ആർ.സി ഇല്ലെങ്കിലെന്ത് ഡോക്ടറുണ്ട് ഹരിപ്പാട്...
text_fieldsഹരിപ്പാട്: രമേശ് ചെന്നിത്തല നാട്ടുകാർക്കെന്ന പോലെ ഡോ. രോഹിതിനും ആർ.സിയാണ്. പ്രതിപക്ഷ നേതാവിെൻറ മൂത്ത മകനാണ് രോഹിത്. തിരുവനന്തപുരത്ത് ഡോക്ടറായ രോഹിത് ലീവെടുത്ത് ഒന്നര മാസത്തിലേറെയായി ഹരിപ്പാടുണ്ട്. പാർട്ടിക്കാർക്കൊപ്പമാണ് യാത്ര. മറ്റുള്ളവരോടുള്ള സംസാരത്തിലും രോഹിതിെൻറ രമേശ് ചെന്നിത്തലയെക്കുറിച്ച സംബോധന 'ആർ.സി' എന്നുതന്നെ. മണ്ഡലത്തിൽ പ്രതിപക്ഷനേതാവ് എത്താത്തിടമില്ലെങ്കിലും ആർക്കെങ്കിലും പരിഭവമോ വിഷമമോ ഉണ്ടോയെന്ന് അന്വേഷിച്ചിറങ്ങുകയായിരുന്നു രോഹിതിെൻറ ആദ്യ ദൗത്യം.
വ്യക്തിപരമായ ആവശ്യങ്ങളും ചികിത്സസഹായവും മറ്റും തേടിയവർക്ക് മുന്നിൽ എം.എൽ.എ ഓഫിസിെൻറ സഹകരണത്തോടെ പരിഹാരം കണ്ടു. സമൂഹമാധ്യമ കാമ്പയിൻ മേൽനോട്ടമായിരുന്നു അടുത്തത്. ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങളും സ്ക്വാഡുമായി ഫീൽഡിൽ സജീവമാണ്. കുടുംബയോഗങ്ങളിൽ പിതാവിെൻറ പ്രതിച്ഛായയിൽ രോഹിതാണ് പ്രഭാഷകൻ. ഇതുവരെ എഴുപതോളം യോഗങ്ങൾ.
'അച്ഛന് ഹരിപ്പാടിെൻറ മകനെന്ന വിശേഷണം അർഥവത്താണെന്ന് നാടിെൻറ സ്നേഹം കാണുേമ്പാഴാണ് അനുഭവവേദ്യമാകുന്നത്. അച്ഛനോടുള്ള അടുപ്പം തന്നോടുള്ള വാത്സല്യവും സ്വാതന്ത്ര്യവുമായി മാറുന്നു പ്രചാരണത്തിൽ. അച്ഛൻ ആകെ ഒരാഴ്ചയിൽ താഴെയാണ് വോട്ട് ചോദിക്കാൻ ഹരിപ്പാടുണ്ടായത്. ''ധാർമിക പിന്തുണ നൽകി അമ്മ ക്യാമ്പ് ഓഫിസിലാണ് തെരഞ്ഞെടുപ്പുകാലത്ത് മുഴുവൻ ദിവസവും'' -രോഹിത് പറയുന്നു.
സഹോദരൻ റാമിത് ഇക്കുറി പ്രചാരണ രംഗത്തില്ല. ഐ.ആർ.എസ് പരിശീലനത്തിലായതാണ് കാരണം. രോഹിതിെൻറ ഭാര്യ എം.ഡിക്ക് ഒന്നാം വർഷം പഠിക്കുന്ന ശ്രീജ വോട്ട് ചെയ്യാൻ തിങ്കളാഴ്ചയെത്തും. ചെന്നിത്തലയുടെ ഭാര്യ അനിത പരസ്യപ്രചാരണത്തിന് പോകാറില്ലെന്നും രോഹിത് കൂട്ടിച്ചേർക്കുന്നു.