ബൈക്ക് റാലിയില്ലെങ്കിലും റോഡ് ഷോയുമായി സ്ഥാനാർഥികൾ
text_fields1. ഉദുമ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പുവിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തിെൻറ ഭാഗമായി പാലക്കുന്നിൽനിന്ന് ഉദുമയിലേക്ക് നടത്തിയ റോഡ് ഷോ
2. പരസ്യ പ്രചാരണത്തിെൻറ അവസാന വേളയിൽ ചെർക്കള ടൗണിൽ പ്രവർത്തകർക്കൊപ്പം
കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ.എ. നെല്ലിക്കുന്ന്
കാസര്‍കോട്: പരസ്യപ്രചാരണം അവസാനിച്ചതോടെ ഇനി നിശ്ശബ്ദപ്രചാരണത്തിലൂടെ വോട്ടുറപ്പിക്കാന്‍ മുന്നണികള്‍. വോട്ടര്‍മാര്‍ ചൊവ്വാഴ്ച പോളിങ് ബൂത്തുകളില്‍ പോകാനിരക്കെ, വീടുകളിലുള്‍പ്പെടെ എത്തി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അവസാനവട്ട വോട്ടുറപ്പിക്കും. കോവിഡിെൻറ പശ്ചാത്തലത്തിൽ കൊട്ടിക്കലാശം പാടില്ലെന്ന തെരഞ്ഞെടുപ്പ് കമീഷന് നിർദേശമുണ്ടായിരുന്നതിനാല്‍ വലിയ റാലികളും വാദ്യമേളങ്ങളുമില്ലാതെയായിരുന്നു ഇത്തവണത്തെ പരസ്യപ്രചാരണത്തിെൻറ കൊടിയിറക്കം.
ബൈക്ക് റാലികളും നിരോധിച്ചിരുന്നു. കർശനമായ വിലക്കിനിടയിലും ആവേശമൊഴിയാതെയാണ് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ കൊട്ടിക്കലാശം അരങ്ങേറിയത്.
കാസർകോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പകൽ കാസർകോട് നഗരത്തിൽ വോട്ടഭ്യർഥിച്ചു. പരസ്യ പ്രചാരണത്തിെൻറ അവസാന വേളയിൽ ചെർക്കള ടൗണിലാണ് എൻ.എ. നെല്ലിക്കുന്ന് റോഡ് ഷോയിൽ വോട്ടഭ്യർഥിച്ചത്. നിരവധി പ്രവർത്തകരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
കാസർകോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.എ. ലത്തീഫ് ഈസ്റ്റർ ദിനമായ ഞായറാഴ്ച വിവിധയിടങ്ങളിലെ ക്രിസ്ത്യൻ പള്ളികൾ സന്ദർശിച്ച് വോട്ടുതേടി. രാവിലെ പുലിക്കുന്ന് പള്ളിയിൽനിന്നാണ് പര്യടനം തുടങ്ങിയത്. ചാല മഖ്ബറയും സന്ദർശിച്ചു. കാസർകോട് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു. എൻ.ഡി.എ സ്ഥാനാർഥി അഡ്വ. കെ. ശ്രീകാന്തിെൻറ പരസ്യ പ്രചാരണം നീർച്ചാലിലാണ് സമാപിച്ചത്.
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി എം. ബൽരാജിെൻറ നേതൃത്വത്തിൽ പ്രചാരണത്തിെൻറ അവസാന മണിക്കൂറിൽ നിരവധി ആളുകളെ പങ്കെടുപ്പിച്ച് നഗരത്തിലൂടെ പ്രകടനം നടത്തി.
ഇത് തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശങ്ങളുടെ ലംഘനമാണെന്നാരോപിച്ച് തൊട്ടുപിന്നാലെ യു.ഡി.എഫ് സ്ഥാനാർഥി പി.വി. സുരേഷിെൻറ നേതൃത്വത്തിലും പ്രകടനം നടന്നു. എൽ.ഡി.എഫ് സ്ഥാനാർഥി ഇ. ചന്ദ്രശേഖരെൻറ പ്രചാരണം ഗൃഹസന്ദർശനങ്ങളും പൊതുയോഗവും നടത്തിയാണ് അവസാനിപ്പിച്ചത്.
ഉദുമ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പുവിെൻറ തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിെൻറ സമാപനത്തിെൻറ ഭാഗമായി പാലക്കുന്നിൽനിന്ന് ഉദുമയിലേക്ക് റോഡ് ഷോ സംഘടിപ്പിച്ചു നൂറുകണക്കിനാളുകൾ അണിനിരുന്നു. രാവിലെ സ്ഥാനാർഥി മുളിയാർ, ചെമ്മനാട്, ഉദുമ, ബേഡഡുക്ക പഞ്ചായത്തുകളിലെ വീടുകളിലും സ്ഥാപനങ്ങളെത്തി വോട്ടഭ്യർഥിച്ചു.
അതിനിടെ, ഉദുമ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയയുടെ പ്രചാരണവാഹനം ഉദുമയിൽ വച്ച് ഒരു സംഘം ആളുകൾ അടിച്ചുതകർത്തതായി പരാതിയുണ്ട്.