കായംകുളത്ത് ബി.ജെ.പി-ബി.ഡി.ജെ.എസ് ഭിന്നത രൂക്ഷം
text_fieldsകായംകുളം: തെരഞ്ഞെടുപ്പിലെ നിലപാടിനെ ചൊല്ലി കായംകുളത്ത് എൻ.ഡി.എക്കുള്ളിൽ ഭിന്നത രൂക്ഷം. തെരഞ്ഞെടുപ്പിൽ ബി.ജെ.പി കാലുവാരിയതായി ആരോപിച്ച് ബി.ഡി.ജെ.എസ് രംഗത്ത് വന്നതോടെയാണ് ഭിന്നത മറനീക്കിയത്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വത്തിനും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡൻറിനും പരാതി നൽകുമെന്ന് സ്ഥാനാർഥി പ്രദീപ്ലാൽ 'മാധ്യമ'ത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസം കൂടിയ ബി.ഡി.ജെ.എസ് യോഗത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ആദ്യഘട്ടത്തിൽ ആവേശത്തോടെ നിന്നവർ അവസാന ദിനങ്ങളിൽ പിൻമാറിയതിൽ ദുരൂഹതയുണ്ടെന്ന് ബി.ഡി.ജെ.എസ് പറയുന്നു. ബി.ജെ.പിയുടെ ഉത്തരവാദിത്വെപ്പട്ട നേതാക്കൾ സ്വന്തം ബൂത്തുകളിൽ പോലും പ്രചരണത്തിന് ഇറങ്ങിയില്ല. കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകളിൽ പ്രചാരണത്തിൽ ഗുരുതരമായ വീഴ്ച വരുത്തി.
പോസ്റ്ററുകൾ പലയിടത്തും ഒട്ടിച്ചില്ല. അഭ്യർഥനയും മാതൃകബാലറ്റും പല ബി.ജെ.പി നേതാക്കളുടെയും വീട്ടിൽ കെട്ടുകണക്കിന് തന്നെ ഇരിപ്പുണ്ട്. ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിലും അലംഭാവമുണ്ടായി. ബി.ജെ.പി നേതാക്കൾ തമ്മിലുള്ള പിണക്കം മാറ്റുന്നതിന് മാത്രം പ്രചരണത്തിനിടയിൽ നാല് ദിവസം നഷ്ടമായി. ബി.ഡി.ജെ.എസിന് വോട്ട് കുറഞ്ഞാൽ മണ്ഡലം ഏറ്റെടുക്കാമെന്ന ചില ബി.ജെ.പി നേതാക്കളുടെ മോഹമാണ് പ്രചരണത്തിലെയും പ്രവർത്തനത്തിലെയും വീഴ്ചക്ക് കാരണമെന്ന് ബി.ഡി.ജെ.എസ് നേതൃത്വം കുറ്റപ്പെടുത്തുന്നു.
ഇതുസംബന്ധിച്ച വ്യക്തമായ പരാതി അടുത്ത ദിവസം തന്നെ നേതൃത്വത്തിന് കൈമാറുമെന്ന് പ്രദീപ്ലാൽ പറഞ്ഞു. ജാതീയമായ വേർതിരിവുകളുണ്ടാക്കുന്ന സമീപനം പലയിടത്തുമുണ്ടായി. 'വെള്ളാപ്പള്ളിയുടെ സ്വന്തം ആളാണ്' നമ്മുടെ സ്ഥാനാർഥിയെന്ന തരത്തിലാണ് ചില വീടുകളിൽ പരിചയപ്പെടുത്തിയത്. ഇതിന് പിന്നിൽ കൃത്യമായ ദുരുദ്ദേശമാണുണ്ടായിരുന്നത്. ഒപ്പം നിന്നവരെ ചതിക്കുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും പ്രദീപ്ലാൽ പറഞ്ഞു.