'സുരക്ഷിത പുലരി': ഒറ്റ ദിവസം ഈടാക്കിയത് 2.36 ലക്ഷം രൂപ പിഴ
text_fieldsകൽപറ്റ: പുതുവര്‍ഷപ്പുലരി അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച 'സുരക്ഷിത പുലരി' പ്രത്യേക യജ്ഞത്തിൽ 2,36,350 രൂപ പിഴ ഈടാക്കി.
ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റിന്റെയും ജില്ല ആര്.ടി.ഒയുടെയും നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 72 വാഹനങ്ങള്‍ പിടികൂടി. വരും ദിവസങ്ങളിലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ അനൂപ് വര്‍ക്കി, ഓഫിസ് ആര്.ടി.ഒ ഇ. മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.
അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കൽ, കാറുകളിൽ ശരീരഭാഗങ്ങൾ പുറത്തിട്ട് അഭ്യാസപ്രകടനങ്ങൾ നടത്തൽ, അമിതമായി ഹോൺ മുഴക്കൽ, സൈലൻസർ മാറ്റിവെക്കൽ, അതിതീവ്ര ലൈറ്റുപയോഗം എന്നിവക്ക് പിഴയീടാക്കി.
ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രക്കും ശിക്ഷാനടപടികൾ സ്വീകരിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ rtoe12.mvd@kerala.gov.in ഇ-മെയിലിലോ 9188961290 ഫോൺ നമ്പറിലോ പരാതി നൽകാം.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനം പിടികൂടി
കൽപറ്റ: ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വിസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ് വിഭാഗം പിടികൂടി. കൽപറ്റ-സുൽത്താൻ ബത്തേരി റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ അനൂപ് വര്‍ക്കിയുടെ നിർദേശാനുസരണമായിരുന്നു പരിശോധന. കോവിഡ് പശ്ചാത്തലത്തില്‍ നല്കിയ ഇളവുകള്‍ ഡിസംബര്‍ 31ന് മുമ്പ് അവസാനിച്ചിരുന്നു. വാഹനങ്ങള്‍ ഫിറ്റ്നസ് ഈ കാലാവധിക്ക് മുമ്പ് നിര്‍ബന്ധമായും എടുക്കണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കിയിരുന്നു. എം.വി.ഐ സൈയ്ദാലിക്കുട്ടി, എ.എം.വി.ഐമാരായ എം. സുനീഷ്, എ. ഷാനവാസ്, എ. റോണിജോസ്, ജോസ് വർഗീസ് എന്നിവര്‍ നേതൃത്വം നല്കി. വരുംദിവസങ്ങളിലും പരിശോധന തുടരും.