ഇരുവഴിപോയ വസന്തം, ഇനി ഏത് ചുവപ്പ്... ?
text_fieldsചുവന്ന മണ്ണാണ് ഇരവിപുരം. ആർ.എസ്.പിയുെട ചുവപ്പിനോട് ഏറെ പ്രിയമുണ്ടായിരുന്നെന്ന് മണ്ഡല ചരിത്രം പറയും. ഇത്തവണയും മണ്ഡലം ചുവക്കും.
ചുവപ്പണിയിക്കുന്നത് സി.പി.എമ്മാണോ ആർ.എസ്.പിയാണോ എന്നതാണ് ചോദ്യം. ഇരുവഴിക്ക് പിരിഞ്ഞ മുൻ സഖ്യകക്ഷികളുടെ േപാര് എന്ന നിലയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആത്മാഭിമാനത്തിെൻറ പോരാട്ടമാണിവിടെ. ജില്ലയിൽ വളരെ നേരത്തേ പ്രധാന പോരാളികൾ രംഗത്തുവന്ന മണ്ഡലം കൂടിയാണ് ഇരവിപുരം.
2016 ൽ ആർ.എസ്.പിയുടെ അപ്രമാദിത്തത്തിെൻറ മുനയൊടിച്ച എം. നൗഷാദിൽതന്നെ സി.പി.എം ഇത്തവണയും വിശ്വാസമർപ്പിച്ചു. മറുപക്ഷത്ത് പാളയത്തിലെ പ്രധാന പോരാളിയായ ബാബു ദിവാകരനെയാണ് ആർ.എസ്.പി മണ്ഡലം തിരിച്ചുപിടിക്കാനുള്ള പണിയേൽപിച്ചത്.
ജില്ലയിൽ എൻ.ഡി.എ നിരയിൽ ബി.ഡി.ജെ.എസിന് സീറ്റ് കിട്ടിയ രണ്ടാമത്തെ മണ്ഡലമാണ് ഇരവിപുരം. രഞ്ജിത് രവീന്ദ്രനാണ് സ്ഥാനാർഥി. എട്ട് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അയത്തിൽ റിയാസ് (എസ്.ഡി.പി.െഎ), മോഹനൻ മയ്യനാട് (ബി.എസ്.പി), എൻ. ഷിഹാബുദീൻ (സ്വതന്ത്രൻ), എം. ഉണ്ണികൃഷ്ണൻ (അണ്ണാ ഡി.എച്ച്.ആർ.എം), എസ്. സുധിലാൽ (എസ്.യു.സി.െഎ) എന്നിവരാണ് മറ്റുള്ളവർ.
മണ്ഡല ചിത്രം
കൊല്ലം നഗരത്തിെൻറ പകുതിയോളവും മയ്യനാട് പഞ്ചായത്ത് മുഴുവനും ഉൾപ്പെടുന്നതാണ് മണ്ഡലം. തീരദേശത്തെ മത്സ്യത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും ഉൾപ്പെടെ വൈവിധ്യമാർന്ന തൊഴിൽ സമൂഹമാണ് മണ്ഡലത്തിലെ വോട്ടർമാർ. 1965ൽ കോൺഗ്രസിെൻറ അബ്ദുൽ റഹീമും 1991ൽ മുസ്ലിംലീഗിെൻറ പി.കെ.കെ. ബാവയും മാത്രമാണ് ചുവപ്പൻ കൊടിയുടെ മറുപക്ഷത്തുനിന്ന് ജയം നേടിയിട്ടുള്ളത്.
ബാക്കി ചരിത്രത്താളുകളിൽ ആർ.എസ്.പിയുടെ കരുത്തുറ്റ കളിത്തട്ടായിരുന്നു ഇരവിപുരം എന്ന് വായിക്കാം. മുന്നണി മാറി യു.ഡി.എഫിലേക്ക് ചാഞ്ഞതോടെ 2016ൽ മണ്ഡലം ആർ.എസ്.പിയെ കൈവിട്ടു. തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടിറങ്ങിയ എ.എ. അസീസിന് സി.പി.എമ്മിെൻറ എം. നൗഷാദിന് മുന്നിൽ അടിപതറി. 28803 വോട്ടുകളോടെ (അതായത് 52.33 ശതമാനം വോട്ടുകൾ) കരുത്തുറ്റ ജയമാണ് സി.പി.എം കഴിഞ്ഞതവണ സ്വന്തമാക്കിയത്.
മത്സരം കടുപ്പം
കഴിഞ്ഞതവണ നഷ്ടമായിപ്പോയ പ്രിയ മണ്ഡലം എന്തു വിലകൊടുത്തും തിരിച്ചുപിടിക്കുകയെന്നതാണ് ആർ.എസ്.പിക്കുവേണ്ടി ബാബു ദിവാകരൻ ഏറ്റെടുത്തിരിക്കുന്ന ദൗത്യം.
മുൻ മന്ത്രി ടി.കെ. ദിവാകരെൻറ മകൻ എന്നതിനപ്പുറം കൊല്ലത്തിെൻറ മുൻ മന്ത്രിയുടെ ലേബലുമുള്ള അദ്ദേഹം നാടിനും നാട്ടുകാർക്കും ചിരപരിചിതൻ. മറുപക്ഷത്ത് എം. നൗഷാദും നാട് നിറഞ്ഞുനിന്ന എം.എൽ.എയായി പേരെടുത്തയാൾ.
മണ്ഡലത്തിൽ നടത്തിയ വികസനമാണ് നൗഷാദിെൻറ വോട്ടുവിഷയം. മറുപക്ഷം സർക്കാറിനെതിരെ രൂക്ഷവിമർശനങ്ങൾ ആയുധമാക്കിയാണ് വോട്ടുപിടിക്കുന്നത്.
ഏകദേശം ഒരേസമയത്ത് പ്രചാരണത്തിന് തുടക്കമിട്ട ഇരുപക്ഷവും അക്കാര്യത്തിൽ സജീവമായിതന്നെ മുന്നേറുകയാണ്. ഇതിനാൽതന്നെ ഇരവിപുരത്ത് മത്സരം ഇത്തവണ കടുപ്പമേറിയതാണ്. 2011ൽ നിന്ന് 2016ൽ എത്തിയപ്പോൾ വോട്ട് ശതമാനത്തിൽ മികച്ച പുരോഗതി നേടിയ ബി.ഡി.ജെ.എസിെൻറ സാന്നിധ്യവും നിർണായകമാണ്.