കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ജീവനക്കാരെ സ്ഥലംമാറ്റാൻ നീക്കം
text_fieldsകരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ
കരുനാഗപ്പള്ളി: റെക്കോഡ് വരുമാനം നിലനിര്‍ത്തിവരുന്ന കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റാന്‍ നീക്കം; പ്രശ്നത്തിൽ ഇടപെട്ട് എം.എൽ.എ. പ്രധാന സര്‍വിസുകളെ ബാധിക്കുംവിധം 12 കണ്ടക്ടർമാരെയാണ് കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ചടയമംഗലം, ഹരിപ്പാട് എന്നീ ഡിപ്പോകളിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നത്. ജീവനക്കാരുടെ അപര്യാപ്തത കാരണം ഷെഡ്യൂളുകൾ റദ്ദാക്കുന്നതിനിടെയാണ് ഇത്രയേറെ ജീവനക്കാരെ ഇവിടെ നിന്ന് സ്ഥലംമാറ്റാൻ ഡയറക്ടർ ഉത്തരവ് നൽകുന്ന നടപടി സ്വീകരിച്ചു വരുന്നത്.
ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദ് ചെയ്യണമെന്നും കൂടുതൽ ജീവനക്കാരെ കരുനാഗപ്പള്ളിയിൽ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനും മാനേജിങ് ഡയറക്ടർക്കും കത്ത് നൽകി. ഏറ്റവും കൂടുതൽ വരുമാനവും യാത്രാക്ലേശവും അനുഭവിക്കുന്ന കരുനാഗപ്പള്ളി ഡിപ്പോയിൽനിന്ന് ജീവനക്കാരുടെ സ്ഥലംമാറ്റം ഒരുകാരണവശാലും അനുവദിക്കരുതെന്ന് എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടു.