പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsഎലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ എലത്തൂർ പൊലീസ് രണ്ടുപേരെ ചോദ്യം ചെയ്തുവരുന്നു.
തലക്കുളത്തൂർ സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് എടക്കര തൂണുമണ്ണിൽ കിഴക്കെ മലയിൽ എം.ആർ. അജയിയെ (19) എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എ. സായൂജ് കുമാർ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ചൈൽഡ് ലൈനിൽ കൗൺസലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസലിങ്ങിനിടെ കുട്ടി നൽകിയ മൊഴിപ്രകാരമാണ് വീട്ടിലെ ശുചിമുറിയിൽനിന്ന് മൂന്നു തവണയായി മൂന്നു പേർ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. ഇതുപ്രകാരം എലത്തൂർ പൊലീസ് തുടർനടപടി സ്വീകരിക്കുകയായിരുന്നു. മൂന്നു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.
പരാതി ലഭിച്ച ഉടനെ മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ കെ.ആർ രാജേഷ് കുമാർ, സി.പി.ഒമാരായ ഷൈജു, സമദ്, ലീനിഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. അജയിയെ കോടതി റിമാൻഡ് ചെയ്തു.