കപ്പൽ ദുരന്തത്തിലെ കണ്ടെയ്നറിൽ ഉടക്കി വള്ളങ്ങളിലെ വലകൾ നഷ്ടമായി
text_fieldsകണ്ടെയ്നറിൽ ഉടക്കി വല നഷ്ടപ്പെട്ട ചെറിയഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിനുപോയ
വള്ളങ്ങൾ
കരുനാഗപ്പള്ളി: കൊച്ചിയിൽ ഉണ്ടായ കപ്പൽ അപകടത്തെ തുടർന്ന് കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്നറിൽ ഉടക്കി കരുനാഗപ്പള്ളി ചെറിയഴിക്കയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ട് വള്ളങ്ങളുടെ വലകൾ നഷ്ടപ്പെട്ടു. രണ്ടു വള്ളങ്ങളിലായി 18 ലക്ഷം രൂപയുടെ വലയാണ് നഷ്ടപ്പെട്ടതെന്ന് കണക്കാക്കുന്നു.
ശ്രീകുമാറിന്റെ ഉടമസ്ഥതയിലുള്ള വേലവൻ വള്ളത്തിലെ ആയിരം കിലോയോളം വലയും ചെറിയഴിക്കൽ നിന്നും പണിക്കുപോയ മറ്റൊരു വള്ളമായ മണിയുടെ ഉടമസ്ഥതയിലുള്ള സിന്ദൂരവർണൻ എന്ന വള്ളത്തിലെ 1000 കിലോ ചൂടവലയുമാണ് നഷ്ടപ്പെട്ടത്.16 നോട്ടിക്കൽ മൈൽ കടലിൽ കണ്ടെയ്നറിൽ ഉടക്കിയാണ് ആദ്യ വള്ളത്തിലെ വല നഷ്ടപ്പെട്ടത്. ഇതിനു എട്ടുലക്ഷം രൂപ കണക്കാക്കുന്നു. നീണ്ടകര പോർട്ടിന് തെക്കുവശം 52 നോട്ടിക്കൽ മൈൽ ദൂരത്തുവെച്ചാണ് രണ്ടാമത്തെ വള്ളത്തിലെ വല നഷ്ടമായത്.
ഇതിനു 10 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കപ്പൽ അപകടത്തിനുശേഷം നിരവധി ബോട്ടുകളുടെയും വള്ളങ്ങളുടെയും വൻ തുകക്കുള്ള വലകൾ നഷ്ടപ്പെടുന്നതന്റെ തുടർച്ചയായിട്ടാണ് വെള്ളിയാഴ്ച നടന്ന ഈ സംഭവവും. മത്സ്യത്തൊഴിലാളികൾക്ക് ഭീമമായ തുക നഷ്ടത്തിലാകുന്ന ഈ സാഹചര്യത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ മത്സ്യബന്ധന മേഖല പ്രതിസന്ധിയിലാകും.