന്നാണ് സൂചന.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ രമേശ് ചെന്നിത്തല ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലപാട് മാറ്റാൻ അടുത്ത വിശ്വസ്തരിൽനിന്ന് കടുത്ത സമ്മർദമുണ്ട്. പുതിയ എം.എൽ.എമാരുടെ അഭിപ്രായം കൂടി മനസ്സിലാക്കിയായിരിക്കും ചെന്നിത്തലയുടെ അന്തിമ തീരുമാനം.