മുക്കുപണ്ടമെന്ന് കരുതിയത് സ്വർണം; ഉടമക്ക് നൽകി ഓട്ടോ ഡ്രൈവർ
text_fieldsകളമശ്ശേരി: റോഡിൽനിന്ന് മുക്കുപണ്ടമെന്ന് കരുതി വാഹനത്തിൽ എടുത്തിട്ട മാല സ്വർണമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉടമയെ കണ്ടെത്തി മടക്കിനൽകി ഓട്ടോ ഡ്രൈവർ. അമൃത ആശുപത്രിക്കുമുന്നിൽ ഓട്ടോ ഓടിക്കുന്ന പോണേക്കര തോട്ടുങ്ങൽ വീട്ടിൽ നിസാറാണ് നാടിന് മാതൃകയായത്. വെള്ളിയാഴ്ച രാവിലെയാണ് ഓട്ടോ സ്റ്റാൻഡിൽ ഒതുക്കുമ്പോൾ റോഡിൽ മാലകിടക്കുന്നത് നിസാറിെൻറ ശ്രദ്ധയിൽപെടുന്നത്.
മുക്കുപണ്ടമായിരിക്കുമെന്ന് കരുതി വെറുതെ എടുത്ത് ഓട്ടോക്കകത്തിട്ടു. പിന്നീട് ശനിയാഴ്ച എറണാകുളത്ത് ഓട്ടംപോകവേ കൺമുന്നിൽ കണ്ട സ്വർണപ്പണിക്കാരെൻറ മുന്നിൽ മാല വെറുതെയൊന്ന് കാണിച്ചു. പരിശോധനയിൽ സ്വർണമാണെന്നും രണ്ടുപവൻ ഉണ്ടെന്നും പറഞ്ഞതോടെ നിസാർ ഞെട്ടി. ഉടൻ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. ഈ സമയം മാല നഷ്ടപ്പെട്ട അഖിൽ എന്നയാളുടെ പരാതി സ്റ്റേഷനിൽ ലഭിച്ചിരുന്നു. ഇതോടെ സ്റ്റേഷൻ എസ്.ഐ എൽദോയുടെ സാന്നിധ്യത്തിൽ മാല നിസാർ അഖിലിന് കൈമാറി. സി.പി.എം പ്രവർത്തകനായ നിസാറിനൊപ്പം സഹപ്രവർത്തകരായ കെ.വി. അനിൽകുമാർ, പ്രിയദർശൻ, വിജയൻ എന്നിവരും സന്നിഹിതരായിരുന്നു.