അരിതാ ബാബുവിനെ അധിക്ഷേപിച്ചു; ആരിഫ് മാപ്പ് പറയണമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കായംകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എ.എം ആരീഫ് എം.പി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന എം.പിയുടെ പ്രസംഗം ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. അതിനിടെയാണ് പ്രതിപക്ഷ നേതാവിന്‍റെ വിമർശനം.
അരിതാ ബാബു മത്സരിക്കുന്നത് പാല്‍ സൊസൈറ്റിയില്‍ അല്ലെന്ന എം.പിയുടെ പരാമര്‍ശം വിലകുറഞ്ഞതാണ്. പാല്‍ വിറ്റ് ജീവിക്കുന്ന അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശം. ഇതിന് കായംകുളം ജനത തക്കമറുപടി നല്‍കും. എം.പിയുടെ പരാമര്‍ശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. അതിനെ ശക്തമായി അപലപിക്കുന്നതായും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
കായംകുളത്ത് നടന്ന വനിതാ സംഗമത്തില്‍ പ്രസംഗിച്ചപ്പോഴായിരുന്നു ആരിഫിന്റെ വിവാദ പരാമർശം. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് യു.ഡി.എഫ് ഓർക്കണമെന്നാണ് ആരിഫ് എൽ.ഡി.എഫ് പൊതുയോഗത്തിൽ പ്രസംഗിച്ചത്. പരാമർശം അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് കേന്ദ്രങ്ങൾ വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
ആലപ്പുഴ ജില്ല പഞ്ചായത്ത് മുൻ അംഗമായ അരിത ബാബു സംസ്ഥാനത്തെ ഏറ്റവും പ്രായം വനിത കുറഞ്ഞ സ്ഥാനാർഥിയാണ്. കായംകുളത്തെ സിറ്റിങ് എം.എൽ.എ യു.പ്രതിഭയോടാണ് അരിത പോരിനിറങ്ങുന്നത്.