കൽപറ്റയില് റോഡ് ഷോക്കിടെ സംഘർഷം
text_fieldsകല്പറ്റ: ഞായറാഴ്ച കൽപറ്റയില് നടന്ന എൽ.ഡി.എഫ് റോഡ് ഷോക്കിടെ സംഘർഷം. കല്പറ്റ പഴയ ബസ്സ്റ്റാൻഡിന് സമീപത്ത് എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ യു.ഡി.എഫ് പ്രവര്‍ത്തകരെ മർദിച്ചതായാണ് ആരോപണം. മുനിസിപ്പല്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററും ജനതാദള്‍ യുനൈറ്റഡ് ജില്ല വൈസ് പ്രസിഡൻറുമായ ലത്തീഫ് മാടായിയെ എല്‍.ജെ.ഡി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് പരാതി. ലത്തീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ തവണ എം.വി. ശ്രേയാംസ്കുമാറിനെതിരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിെൻറ വൈരാഗ്യത്തില്‍ ലത്തീഫിനെ തിരഞ്ഞുപിടിച്ച് മർദിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു.
അതേസമയം, റോഡ് ഷോയിലെ ജനപങ്കാളിത്തം കണ്ട് വിറളിപൂണ്ടാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇത് അലങ്കോലമാക്കാന്‍ ശ്രമിച്ചതെന്ന് എല്‍.ഡി.എഫ് കല്പറ്റ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്മാന് കെ.കെ. ഹംസ, ജനറല്‍ കണ്‍വീനര്‍ കെ. റഫീഖ് എന്നിവര്‍ ആരോപിച്ചു. മൂന്നു യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാത്രം പ്രചാരണ വാഹനത്തില്‍ പഴയ ബസ്സ്റ്റാൻഡിനടുത്തെത്തി റോഡ് ഷോയില്‍ അണിനിരന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മോശം പദങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിക്കുകയായിരുന്നു. ഇതിനെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും ഇവർ പറഞ്ഞു.