കടന്നുകൂടി കടന്നപ്പള്ളി
text_fieldsകണ്ണൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രൻ ആഹ്ലാദം പങ്കുവെക്കുന്നു
കണ്ണൂർ: വലതുകോട്ടയിൽ രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാമചന്ദ്രൻ കടന്നപ്പള്ളി. കോൺഗ്രസിലെ സതീശൻ പാച്ചേനിയെ രണ്ടാം തണവയും പരാജയപ്പെടുത്തിയാണ് കടന്നപ്പള്ളി കണ്ണൂരിനെ എൽ.ഡി.എഫിനൊപ്പം ചേർത്തുവെച്ചത്. 1745 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി ജയിച്ചുകയറിയത്. കടന്നപ്പള്ളി 60313 വോട്ട് നേടിയപ്പോൾ സതീശൻ പാച്ചേനിക്ക് 58568 വോട്ട് നേടാനേ ആയുള്ളു. എൻ.ഡി.എയിലെ അർച്ചന വണ്ടിച്ചാൽ 11581 വോട്ടും നേടി. എസ്.ഡി.പി.െഎയിലെ ബി. ശംസുദ്ദീൻ മൗലവി 2069 വോട്ടുനേടി.
2016ലെ തെരഞ്ഞെടുപ്പിൽ 1196 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി പാച്ചേനിയെ തോൽപിച്ചത്. കണ്ണൂരിൽ വിജയം സുനിശ്ചിതമാണെന്നായിരുന്നു ആദ്യഘട്ടത്തിലേ യു.ഡി.എഫ് കണക്കൂകൂട്ടൽ. എന്നാൽ, പ്രതീക്ഷയെല്ലാം അസ്ഥാനത്താക്കി മണ്ഡലം വീണ്ടും ഇടതിനെ തുണക്കുകയായിരുന്നു.
ഇടതു തരംഗവും ഭാഗ്യവുമാണ് കടന്നപ്പള്ളിക്ക് തുണയായത്.
ഡി.സി.സി പ്രസിഡൻറ് എന്ന നിലയിലുള്ള മണ്ഡലത്തിലെ സുപരിചിതത്വവും ജനകീയതയും അനുകൂലമായിട്ടും കണ്ണൂർ മണ്ഡലം പാച്ചേനിയെ കൈവിടുകയായിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 23,423 വോട്ടിെൻറ ഭൂരിപക്ഷമാണ് മണ്ഡലം യു.ഡി.എഫിന് സമ്മാനിച്ചത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 301 ആയി കുറഞ്ഞു. എങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷ വെച്ചുപുലർത്തിയ മണ്ഡലമായിരുന്നു കണ്ണൂർ. ജനവിധി ഇൗ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി.
ജില്ലയിലെ രാഷ്ട്രീയ സ്ഥിരതയില്ലാത്ത മണ്ഡലമെന്ന സവിശേഷത കൂടുതൽ ചേരുന്നതും കണ്ണൂരിനാണ്. ചുവപ്പുകോട്ടയെന്ന് കണ്ണൂർ ജില്ലയെ വിശേഷിപ്പിക്കുേമ്പാഴും സി. കണ്ണനെന്ന കമ്യൂണിസ്റ്റ് നേതാവിനെ മാത്രം നിയമസഭയിലെത്തിച്ച മണ്ഡലമാണ് കണ്ണൂർ. ഇൗ ചരിത്രമാണ് കടന്നപ്പള്ളിയിലൂടെ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലൂടെ തിരുത്തിക്കുറിച്ചത്.
2016ലെ വോട്ടുനില
എൽ.ഡി.എഫ് -രാമചന്ദ്രൻ കടന്നപ്പള്ളി 54347
യു.ഡി.എഫ് -സതീശൻ പാച്ചേനി 53151
ബി.ജെ.പി - കെ.ജി. ബാബു 13215