കളമശ്ശേരിയിലെ 647പേർക്ക് വോട്ട് 'ചെരിപ്പുകടയിൽ'
text_fieldsകളമശ്ശേരി: പോളിങ് ബൂത്തിലെ സൗകര്യക്കുറവ് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ചെരിപ്പുകട പോളിങ് സ്റ്റേഷനാകുന്നു. കളമശ്ശേരി നഗരസഭ പരിധിയിലെ 40ാം വാർഡ് വട്ടേക്കുന്നത്തെ 142ാം നമ്പർ പോളിങ് ബൂത്തിലാണ് സൗകര്യക്കുറവുമൂലം സമീപത്തെ ചെരിപ്പുകട ബൂത്തായി മാറ്റുന്നത്. പ്രദേശത്തെ വായനശാലയാണ് ബൂത്തായി ഉപയോഗിച്ചുവരുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ നിര കൂടിയതോടെ റോഡിൽ ഗതാഗത തടസ്സമുണ്ടായി. ഈ സാഹചര്യത്തിൽ ബൂത്ത് ഇവിടെനിന്ന് മാറ്റി മറ്റൊരിടം കണ്ടെത്തണമെന്ന നിർദേശം ഉയർന്നിരുന്നു. എന്നാൽ, ഈ തെരഞ്ഞെടുപ്പിൽ വോട്ടിങ് കേന്ദ്രമായി വായനശാലയാണ് നിശ്ചയിച്ചിരിക്കുന്നത്.
തിരക്ക് ഒഴിവാക്കാൻ ഇക്കുറി സമീപത്തെ ചെരിപ്പുകടയും ബൂത്തായി കണ്ടെത്തി. 1296 വോട്ടർമാരാണ് ഈ ബൂത്തിലുള്ളത്. വായനശാല ബൂത്തിൽ 645 വോട്ടർമാരും 647 വോട്ട് ചെരിപ്പുകട ബൂത്തിലും.