കാഞ്ഞങ്ങാട്ട് സ്വാധീന പഞ്ചായത്തുകളിലും നേട്ടം കൈവരിക്കാൻ കഴിയാതെ കോൺഗ്രസ്
text_fieldsകാഞ്ഞങ്ങാട്: അനുകൂലമാകുമായിരുന്ന ഘടകങ്ങള്‍ ഒരുപാടുണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയതാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ യു.ഡി.എഫിനെ അനിവാര്യമായ പതനത്തിലേക്കെത്തിച്ചത്.
ഒരുകാലത്ത് യു.ഡി.എഫിെൻറ ഉറച്ച വോട്ടുബാങ്കായിരുന്ന മലയോരമേഖല കോൺഗ്രസിനെ പൂർണമായും പിന്തുണച്ചില്ല. രണ്ടുവര്‍ഷം മുമ്പു നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കേവലം 2221 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്.
2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എം.സി. ജോസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ഇ. ചന്ദ്രശേഖരന്‍ നേടിയത് 12,178 വോട്ടിെൻറ ഭൂരിപക്ഷം. 2016 ല്‍ ധന്യ സുരേഷ് മത്സരിച്ചപ്പോള്‍ അത് ഒറ്റയടിക്ക് 26,011 ആയി ഉയര്‍ന്നു. ഇത്തവണ ആയിരത്തിലേറെ വോട്ടുകള്‍ വീണ്ടും വര്‍ധിച്ച് 27,139 വോട്ടുകളായി. യു.ഡി.എഫിെൻറ ഉറച്ച കോട്ടയായ ബളാല്‍, കള്ളാർ പഞ്ചായത്തില്‍ നിന്നും മുന്‍കാലങ്ങളിലെല്ലാം അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നതിെൻറ സ്ഥാനത്ത് ഇത്തവണ ലഭിച്ചത് കേവലം 2184 വോട്ടിെൻറ ഭൂരിപക്ഷമാണ്.
മൂവായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിച്ച കള്ളാര്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ചത് 1299 വോട്ടുകളുടെ മാത്രം ലീഡ്. അതേസമയം എൽ.ഡി.എഫിന് താരതമ്യേന ചെറിയ മുന്‍തൂക്കം മാത്രം അവകാശപ്പെടാവുന്ന പനത്തടി പഞ്ചായത്തില്‍ നിന്നും ഇ. ചന്ദ്രശേഖരന് ലഭിച്ചത് 3497 വോട്ടുകളുടെ ഭൂരിപക്ഷമാണ്. കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നും ഇത്തവണ ലഭിച്ചത് രണ്ടായിരത്തഞ്ഞൂറോളം വോട്ടുകളുടെ മാത്രം ഭൂരിപക്ഷമാണ്.
തൊട്ടടുത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. സുരേഷിെൻറ സ്വന്തം പഞ്ചായത്തായ അജാനൂരില്‍ സാധാരണഗതിയില്‍ എൽ.ഡി.എഫിന് നേരിയ മുന്‍തൂക്കം മാത്രം ലഭിക്കുന്നത് ഇത്തവണ 3802 വോട്ടുകളുടെ മികച്ച ലീഡായി.
ഇടതുകോട്ടകളായ മടിക്കൈയും കോടോം ബേളൂരും കിനാനൂര്‍-കരിന്തളവും പ്രതീക്ഷിച്ചതിനേക്കാളധികം ഭൂരിപക്ഷത്തോടെ എല്‍ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുകയും ചെയ്തു. സി.പി.എം ഭരിക്കുന്ന കിനാനൂർ കരിന്തളത്ത് 5957 വോട്ട് യു.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പാളിച്ചകളും കേരള കോണ്‍ഗ്രസിെൻറ മുന്നണിമാറ്റവുമാണ് മലയോരമേഖലയില്‍ യു.ഡി.എഫ് തീര്‍ത്തും പിന്നാക്കം പോകാന്‍ ഇടയാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.