സർക്കാർ മരംമുറിച്ചു കടത്തി; പൊതുമരാമത്ത് അസി.എൻജിനീയർക്കും കരാറുകാരനുമെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: ഗവ. എൻ.ജി.ഒ ക്വാർട്ടേഴ്സ് വളപ്പിൽനിന്നും അര ലക്ഷത്തിലേറെ രൂപ വിലവരുന്ന മരം മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ ഉൾപ്പെടെ രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എൻജിനീയർ പി. മധു, കരാറുകാരൻ മാവുങ്കാൽ ഹൗസിലെ കെ.ജെ. ജോർജ് എന്നിവർക്കെതിരെയാണ് കേസ്. ബല്ലയിലെ എൻ.ജി.ഒ ക്വാർട്ടേഴ്സ് വളപ്പിൽനിന്നാണ് മരം മുറിച്ചു കടത്തിയത്. 2021 ജനുവരി 21നും 2021 സെപ്റ്റംബർ 19 നുമിടയിലാണ് സംഭവം. എൻജിനീയറുടെ ഒത്താശയോടെ ഒന്നാംപ്രതി കെ.ജെ. ജോർജ് മരം മുറിച്ച് കടത്തിയെന്നാണ് കേസ്. 54,340 രൂപ വില വരുന്ന മരങ്ങളാണ് കടത്തിയത്. കാഞ്ഞങ്ങാട് പൊതുമരാമത്ത് വകുപ്പ് അസി. എക്സി.എൻജിനീയർ പി.എം. യമുനയുടെ പരാതിയിലാണ് കേസെടുത്തത്. വിജിലൻസ് പൊതുമരാമത്ത് വകുപ്പ് അസി. എക്സി. എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിൽ പരാതി നൽകിയത്.