കലാശക്കൊട്ടിന് രാഹുലും പ്രിയങ്കയും വയനാട്ടിൽ; ഏപ്രില്‍ ഒന്നിന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ
text_fieldsകല്‍പറ്റ: യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും വയനാട്ടിലെത്തും. ഏപ്രില്‍ ഒന്നിനാണ് രാഹുല്‍ഗാന്ധി പ്രചാരണത്തിനായി ജില്ലയിലെത്തുക. മാനന്തവാടി, ബത്തേരി നിയോജകമണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തുന്ന രാഹുല്‍ ഗാന്ധി കല്‍പറ്റയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. കൊട്ടിക്കലാശത്തിനാണ് രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ജില്ലയിലെത്തുന്നത്. ഇരുവരും ഒരുമിച്ച് നയിക്കുന്ന റോഡ് ഷോയും ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ നടക്കുമെന്ന് യു.ഡി.എഫ് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും പ്രചരണത്തിനെത്തും. രാവിലെ 10 മണിക്ക് കല്‍പറ്റ മണ്ഡലത്തിലെ പടിഞ്ഞാറത്തറയിലും, 11ന് മാനന്തവാടി കല്ലോടിയിലും,12ന് ബത്തേരി മണ്ഡലത്തിലെ പുല്‍പള്ളിയിലും നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം സംസാരിക്കും.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വയനാട് ജില്ലയെ പൂര്‍ണമായി അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ലയില്‍ ഏറ്റവും അത്യാവശ്യമായിരുന്ന മെഡിക്കല്‍കോളജ് പ്രാവര്‍ത്തികമാക്കാന്‍ അഞ്ച് വര്‍ഷം ഭരിച്ചിട്ടും ഇടതുസര്‍ക്കാരിന് സാധിച്ചില്ല. സൗജന്യമായി ലഭിച്ച സ്ഥലം അനുയോജ്യമല്ലെന്ന് പറയുകയും, പിന്നീട് തരംപോലെ മാറ്റി പറയുകയുമാണുണ്ടായത്. കാലാവധി അവസാനിക്കാന്‍ 60 ദിവസം മാത്രമുള്ളപ്പോള്‍ ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജ് പൂര്‍ത്തീകരിച്ചുവെന്ന് പറയാനാണ് ശ്രമിച്ചതെന്നും യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി.