കുറഞ്ഞ പോളിങ്: സ്ഥാനാർഥികൾക്കും പറയാനുണ്ട്
text_fieldsതെരഞ്ഞെടുപ്പിനുശേഷം പോളിങ് കുറഞ്ഞതുമായി ബന്ധപ്പെട്ട് ചർച്ചയാണ് ജില്ലയിലെങ്ങും. പോളിങ് കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാണെന്ന അവകാശവാദങ്ങളുമായി മുന്നണികളും പ്രവർത്തകരും രംഗത്തിറങ്ങി. ഇതിൽ സ്ഥാനാർഥികൾക്ക് പറയാനുള്ളത്.
തൊടുപുഴ
പി.ജെ. ജോസഫ് -യു.ഡി.എഫ്
ജില്ലയിൽ പോളിങ് കുറഞ്ഞതിൽ ആശങ്കയില്ല. യു.ഡി.എഫിെൻറ എല്ലാ വോട്ടും പോൾ ചെയ്തതായാണ് ലഭിക്കുന്ന വിവരം. മികച്ച വിജയം നേടും.
കെ.ഐ. ആൻറണി -എൽ.ഡി.എഫ്
വിജയപ്രതീക്ഷയുണ്ട്. സംസ്ഥാനത്ത് ഇടതു ഭരണം തുടരും. ചിട്ടയായ പ്രവർത്തനം നടത്തിയ ഇടതു മുന്നണിയുടെ എല്ലാ പ്രവർത്തകരോടും നേതാക്കളോടും കടപ്പെട്ടിരിക്കുന്നു.
ശ്യാംരാജ് -എൻ.ഡി.എ
വിജയപ്രതീക്ഷയിലാണ്. രാഷ്ട്രീയത്തിനതീതമായി വോട്ട് നേടാൻ കഴിഞ്ഞു. നിഷ്പക്ഷ വോട്ടുകളടക്കം ലഭിച്ചു.
ദേവികുളം
എ. രാജ -എൽ.ഡി.എഫ്
കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കും. എൽ.ഡി.എഫ് സർക്കാർ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഓരോ പ്രദേശത്തുനിന്നുമുള്ള പ്രതികരണങ്ങളും അതാണ് വ്യക്തമാക്കുന്നത്.
ഡി. കുമാർ -യു.ഡി.എഫ്
നൂറുശതമാനവും വിജയപ്രതീക്ഷയിലാണ്. ഞാൻ ജനിച്ചുവളർന്ന നാടാണിത്. തൊഴിലാളികളും കർഷകരുമായി അടുത്ത ബന്ധമാണ്. 5000 വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിന് ജയിക്കും.
എസ്. ഗണേശൻ -എൻ.ഡി.എ
വിജയപ്രതീക്ഷയിലാണ്. ബൂത്തുകൾ സന്ദർശിച്ചപ്പോൾ ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ആ മാറ്റം എൻ.ഡി.എയോടൊപ്പമാകുമെന്നാണ് പ്രതീക്ഷ.
പീരുമേട്
സിറിയക് തോമസ് -യു.ഡി.എഫ്
വിജയം സുനിശ്ചിതം. ഒമ്പതിൽ എട്ട് പഞ്ചായത്തിലും വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. 5000 വോട്ടിന് അടുത്ത് ഭൂരിപക്ഷം ലഭിക്കും.
വാഴൂർ സോമൻ -എൽ.ഡി.എഫ്
നാലാം തവണയും മണ്ഡലം എൽ.ഡി.എഫ് നിലനിർത്തും. കഴിഞ്ഞ തവണ ലഭിച്ചതിലും ഇരട്ടി വോട്ടുകൾ ഇത്തവണ ഉണ്ടാകും. വണ്ടിപ്പെരിയാർ, പീരുമേട്, കൊക്കയാർ ഗ്രാമപഞ്ചായത്തുകളിൽ വൻ മുന്നേറ്റം ലഭിക്കും.
ശ്രീനഗരി രാജൻ -എൻ.ഡി.എ
പീരുമേട്ടിൽ വൻ മുന്നേറ്റം നടത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11,833 വോട്ട് ലഭിച്ചത് 20,000 ആയി വർധിക്കും. എല്ലാ പഞ്ചായത്തിലും മുന്നേറ്റം ഉണ്ടാകും.
ഇടുക്കി
റോഷി അഗസ്റ്റിൻ -എൽ.ഡി.എഫ്
പോളിങ് കുറഞ്ഞത് ഇടതുപക്ഷത്തിന് ഒരു ദോഷവും വരുത്തില്ല. വിജയം ഉറപ്പാണ്. എൽ.ഡി.എഫിന് ലഭിക്കേണ്ട മുഴുവൻ വോട്ടും ലഭിച്ചു.
ഫ്രാൻസിസ് ജോർജ് -യു.ഡി.എഫ്
പോളിങ് ശതമാനം കുറഞ്ഞത് വിജയത്തെ ഒരുതരത്തിലും ബാധിക്കില്ല. ഇടുക്കിയിൽ യു.ഡി.എഫിന് അനുകൂലമായ മുഴുവൻ വോട്ടും ലഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഇടതു മുന്നണിയിലെ ചില വോട്ടുകളും. വിജയം സുനിശ്ചിതമാണ്.
ഉടുമ്പൻചോല
എം.എം. മണി -എൽ.ഡി.എഫ്
പോളിങ് ശതമാനം കുറഞ്ഞാലും ഭൂരിപക്ഷം വർധിക്കും. ശതമാനം കുറയാന്‍ പ്രധാനകാരണം യു.ഡി.എഫ് അവരുടെ വോട്ട് ചെയ്യാത്തതാണ്. കോണ്‍ഗ്രസിലെ ഭിന്നതയും യു.ഡി.എഫിലെ അനൈക്യവും മൂലവുമാണ് പലരും വോട്ട് ചെയ്യാന്‍ എത്താത്തതിന് കാരണം.
ഇ.എം. ആഗസ്തി -യു.ഡി.എഫ്
തമിഴ്നാട്ടിലേക്ക് പോയിരുന്ന തോട്ടം തൊളിലാളികള്ക്ക്് മടങ്ങിവന്ന്് ഉടുമ്പന്‍ചോലയില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കാഞ്ഞതാണ് പോളിങ് ശതമാനം കുറയാന്‍ കാരണം. കർശന നടപടിയാണ് ഇത്തവണ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ വിജയം ഉറപ്പാണ്.
സന്തോഷ് മാധവൻ -എൻ.ഡി.എ
മണ്ഡലത്തിലെ പതിനയ്യായിരത്തോളം കള്ളവോട്ടുകള്‍ തടയാനായതാണ് പോളിങ് ശതമാനം കുറയാന്‍ കാരണം. തുടക്കത്തിലെ കള്ളവോട്ട് ചെയ്യാനെത്തിയവരെ പിടികൂടാന്‍ കഴിഞ്ഞു.